
സമര്‍ഖണ്ഡ്: ഫിഡെ ഗ്രാന്‍റ് സ്വിസ് ചെസില്‍ എട്ട് റൗണ്ട് തീര്‍ന്നപ്പോള്‍ ഇന്ത്യയുടെ നിഹാല്‍ സരിന് ആറ് പോയിന്‍റോടെ മുന്നില്‍ നില്‍ക്കുകയാണ്. ജര്‍മ്മനിയുടെ മത്യാസ് ബ്ലൂബോമുമായുള്ള മത്സരം സമനിലയില്‍ പിരിഞ്ഞതോടെയാണ് നിഹാല്‍ സരിന് ആറ് പോയിന്‍റായത്.
ആറാം റൗണ്ടില്‍ പ്രജ്ഞാനന്ദയെയും ഏഴാം റൗണ്ടില്‍ ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സിയെയും മത്യാസ് ബ്ലൂബോം തോല്‍പിച്ചിരുന്നു. അപാരഫോമിലാണെങ്കിലും മത്യാസ് ബ്ലൂബോമിന് നിഹാല്‍ സരിനെ തോല്‍പിക്കാനായില്ല. നിഹാല്‍ സരിന് മുന്‍പില്‍ മത്യാസിന് വിജയിക്കാനുള്ള പഴുതുകള്‍ കിട്ടിയില്ല. 21 നീക്കങ്ങളില്‍ തന്നെ ഇരുവരും സമനില സമ്മതിക്കുകയായിരുന്നു. മത്യാസ് ബ്ലൂബോമും ആറ് പോയിന്‍റോടെ നിഹാല്‍ സരിനൊപ്പം ഒന്നാം സ്ഥാനത്തുണ്ട്. ഇനി മൂന്ന് റൗണ്ടുകള്‍ കൂടിയേ ബാക്കിയുള്ളൂ.
ഏഴ് പേര്‍ അഞ്ചര പോയിന്‍റോടെ രണ്ടാം സ്ഥാനത്ത് നിലകൊള്ളുന്നു. ഇതില്‍ ഒരൊറ്റ ഇന്ത്യക്കാരനും ഇല്ല പ്രജ്ഞാനന്ദ, അര്‍ജുന്‍ എരിഗെയ്സി, ഗുകേഷ് എന്നീ മൂന്ന് മുന്‍നിര ഇന്ത്യന്‍ താരങ്ങളും തോല്‍വികള്‍ ഏറ്റുവാങ്ങി പിന്തള്ളപ്പെട്ടുപോവുകയായിരുന്നു. ഇതാണ് ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്ന ഇന്ത്യന്‍ താരം നിഹാല്‍ സരിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്. അലിറെസ ഫിറൂഷ (ഫ്രാന്‍സ്), അഭിമന്യു മിശ്ര (യുഎസ്), പര്‍ഹാം മഗ്സൂദലു (ഇറാന്‍), ഹാന്‍സ് നീമാന്‍ (യുഎസ്), നോഡിര്‍ബെക് അബ്ദുസത്തൊറോവ് (ഉസ്ബെകിസ്ഥാന്‍), അനീഷ് ഗിരി (ഡച്ച്), വിന്‍സെന്‍റ് കെയ്‌മര്‍ (ജര്‍മ്മനി) എന്നിവരാണ് അഞ്ചര പോയിന്‍റ് ഉള്ളവര്‍.
അതുവരെ മുന്നില്‍ നിന്നിരുന്ന ഇറാന്റെ പര്‍ഹാം മഗ്സൂദലുവിനെ ഏഴാം റൗണ്ടില്‍ തകര്‍ത്തതോടെയാണ് നിഹാല്‍ സരിന് ഒന്നാം സ്ഥാനത്തേക്ക് കയറാനായത് . ഇതോടെ അപാര ആത്മവിശ്വാസം നിഹാല്‍ സരിനുണ്ട്.
