മിസൂറി: 2025 പ്രജ്ഞാനന്ദയുടെ വര്‍ഷമാണെന്ന് പറയാം. ടാറ്റാ സ്റ്റീല്‍ ചെസ്, ഗ്രാന്‍റ് ചെസ് ടൂറിന്റെ ഭാഗമായ സൂപ്പര്‍ബെറ്റ് റൊമാനിയ, ഉസ്ബെക്കിസ്ഥാനില്‍ നടന്ന ഊസ് ചെസ് 2025 എന്നീ കിരീടങ്ങള്‍ സ്വന്തമാക്കിയ പ്രജ്ഞാനന്ദ വീണ്ടും ഒരു കിരീടത്തിലേക്ക് കുതിക്കുന്നു. സിന്‍ക്വിഫീല്‍ഡ് കപ്പില്‍ പ്രജ്ഞാനന്ദ എട്ടാം റൗണ്ടില്‍ അമേരിക്കന്‍ ഗ്രാന്‍റ് മാസ്റ്റര്‍ വെസ്ലി സോയുമായി സമനില പാലിച്ചതോടെയാണ് അഞ്ച് പോയിന്‍റോടെ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. അമേരിക്കയുടെ തന്നെ ഫാബിയാനോ കരുവാനയും അഞ്ച് പോയിന്‍റോടെ പ്രജ്ഞാനന്ദയ്‌ക്ക് ഒപ്പമുണ്ട്.
ടൈബ്രേക്കറില്‍ എതിരാളിയെ തോല്‍പിക്കാമെന്നുറപ്പുണ്ട്: പ്രജ്ഞാനന്ദ
ഫ്രഞ്ച് താരം മാസ്കിം വാചിയര്‍ ലെഗ്രാവുമായാണ് ഫാബിയാനോ കരുവാന എട്ടാം റൗണ്ടില്‍ സമനില പാലിച്ചത്. ടൂര്‍ണ്ണമെന്‍റ് ഇനി ഒരു റൗണ്ട് കൂടി മത്സരം ബാക്കിയുണ്ട്. അതിന് ശേഷവും പ്രജ്ഞാനന്ദയും കരുവാനയും സമനിലയിലായാല്‍ ടൈബ്രേക്ക് മത്സരം വേണ്ടിവരും. തനിക്ക് ടൈബ്രേക്കര്‍ എപ്പോഴും അനുഗ്രഹമാണെന്ന് പ്രജ്ഞാനന്ദ പറയുന്നു. 2025ല്‍ നേടിയ മൂന്ന് കിരീടവും ടൈബ്രേക്കറിലൂടെയാണ് പ്രജ്ഞാനന്ദ നേടിയത്. ടാറ്റാ സ്റ്റീല്‍ ചെസ്സില്‍ ട്രൈബ്രേക്കറില്‍ ഗുകേഷിനെ തോല്‍പിച്ചാണ് കിരീടം നേടിയതെങ്കില്‍ സൂപ്പര്‍ബെറ്റ് റൊമാനിയയില്‍ അലിറെസയും മാക്സിം വാചിയര്‍ ലെഗ്രാവും തമ്മിലുള്ള ടൈബ്രേക്കറിലാണ് പ്രജ്ഞാനന്ദ കിരീടം നേടിയത്. ഊസ് ചെസ്സില്‍ ഉസ്ബെക്കിസ്ഥാന്റെ നോഡിര്‍ബെക്ക് അബ്ദുസത്തൊറോവിനെയാണ് പ്രജ്ഞാനന്ദ തോല്‍പിച്ചത്. സിന്‍ക്വിഫീല്‍ഡ് ചെസില്‍ ടൈബ്രേക്കറില്‍ ഫാബിയാനോ കരുവാന വന്നാല്‍ തോല്‍പിക്കുമെന്ന് ആത്മവിശ്വാസത്തിലാണ് പ്രജ്ഞാനന്ദ.
സമനിലകളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് പ്രജ്ഞാനന്ദ
ആഗോളനിലവാരമുള്ള ടൂര്‍ണ്ണമെന്‍റുകളില്‍ തന്റെ പതിവ് ആക്രമണ ശൈലി ഉപേക്ഷിച്ച് സമനിലയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് മത്സരിക്കുന്ന പ്രജ്ഞാനന്ദയെയാണ് കാണുന്നത്. ജയിക്കുമെന്ന് ഉറപ്പുള്ള കളികളില്‍ മാത്രം റിസ്കെടുത്ത് ആക്രമണശൈലി പുറത്തെടുക്കുക എന്നാണ് പ്രജ്ഞാനന്ദയുടെ ഇപ്പോഴത്തെ രീതി. ആകെ എട്ട് റൗണ്ട് മത്സരിച്ചതില്‍ രണ്ട് ജയം മാത്രമാണ് നേടിയത്. ഗുകേഷിനെതിരെയും നോഡിര്‍ബെക് അബ്ദുസത്തൊറോവിനെതിരെയും. ഒരു ടൂര്‍ണ്ണമെന്‍റില്‍ പല റൗണ്ടുകള്‍ കളിക്കേണ്ടി വരുമ്പോള്‍ വിജയത്തിലൂടെ നേടുന്ന ഒരു പോയിന്‍റിന്റെ അത്ര തന്നെ പ്രാധാന്യം സമനിലയിലൂടെ നേടുന്ന അര പോയിന്‍റിനുണ്ടെന്ന് പ്രജ്ഞാനന്ദ പറയുന്നു.
