
ന്യൂദൽഹി : ഏഷ്യാ കപ്പിനിടെ പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾക്ക് കൈ കൊടുക്കാൻ ഇന്ത്യൻ താരങ്ങൾ വിസമ്മതിച്ചതിനെക്കുറിച്ചും കളിക്കളത്തിൽ പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ കാണിച്ച ആംഗ്യങ്ങളെക്കുറിച്ചും പരാമർശങ്ങൾ നടത്തി കോൺഗ്രസ് എംപി ശശി തരൂർ. എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായങ്ങൾ പങ്കുവച്ചത്.
” കളിക്കാൻ തീരുമാനിച്ചതിന് ശേഷം, പാകിസ്ഥാനെതിരെ നമുക്ക് ശക്തമായ വികാരമുണ്ടെങ്കിൽ നമ്മൾ കളിക്കരുതായിരുന്നു എന്ന് എനിക്ക് വ്യക്തിപരമായി തോന്നുന്നു. എന്നാൽ നമ്മൾ അവരുമായി കളിക്കാൻ പോകുകയാണെങ്കിൽ, കളിയുടെ ആത്മാവിൽ കളിക്കണം, അവരുമായി ഹസ്തദാനം നടത്തണമായിരുന്നു. 1999-ൽ കാർഗിൽ യുദ്ധം നടക്കുമ്പോൾ നമ്മൾ ഇത് മുമ്പ് ചെയ്തിട്ടുണ്ട്. നമ്മുടെ രാജ്യത്തിനായി സൈനികർ മരിക്കുന്ന ദിവസം ഇംഗ്ലണ്ടിൽ പാകിസ്ഥാനെതിരെ ലോകകപ്പ് കളിക്കുകയായിരുന്നു നമ്മൾ. കളിയുടെ ആത്മാവ് രാജ്യങ്ങൾക്കിടയിലും സൈന്യങ്ങൾക്കിടയിലും മറ്റും നടക്കുന്നതിൽ നിന്ന് വ്യത്യസ്തമായ ഒരു ആത്മാവായതിനാൽ നമ്മൾ അന്നും അവർക്ക് ഹസ്തദാനം നടത്തിയിരുന്നു. അതാണ് എന്റെ കാഴ്ചപ്പാട്,” – തരൂർ പറഞ്ഞു.
കൂടാതെ ആദ്യമായി അപമാനിക്കപ്പെട്ടതിന് ശേഷം പാകിസ്ഥാൻ ടീം രണ്ടാമതും നമ്മളെ അപമാനിക്കാൻ തീരുമാനിച്ചാൽ, അത് ഇരുവശത്തും സ്‌പോർട്‌സ്മാൻഷിപ്പിന്റെ അഭാവത്തെ സൂചിപ്പിക്കുന്നുവെന്നും തരൂർ കൂട്ടിച്ചേർത്തു.