പ്രജ്ഞാനന്ദയും എരിഗെയ്സിയും ഗുകേഷും പതറുമ്പോള്‍
ഇക്കുറി കടുത്ത പോരാട്ടം നടക്കുന്ന ടൂര്‍ണ്ണമെന്‍റില്‍ ഇന്ത്യയുടെ പ്രജ്ഞാനന്ദയും ഗുകേഷും അര്‍ജുന്‍ എരിഗെയ്സിയും തോല്‍വികള്‍ ഏറ്റുവാങ്ങുകയാണ്. ഗുകേഷ് തുടര്‍ച്ചയായി മൂന്ന് കളികളില്‍ തോറ്റു. യുഎസിന്റെ 16 കാരന്‍ അഭിമന്യു മിശ്ര, ലോകറാങ്കില്‍ വെറും 82ാം റാങ്കു മാത്രമുള്ള ഗ്രീസിന്റെ നികോളാസ് തിയോഡോറെ, വെറും 16 വയസ്സുമാത്രം പ്രായമുള്ള തുര്‍ക്കിയുടെ ഗുറേല്‍ എന്നിവരോട് തോല്‍വി ഏറ്റുവാങ്ങിയ ഗുകേഷ് അഞ്ചാം സ്ഥാനത്താണ്. എട്ടാം റൗണ്ടില്‍ ഇന്ത്യയുടെ ദിവ്യ ദേശ്മുഖിനും ഗുകേഷിന് സമനില വഴങ്ങേണ്ടി വന്നു. ഫിഡെ ഗ്രാന്‍റ് സ്വിസില്‍ കളിമറന്നവനെപ്പോലെയാണ് ലോകചെസ് ചാമ്പ്യനായ ഗുകേഷ് കളിക്കുന്നത്.
നാല് റൗണ്ട് വരെ മികച്ച രീതിയില്‍ മുന്നേറുകയായിരുന്ന പ്രജ്ഞാനന്ദയും നിര്‍ണ്ണായകമായ അഞ്ചാം റൗണ്ടില്‍ ജര്‍മ്മനിയുടെ മത്യാസുമായി തോല്‍വി ഏറ്റുവാങ്ങിയതോടെ പിന്നിലായി. അര്‍ജുന്‍ എരിഗെയ്സിയും മത്യാസുമായുള്ള കളിയില്‍ തോറ്റതോടെ പിന്നിലായി. ഇപ്പോള്‍ ഇന്ത്യയുടെ പ്രതീക്ഷയായി മാറുന്നത് നിഹാല്‍ സരിന്‍ തന്നെയാണ്. അതുവരെ സ്പീഡ് ചെസ്സില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന നിഹാല്‍ സരിന്‍ ഇപ്പോള്‍ ക്ലാസിക്കല്‍ ചെസ്സിലേക്ക് മടങ്ങി വരാന്‍ ശ്രമിക്കുകയാണ്. ഓരോ കരുനീക്കങ്ങള്‍ക്കും കൂടുതല്‍ സമയം അനുവദിക്കുന്ന രീതിയാണ് ക്ലാസിക്കല്‍ ചെസ്സിന്‍റേത്. ആദ്യ 40 നീക്കങ്ങള്‍ക്ക് ഒന്നര മണിക്കൂര്‍ അനുവദിക്കും. ബുള്ളറ്റ് ചെസ് അനായാസം കളിക്കുന്ന നിഹാല്‍ സരിന് ആദ്യമൊക്കെ ക്ലാസിക്കല്‍ ചെസ് ബുദ്ധിമുട്ടായിരുന്നു. കാരണം കരുനീക്കങ്ങള്‍ക്കിടയിലുള്ള നീണ്ട ഇടവേള ഏറെ ക്ഷമ ആവശ്യപ്പെടുന്നു. സ്പീഡ് ചെസ്സ് കളിച്ച് ക്ഷമയുടെ കാര്യത്തില്‍ അല്‍പം പിന്നിലായ നിഹാല്‍ ഇപ്പോള്‍ ഓരോ കരുനീക്കങ്ങള്‍ക്കു ശേഷവും സീറ്റില്‍ നിന്നും ഏഴുന്നേറ്റ് പോകുന്നത്. കാണാം. എതിരാളി കരുനീക്കിയാലുടന്‍ തീരിച്ചുവന്ന് കരുനീക്കും. അതാണ് നിഹാലിന്റെ ശൈലി. ഏഴാം റൗണ്ടില്‍ മഗ്സൂദലുവിന് നിഹാല്‍ സരിന്റെ ആക്രമണങ്ങള്‍ക്ക് മുന്‍പില്‍ പിടിച്ചുനില്‍ക്കാന്‍ കൂടുതല്‍ അധികം ചിന്തിച്ച് സമയം കളഞ്ഞിരുന്നു. അതിനാല്‍ തന്നെ പലപ്പോവും മഗസൂദലു സമയപ്പിഴവ് വരുത്തി. അതേ സമയം അതിവേഗം കരുക്കള്‍ നീക്കുന്ന നിഹാല്‍ സരിന്‍ അനായാസമാണ് ഈ കളിയില്‍ വിജയം കൊയ്തത്.
