
ഹിസോര്‍(താജിക്കിസ്ഥാന്‍): കാഫാ നേഷന്‍സ് ഫുട്‌ബോളില്‍ ഭാരത ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ നിര്‍ണായക പോരാട്ടത്തിന്. വൈകീട്ട് 5.30ന് നടക്കുന്ന മത്സരത്തില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ നേരിടുന്നത് അഫ്ഗാനിസ്ഥാനൊയിരിക്കും.
കഴിഞ്ഞ മത്സരത്തില്‍ കരുത്തരായ ഇറാനോട് ഏറ്റുമുട്ടി പരാജയപ്പെട്ട ഭാരതം പട്ടികയില്‍ മൂന്ന് പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. കളിച്ച രണ്ട് കളികളും ജയിച്ച ഇറാന്‍ ആറ് പോയിന്റുമായി മുന്നിലുണ്ട്. അവര്‍ മുന്നേറ്റം ഏറെക്കുറേ ഉറപ്പിച്ചുകഴിഞ്ഞു.
മൂന്നാം സ്ഥാനത്താണെങ്കിലും ഭാരതം നേടിയത്ര പോയിന്റാണ് ആതിഥേയരായ താജിക്കിസ്ഥാനുള്ളത്. ഗോള്‍ വ്യത്യാസം ഭാരതത്തിന് ഗുണം ചെയ്യുകയായിരുന്നു. ഇന്നത്തെ കളിയില്‍ ജയിച്ചെങ്കില്‍ മാത്രമേ ഭാരതത്തിന് ചാമ്പ്യന്‍ഷിപ്പില്‍ മുന്നോട്ട് പോകാനാകൂ.
ആദ്യ മത്സരത്തില്‍ താജിക്കിസ്ഥാനെ നേരിട്ട ഭാരതം 2-1ന് വിജയിച്ചു. രണ്ടാം മത്സരത്തില്‍ 0-3ന് ഇറാനോട് പരാജയപ്പെട്ടു. ഗ്രൂപ്പ് ബിയില്‍ ആണ് ഭാരതം ഉള്‍പ്പെട്ടിരിക്കുന്നത്. ഗ്രൂപ്പിലെ അവസാന മത്സരം രാത്രി ഒമ്പതിന് താജിക്കിസ്ഥാനും ഇറാനും തമ്മിലാണ്.
പരിക്കേറ്റ ഭാരത പ്രതിരോധ താരം സന്ദേശ് ജിങ്കാന്‍ ഇന്നത്തെ മത്സരത്തില്‍ കളിച്ചേക്കില്ല. ഇറാനെതിരായ കഴിഞ്ഞ മത്സരത്തിനിടെ താരത്തിന് പരിക്കേറ്റിരുന്നു. പ്രതിരോധത്തില്‍ ജിങ്കാന്റെ കുറവ് ഭാരതത്തിന് വലിയ പ്രതിസന്ധിയായിരിക്കും. കാഫാ നേഷന്‍സില്‍ ആദ്യ മത്സരത്തില്‍ താജിക്കിസ്ഥാനെതിരെ വിജയ ഗോള്‍ നേടിയത് സന്ദേശ് ജിങ്കാന്‍ ആയിരുന്നു. പരിക്ക് സാരമുള്ളതാണെന്നും ടൂര്‍ണമെന്റ് മൊത്തത്തില്‍ നഷ്ടമാകുമെന്നുമാണ് പുറത്തു വരുന്ന വിവരം.









