
സമര്‍ഖണ്ഡ് (ഉസ്ബെകിസ്ഥാന്‍) : ഉസ്ബെകിസ്ഥാനിലെ സമര്‍ഖണ്ഡില്‍ നടക്കുന്ന ആഗോള ചെസ് ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന ഫിഡെ ഗ്രാന്‍റ് സ്വിസ് 2025 ടൂര്‍ണ്ണമെന്‍റില്‍ ഡി.ഗുകേഷിന് രണ്ടാം ജയം. ഇതോടെ മൂന്ന് റൗണ്ടുകളില്‍ നിന്നായി ഗുകേഷ് രണ്ടര പോയിന്‍റ് നേടി. ആദ്യ രണ്ട് റൗണ്ടുകളില്‍ ഒരു ജയവും ഒരു സമനിലയുമായി പ്രജ്ഞാനന്ദയും ഒപ്പമുണ്ട്. മൂന്നാം റൗണ്ടില്‍ എതിരാളിയായ ഗെല്‍ഫാന്‍റ് മത്സരത്തില്‍ സമനില ചോദിച്ചെങ്കിലും അതിന് വഴങ്ങാതെ പ്രജ്ഞാനന്ദ മുന്നേറുകയാണ്.
പക്ഷെ ടൂര്‍ണ്ണമെന്‍റില്‍ റഷ്യയുടെ ആന്‍റണ്‍ ഡെം ചെങ്കോ, ഫ്രാന്‍സിന്റെ അലിറെസ ഫിറൂഷ, ഇറാന്റെ പര്‍ഹാം മഗ്സൂദലു എന്നിവര്‍ ആദ്യ രണ്ട് റൗണ്ടുകളിലും വിജയിച്ച് രണ്ടാം റൗണ്ട് കഴിഞ്ഞപ്പോള്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്.
ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സിക്കും രണ്ട് കളികളില്‍ ഒരു ജയവും ഒരു സമനിലയും ഉള്‍പ്പെടെ ഒന്നര പോയിന്‍റുണ്ട്. ഇത്തവണ ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് വനിതകളുടെ വിഭാഗത്തിലല്ലാതെ പുരുഷന്മാരോടൊപ്പമാണ് മത്സരിക്കുന്നത്. രണ്ട് കളികളില്‍ ഒരു തോല്‍വി പിണഞ്ഞതോടെ രണ്ട് റൗണ്ടില്‍ നിന്നും അര പോയിന്‍റേ ഉള്ളൂ.
വനിതകളില്‍ വൈശാലി കുതിക്കുന്നു
വനിതാ വിഭാഗത്തില്‍ രണ്ട് റൗണ്ട് കഴിഞ്ഞപ്പോള്‍ ഇന്ത്യയുടെ വൈശാലി കുതിക്കുകയാണ്. ആദ്യ രണ്ട് കളികളിലും വൈശാലി ജയം നേടി. ബെലാറൂസ് ചെസ് താരം ഓള്‍ഗ ബദെല്‍കയും ആദ്യ രണ്ട് റൗണ്ടുകളില്‍ ജയിച്ചിട്ടുണ്ട്. മൂന്നാം റൗണ്ടില്‍ ഇവര്‍ രണ്ടു പേരും തമ്മിലാണ് പോര്.









