മനാമ: ബഹ്റൈൻ കേരളീയ സമാജത്തിൻ്റെ ഓണാഘോഷമായ ‘ശ്രാവണം 2025’ -ൻ്റെ ഭാഗമായി സംഘടിപ്പിച്ച ഓണപ്പുടവ മത്സരം കാണികളുടെ മനം കവർന്നു. കുട്ടികളും മുതിർന്നവരുമടങ്ങിയ നിരവധി ടീമുകൾ മത്സരത്തിൽ പങ്കെടുത്തു..
പരമ്പരാഗതമായ ഓണവസ്ത്രങ്ങളെ നൂതന ആശയങ്ങളുമായി സമന്വയിപ്പിച്ച് അവതരിപ്പിച്ച മത്സരാർത്ഥികൾ വേറിട്ടൊരനുഭവമാണ് കാണികൾക്ക് സമ്മാനിച്ചത്.

സർഗ്ഗാത്മകതയും കരവിരുതും ഒത്തുചേർത്ത് തയ്യാറാക്കിയ ഓണപ്പുടവകൾ വേദിയിൽ അണിനിരന്നപ്പോൾ അതൊരു ദൃശ്യവിരുന്നായി മാറി. കസവ് മുണ്ടുകൾ, സെറ്റ് സാരികൾ, പട്ടുപാവാടകൾ, ബ്ലൗസുകൾ എന്നിവ വ്യത്യസ്തമായ രീതിയിൽ അലങ്കരിച്ചും, പരമ്പരാഗത ആഭരണങ്ങൾ ഉപയോഗിച്ചും മത്സരാർഥികൾ തങ്ങളുടെ സൃഷ്ടികൾ മനോഹരമാക്കി.
ആധുനികതയുടെ അതിപ്രസരത്തിൽ അന്യമാകുന്ന നാടൻ പാരമ്പര്യത്തെ ഓർമ്മിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും കേരളത്തിൻ്റെ തനത് പൈതൃകവും സംസ്കാരവും പ്രവാസി സമൂഹത്തിൽ നിലനിർത്തുന്നതിനുമാണ് മത്സരം സംഘടിപ്പിച്ചതെന്ന് സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും പറഞ്ഞു.
കേരളത്തിൻ്റെ തനതായ വസ്ത്രധാരണ രീതിയുടെ സൗന്ദര്യവും ലാളിത്യവും വിളിച്ചോതിയ മത്സരത്തിൽ ടീം സമുദ്ര ഒന്നാം സ്ഥാനവും, ടീം ലൈബ്രറി സ്റ്റാർസ് രണ്ടാം സ്ഥാനവും, ടീം ഹൃദയപൂർവ്വം മൂന്നാം സ്ഥാനവും നേടി. വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. മത്സരത്തിനു മുന്നോടിയായി സമാജം പാഠശാല അധ്യാപകർ അവതരിപ്പിച്ച കൈകൊട്ടിക്കളിയും, ചലച്ചിത്ര ഗാനങ്ങൾ കോർത്തിണക്കി കുട്ടികൾ അവതരിപ്പിച്ച ഗാനമാലികയും അരങ്ങേറി.
വർഗീസ് ജോർജ് (ശ്രാവണം ജനറൽ കൺവീനർ) റിതിൻ രാജ് (പ്രോഗ്രാം കൺവീനവർ)
സൈറ പ്രമോദ്, ബിജോയ് ഭാസ്കർ, അനീഷ് അമ്പലത്തിൽ (ജോയിൻറ് കൺവീനർമാർ) എന്നിവർ മത്സരത്തിൻ്റെ ഏകോപനം നിർവ്വഹിച്ചു









