ഇസ്രയേൽ ഗാസയിൽ നടത്തുന്ന വംശഹത്യക്ക് തക്കതായ മറുപടി ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും ലോകത്തെ ബഹുഭൂരിപക്ഷം വരുന്ന സ്വന്തം മനസാക്ഷിയോട് നീതിപുലർത്തുന്ന മനുഷ്യർ. അത്തരത്തിൽ ലോകം മുഴുവൻ ഇസ്രയേലിന് എതിരുനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ പ്രസ്താവനകളുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തിയിരിക്കുന്നത്. ഇസ്രയേൽ ലോകരാജ്യങ്ങളിൽ നിന്നും കടുത്ത ഒറ്റപ്പെടൽ നേരിടുകയാണെന്നും, ഈ സാഹചര്യം വർഷങ്ങളോളം നീണ്ടുനിന്നേക്കാമെന്നുമാണ് നെതന്യാഹു തുറന്ന് സമ്മതിച്ചത്.
ഇസ്രയേലിന്റെ സാമ്പത്തികവും സൈനികവുമായ ഭാവിയെക്കുറിച്ച് നെതന്യാഹു നടത്തിയ ഈ പ്രസ്താവനകൾ, ഗാസ യുദ്ധം ഇസ്രയേലിൻ്റെ ആഭ്യന്തരവും അന്തർദേശീയവുമായ നിലപാടുകൾക്ക് എത്രത്തോളം കോട്ടം വരുത്തി എന്നതിൻ്റെ വ്യക്തമായ സൂചന നൽകുന്നു.
‘ഓട്ടാർക്കി’യിലേക്കുള്ള വഴി
ഇസ്രയേലിൽ സ്വതന്ത്ര കമ്പോളത്തിന് വേണ്ടി വാദിച്ചിരുന്ന ആളായിരുന്നു നെതന്യാഹു. എന്നാൽ നിലവിലെ സാഹചര്യം അതിനു അനുവദിക്കുന്നില്ലെന്നും, ഇപ്പോൾ രാജ്യത്തെ സാമ്പത്തിക നയം ‘ഓട്ടാർക്കി’ (autarky) അഥവാ സ്വയംപര്യാപ്തതയിലേക്ക് മാറേണ്ടിവരുമെന്നും നെതന്യാഹു പറയുന്നു. ബാഹ്യവ്യാപാരത്തെ ആശ്രയിക്കാതെ, ആഭ്യന്തര ഉത്പാദനത്തെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകേണ്ടി വരുന്ന അവസ്ഥയാണിത്. പ്രത്യേകിച്ചും, ആയുധ വ്യാപാര മേഖലയിൽ ഈ മാറ്റം പ്രകടമാകും. ഫ്രാൻസ്, നെതർലാൻഡ്‌സ്, ബ്രിട്ടൻ, സ്പെയിൻ, ഇറ്റലി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ ഇസ്രയേലിനെതിരെ ഭാഗികമായോ പൂർണ്ണമായോ ആയുധ ഉപരോധം ഏർപ്പെടുത്തിയതാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം. അമേരിക്കയിൽ നിന്ന് മാത്രമാണ് ഇപ്പോഴും കാര്യമായ നിയന്ത്രണങ്ങളില്ലാതെ ആയുധങ്ങൾ ലഭിക്കുന്നത്. ഇത് ഇസ്രയേലിനെ സ്വന്തം ആയുധ വ്യവസായം വികസിപ്പിക്കാൻ നിർബന്ധിതമാക്കുന്നു.
നെതന്യാഹുവിൻ്റെ വാക്കുകളിൽ പറഞ്ഞാൽ, “നമ്മൾ ഏഥൻസും സൂപ്പർ സ്പാർട്ടയും ചേർന്നതുപോലെയാകേണ്ടി വരും.” സാമ്പത്തികമായും സാംസ്കാരികമായും ശക്തമായ ഒരു രാജ്യമായിരിക്കുമ്പോൾ തന്നെ, സൈനികമായി സ്വയംപര്യാപ്തത നേടേണ്ട അവസ്ഥയെയാണ് നെതന്യാഹു ഇതിലൂടെ സൂചിപ്പിച്ചത്. ലോകരാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെട്ട് നിൽക്കുമ്പോൾ, അതിജീവനത്തിന് ഇത് അത്യാവശ്യമാണെന്നാണ് നെതന്യാഹുവിന്റെ വാദം.
ആഗോള വിമർശനങ്ങളും ആഭ്യന്തര എതിർപ്പുകളും
ഗാസയിലെ യുദ്ധം, പ്രത്യേകിച്ചും ഗാസ സിറ്റിയിൽ ഇസ്രയേൽ നടത്തികൊണ്ടിരിക്കുന്ന സൈനിക നീക്കങ്ങൾ, വലിയ തോതിലുള്ള മരണങ്ങൾക്കും നാശനഷ്ടങ്ങൾക്കും കാരണമാകുമെന്ന് ഐക്യരാഷ്ട്രസഭയും മറ്റ് അന്താരാഷ്ട്ര സംഘടനകളും മുന്നറിയിപ്പ് നൽകിയിരുന്നു. ലോകത്തിന്റെ സകല കോണുകളിൽ നിന്നും ഇസ്രയേൽ വംശഹത്യ നടത്തുകയാണെന്ന് ആരോപണമുയർന്നു. ഇസ്രയേൽ ഈ ആരോപണങ്ങൾ നിഷേധിക്കുന്നുണ്ടെങ്കിലും, ആഗോളതലത്തിൽ രാജ്യത്തിന് വലിയ തോതിലുള്ള പ്രതിരോധമാണ് നേരിടേണ്ടതായി വന്നത്.
