എഫ്എസ്ഡിഎല്ലിന് പകരം പുതിയ പുതിയ വാണിജ്യ പങ്കാളിയെ എഐഎഫ്എഫ് കണ്ടെത്തണമെന്ന് നിര്‍ദേശം
പുതിയ കരാറുകാരെ ലേലത്തിലൂടെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ ജസ്റ്റീസ് നാഗേശ്വര റാവുവിന്റെ മേല്‍നോട്ടത്തിലാകണം
ന്യൂദല്‍ഹി: അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍(എഐഎഫ്എഫ്) മുന്നില്‍ നിന്ന് നടത്തുന്ന ഇന്ത്യന്‍ സൂപര്‍ ലീഗ്(ഐഎസ്എല്‍) ഫുട്‌ബോള്‍ അടക്കമുള്ള മത്സരങ്ങളുമായി മുന്നോട്ട് പോകാമെന്ന് സൂപ്രീം കോടതി. എഐഎഫ്എഫ് പുതിയ ഭരണ ഘടന നടപ്പില്‍ വരുത്തി അതു പ്രകാരം പ്രവര്‍ത്തിച്ചു തുടങ്ങേണ്ടതുണ്ട്, അക്കാര്യങ്ങളെല്ലാം കോടതിയുടെ പരിഗണനിയിലാണ്. അതിന്റെ കാല താമസം രാജ്യത്ത വലിയ ഫുട്‌ബോള്‍ മാമാങ്കങ്ങള്‍ നിര്‍ത്തിവയ്‌ക്കേണ്ട ആവശ്യമില്ലെന്ന് സൂപ്രീം കോടതി അറിയിച്ചു.
പക്ഷെ എഐഎഫ്എഫിന് പുതിയ വാണിജ്യ പങ്കാളിയെ കണ്ടെത്തേണ്ടിവരും. നിലവില്‍ എഫ്എസ്ഡിഎല്ലുമായുള്ള മാസ്റ്റര്‍ റൈറ്റ്‌സ് എഗ്രിമെന്റ്(എംആര്‍എ) പുതുക്കാന്‍ എഐഎഫ്എഫിന് കഴിയാത്തതാണ് ഐഎസ്എല്‍ മുടങ്ങുന്നതിലേക്ക് വഴിവച്ച വസ്തുത.
എഐഎഫ്എഫുമായി ബന്ധപ്പെട്ട കേസും പുതി ഭരണ ഘടന രൂപീകരിക്കുന്നതടക്കമുള്ള വിഷയങ്ങളും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തില്‍ എംആര്‍എയുമായി എഐഎഫ്എഫിന് മുന്നോട്ട് പോകാനാകില്ല. അതിനാലാണ് ഐഎസ്എല്‍ മുടങ്ങാതിരിക്കാന്‍ പുതിയ വാണിജ്യ പങ്കാളിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ലേല നടപടിയിലൂടെയായിരിക്കണം വാണിജ്യ പങ്കാളിയെ കണ്ടെത്തേണ്ടത്. ലേല നടപടികള്‍ റിട്ടയേര്‍ഡ് സുപ്രീം കോടതി ജഡ്ജ് ജസ്റ്റീസ് എല്‍. നാഗേശ്വര റാവു മേല്‍നോട്ടത്തിലായിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ലേലനടപടികള്‍ അടുത്ത മാസം 15ന് മുമ്പ് പൂര്‍ത്തിയാകണമെന്നും സുപ്രീം കോടതി നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
ഐഎസ്എല്‍ എന്ന ആശയം തുടങ്ങി 2010 മുതല്‍ തുടങ്ങിയതാണ് എഫ്എസ്ഡിഎല്ലും എഐഎഫ്എഫും തമ്മിലുള്ള ബാന്ധവം. ഇക്കൊല്ലം ഡിസംബര്‍ എട്ടോടെയാണ് ഇരുവരും തമ്മിലുള്ള എംആര്‍എ കരാര്‍ കാലാവധി അവസാനിക്കുക. ഇതാണ് ഇക്കൊല്ലത്തെ ഐഎസ്എല്‍ അനിശ്ചിത്വത്തിലേക്കെത്തിയതിന് പ്രധാന കാരണമായത്.