വൈശാലിയെ വീഴ്‌ത്തി ബിബിസാര
വനിതകളുടെ മത്സരത്തില്‍ ഏഴാം റൗണ്ട് വരെ മുന്നില്‍ നിന്നിരുന്ന വൈശാലി പക്ഷെ എട്ടാം റൗണ്ടില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തുള്ളപ്പെട്ടു. എട്ടാം റൗണ്ടില്‍ കസാഖിസ്ഥാന്റെ ബിബിസാര അസോബയേവയാണ് വൈശാലിയുടെ കുതിപ്പിന് തടയിട്ടത്. ബോഗോ ഇന്ത്യന്‍ ഡിഫന്‍സില്‍ കളിച്ച ബിബിസാര 39 നീക്കങ്ങളില്‍ വൈശാലിയെ അടിയറവ് പറയിച്ചു. വൈശാലിക്ക് ആറ് പോയിന്‍റാണെങ്കില്‍ റഷ്യയുടെ കാതറിന്‍ ലഗ്നോ ആറര പോയിന്‍റോടെ ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്. ബിബിസാരയും ആറ് പോയിന്‍റോടെ രണ്ടാം സ്ഥാനത്ത് വൈശാലിക്കൊപ്പം നില്‍ക്കുന്നു. ചൈനയുടെ സോംഗ് യുക്സിനും ആറ് പോയിന്‍റുണ്ട്.
പ്രജ്ഞാനന്ദയ്‌ക്ക് വിജയം
ആറാം റൗണ്ടില്‍ ജര്‍മമനിയുടെ മത്യാസുമായി തോല്‍വി ഏറ്റുവാങ്ങിയ പ്രജ്ഞാനന്ദ പക്ഷെ തൊട്ടടുത്ത ഏഴാം റൗണ്ടില്‍ തിരിച്ചടിച്ചു. ഇസ്രയേല്‍ ഗ്രാന്‍റ് മാസ്റ്റര്‍ മാക്സിം റോഷ്സ്റ്റീനെയാണ് പ്രജ്ഞാനന്ദ ഏഴാം റൗണ്ടില്‍ തോല്‍പിച്ചത്. കഴിയുന്നത്ര തോല്‍വി ഒഴിവാക്കുക എന്നതാണ് പ്രജ്ഞാനന്ദയുടെ ഗെയിം പ്ലാന്‍ എന്ന് തോന്നുന്നു. ഹംഗേറിയന്‍ ഗ്രാന്‍റ് മാസ്റ്റര്‍ റിച്ചാര്‍ഡ് റാപ്പോര്‍ട്ടുമായുള്ള പ്രജ്ഞാനന്ദയുടെ എട്ടാം റൗണ്ട് പോരാട്ടം അതിനാല്‍ സമനിലയില്‍ അവസാനിച്ചു. വലിയ ആക്രമണശൈലിയൊന്നും പ്രജ്ഞാനന്ദ പുറത്തെടുത്തില്ല. പലപ്പോഴും വിജയം വേണമെന്ന് വല്ലാതെ കൊതിക്കുമ്പോഴാണ് തോല്‍വിലിയേക്ക് വീണുപോകുന്നത്.
ഇപ്പോള്‍ പ്രജ്ഞാനന്ദയ്‌ക്ക് അഞ്ച് പോയിന്‍റുണ്ട്. പത്ത് മൂന്നാം സ്ഥാനക്കാരില്‍ ഒരാള്‍ മാത്രമാണ് പ്രജ്ഞാനന്ദ. ഇന്ത്യക്കാരായ പ്രണവ് വെങ്കടേഷ്, അര്‍ജുന്‍ എരിഗെയ്സി, വിദിത് ഗുജറാത്തി എന്നിവര്‍ക്കും അഞ്ച് പോയിന്‍റുകള്‍ വീതമുണ്ട്. ആകെ മൂന്നര പോയിന്‍റ് മാത്രമുള്ള ഗുകേഷ് ഏറെ പിന്നിലാണ്.