ഇതുകൂടാതെ, ആഭ്യന്തര തലത്തിലും നെതന്യാഹുവിനെതിരെ വലിയ എതിർപ്പുകൾ ഉയരുന്നുണ്ട്. ബന്ദികളുടെ കുടുംബങ്ങൾ, സൈനിക മേധാവികൾ, പ്രതിപക്ഷ നേതാക്കൾ എന്നിവരെല്ലാം യുദ്ധം കൂടുതൽ വ്യാപിപ്പിക്കുന്നതിനെ എതിർക്കുന്നവരാണ്. പ്രതിപക്ഷ നേതാവായ യായർ ലാപിഡ്, “ഒറ്റപ്പെടൽ എന്നത് വിധിയല്ല, അത് നെതന്യാഹുവിൻ്റെ തെറ്റായ നയങ്ങളുടെ ഫലമാണ്,” എന്ന് തുറന്നടിച്ചു. മുൻ സൈനിക മേധാവി ഗാദി ഐസെൻകോട്ട്, “ബന്ദികളെ ഉപേക്ഷിച്ചതും ഇസ്രയേലിനെ ഒറ്റപ്പെടുത്തിയതും” നെതന്യാഹുവും അദ്ദേഹത്തിൻ്റെ പങ്കാളികളുമാണെന്ന് കുറ്റപ്പെടുത്തി.
ഈ ആഭ്യന്തര എതിർപ്പുകൾക്കിടയിലും നെതന്യാഹു തൻ്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുകയാണ്. ഇസ്രയേൽ സമ്പദ്‌വ്യവസ്ഥ ശക്തമാണെന്നും, വിദേശ നിക്ഷേപകർക്ക് ഇസ്രയേലിൽ പണം മുടക്കുന്നത് ലാഭകരമാകുമെന്നും നെതന്യാഹു അവകാശപ്പെടുന്നു. യൂറോപ്യൻ രാജ്യങ്ങൾ തങ്ങളുടെ മുസ്ലീം ന്യൂനപക്ഷങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങുന്നുവെന്ന് ആരോപിച്ചുകൊണ്ട്, അവരെ ദുർബലരായ നേതാക്കളെന്ന് പരിഹസിക്കുകയും ചെയ്തു.
ഇസ്രയേൽ നേരിടുന്ന സാമ്പത്തിക തകർച്ച
വർഷങ്ങളോളം ഇസ്രയേൽ സാമ്പത്തികമായി ശക്തമായ ഒരു രാജ്യമായിരുന്നു. അതിൻ്റെ ഉയർന്ന സാങ്കേതികവിദ്യാ വ്യവസായം ലോകപ്രസിദ്ധമാണ്. എന്നാൽ ഗാസ യുദ്ധം ഇസ്രയേലിന്റെ സാമ്പത്തിക മേഖലയ്ക്ക് വലിയ ആഘാതമേൽപ്പിച്ചു. ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയതും ചെലവേറിയതുമായ യുദ്ധമാണിത്. സാമ്പത്തിക ഉപരോധങ്ങളുടെ തുടക്കവും ആയുധ ഇറക്കുമതിയിലെ പ്രശ്നങ്ങളും ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു.
ഇസ്രയേൽ നേരിടുന്ന ഈ ‘ഒറ്റപ്പെടൽ’ എന്നത് കേവലം രാഷ്ട്രീയമോ നയതന്ത്രപരമോ ആയ ഒരു പ്രശ്നമല്ല. മറിച്ച് ലോകം മുഴുവൻ ആഗ്രഹിക്കുന്ന ഒന്നാണ്. ഗാസയിലെ കുഞ്ഞുങ്ങളുടെയും മനുഷ്യരുടെയും കണ്ണുനീർ കാണുന്ന മനഃസാക്ഷിയുള്ള ഒരു മനുഷ്യനും മറിച്ചൊരു വിധി ആഗ്രഹിക്കുന്നില്ല. ഇസ്രയേലിന്റെ ഈ ഒറ്റപ്പെടൽ രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെയും സൈനികശേഷിയെയും ജനങ്ങളുടെ ഭാവിയെയും നേരിട്ട് ബാധിക്കുന്ന ഒന്നാണ്. ഇസ്രയേലിന്റെ ആക്രമണങ്ങളിൽ ജീവനും ജീവിതവും, പാർപ്പിടവും നഷ്ടപ്പെട്ട മനുഷ്യരുടെ ദുരിതങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇസ്രയേലിന്റെ ഒറ്റപ്പെടൽ ഒന്നുമല്ല. ലോകത്തോട് ക്രൂരത മാത്രം പ്രവർത്തിക്കുന്ന ഒരു രാജ്യത്തിന് ലഭിക്കേണ്ടുന്ന തീർത്തും അർഹമായ തിരിച്ചടി തന്നെയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
The post “ഞങ്ങളോട് ഇങ്ങനെയൊന്നും ചെയ്യരുത്”, ലോകം ഒറ്റപ്പെടുത്തുന്നതിൽ പരാതി പറഞ്ഞ് നെതന്യാഹു appeared first on Express Kerala.