ഗുകേഷിനെ തോല്‍പിച്ച വെസ്ലി സോയെ സമനിലയില്‍ കുരുക്കി പ്രജ്ഞാനന്ദ
ഇറ്റാലിയന്‍ ഓപ്പണിംഗിലായിരുന്നു വെസ്ലി സോയുമായുള്ള കളി. കറുത്ത കരുക്കള്‍ കൊണ്ട് കളിച്ച പ്രജ്ഞാനന്ദ രണ്ട് കുതിരകളെ (നൈറ്റ്) ഉപയോഗിച്ച് പ്രതിരോധം തീര്‍ക്കുന്നതാണ് കണ്ടത്. പണ്ട് ഇതേ ഓപ്പണിംഗില്‍ ജൂലിയസ് ബെയര്‍ കപ്പില്‍ കളിച്ചപ്പോള്‍ 14ാം നീക്കത്തില്‍ ബിഷപ്പിനെ (ആന) ജി5 കളത്തിലേക്ക് നീക്കി പിഴവ് വരുത്തിയ പ്രജ്ഞാനന്ദ ഇക്കുറി 14ാംനീക്കത്തില്‍ കാലാളെ (പോണ്‍) സി5 കള്ളിയിലേക്ക് നീക്കി കൃത്യമായി പ്രതിരോധം തീര്‍ക്കുകയായിരുന്നു. ഒടുവില്‍ റൂക്കും (തേര്) നൈറ്റും (കുതിര) ചേര്‍ന്നുള്ള എന്‍ഡ് ഗെയിമിലേക്ക് പോയാല്‍ പ്രജ്ഞാനന്ദയ്‌ക്ക് നേരിയ മുന്‍തൂക്കം ഉണ്ടാകുമായിരുന്നു. പക്ഷെ പ്രജ്ഞാനന്ദ അനാവശ്യ ആക്രമണത്തിന് മുതിരാതെ സുരക്ഷിതമായ സമനില തെരഞ്ഞെടുത്ത് അര പോയിന്‍റ് ഉറപ്പിക്കുകയായിരുന്നു. ലോകനിലവാരമുള്ള ഒരു ഗ്രാന്‍റ് മാസ്റ്ററായി ഉയരുന്ന പ്രജ്ഞാനന്ദയെയാണ് സിന്‍ക്വിഫീല്‍ഡ് ടൂര്‍ണ്ണമെന്‍റില്‍ കാണുന്നത്.
ഗുകേഷിന് കിരീടസാധ്യതയില്ല
ഇന്ത്യയുടെ ഗുകേഷിന് എട്ടാം റൗണ്ടില്‍ സമനില ലഭിച്ചിരുന്നു. അപകടകാരിയായ അമേരിക്കന്‍ ഗ്രാന്‍റ് മാസ്റ്റര്‍ ലെവോണ്‍ ആരോണിയനുമായാണ് ഗുകേഷ് സമനില പാലിച്ചത്. പക്ഷെ നേരത്തെ രണ്ട് കളികളില്‍ തോറ്റിരുന്നു. പ്രജ്ഞാനന്ദയോടും വെസ്ലി സോയോടുമാണ് ഗുകേഷ് തോറ്റത്. ഇതോടെ ഗുകേഷ് ഈ ടൂര്‍ണ്ണമെന്‍റില്‍ കിരീടസാധ്യതയില്ല. ഗുകേഷ് ഏറെ പിറകിലാണ്.
അവസാനറൗണ്ട് പ്രജ്ഞാനന്ദയ്‌ക്ക് നിര്‍ണ്ണായകം
ഒമ്പതാം റൗണ്ടായ അവസാനറൗണ്ട് പ്രജ്ഞാനന്ദയ്‌ക്ക് നിര്‍ണ്ണായകമാണ്. ഇതില്‍ അമേരിക്കന്‍ ഗ്രാന്‍റ് മാസ്റ്റര്‍ ലെവോണ്‍ ആരോണിയോനെയാണ് പ്രജ്ഞാനന്ദ നേരിടുക. ആരോണിയോനും പ്രജ്ഞാന്ദയെ തോല്‍പിച്ചാല്‍ ഒന്നാം സ്ഥാനത്തേക്ക് ഉയരാന്‍ കഴിയും. അതിനാല്‍ തന്റെ ആവനാഴിയിലെ അപകടകരമായ എല്ലാ ആക്രമണങ്ങളും ആരോണിയോന്‍ പുറത്തെടുക്കും. പ്രജ്ഞാനന്ദ മിക്കവാറും സമനില ആഗ്രഹിച്ച് സുരക്ഷിതമായിട്ടായിരിക്കും കളിക്കുക.
ഇപ്പോള്‍ പ്രജ്ഞാനന്ദയ്‌ക്കൊപ്പം ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഫാബിയാനോ കരുവാനയ്‌ക്ക് ഗുകേഷുമായാണ് അവസാനറൗണ്ട് മത്സരം. ഗുകേഷ് എന്ന ലോകചാമ്പ്യനെ തനിക്ക് പേടിയില്ലെന്ന് ഈയിടെ പ്രസ്താവിച്ച താരം കൂടിയാണ് ഫാബിയാനോ കരുവാന. തനിക്കെതിരെ പ്രസ്താവന ഇറക്കുന്നവരോട് പ്രത്യേകം പ്രതികാരം ചെയ്യുന്ന സ്വഭാവക്കാരനാണ് ഗുകേഷ്. അതിനാല്‍ ഫാബിയാനോ കരുവാനയ്‌ക്ക് തിരിച്ചടി നല്‍കാന്‍ ഗുകേഷ് അങ്ങേയറ്റം ശ്രമിക്കുമെന്നുറപ്പ്. എന്തായാലും സിന്‍ക്വിഫീല്‍ഡ് കപ്പ് അവസാന റൗണ്ടില്‍ എത്തുമ്പോള്‍ കൂടുതല്‍ പിരിമുറുക്കം സമ്മാനിക്കുന്നു.