
കോഴിക്കോട്: കേരള സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ ആദ്യ സീസണില്‍ നിരാശപ്പെടുത്തിയ മലപ്പുറം എഫ്സി രണ്ടാം സീസണില്‍ മികച്ച പോരാട്ടത്തിനായി ഒരുങ്ങി. സീസണിന് മുന്നോടിയായി കഴിഞ്ഞ ദിവസം ടീം ലോഞ്ചിങ്ങും ജേഴ്സി പ്രകാശനവും മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടന്നു. ഒക്ടോബര്‍ മൂന്നിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ തൃശൂര്‍ മാജിക് എഫ്സിയുമായാണ് മലപ്പുറം എഫ്സിയുടെ രണ്ടാം സീണിലെ ആദ്യ മത്സരം.
ആദ്യ സീസണില്‍ കളിച്ച 10 കളികളില്‍ രണ്ടില്‍ മാത്രം ജയിക്കാനായ അവര്‍ നാല് സമനിലയും നാല് തോല്‍വിയുമടക്കം ആറ് ടീമുകള്‍ കളിച്ച ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചാമതായാണ് ഫിനിഷ് ചെയ്തത്. അതില്‍ നിന്ന് വിപരീതമായി ഈ സീസണില്‍ മികച്ച താരങ്ങളെ ടീമിലെത്തിച്ച് അവര്‍ തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട്. ഇത്തവണ അവര്‍ ടീമിലെത്തിച്ച സൂപ്പര്‍ താരം ഐഎസ്എല്ലിലെ ഗോളടിയന്ത്രമായ റോയ് കൃഷ്ണയാണ്. ടീമിന്റെ മുഖ്യ ആകര്‍ഷണവും ഈ ഫിജി താരം തന്നെയാണ്. 2019 മുതല്‍ 2025 വരെ ഐഎസ്എല്ലില്‍ വിവിധ ക്ലബ്ബുകള്‍ക്കായി കളിച്ച റോയ് കൃഷ്ണ നിരവധി ഗോളുകള്‍ അടിച്ചുകൂട്ടി. എടികെ മോഹന്‍ബഗാന്‍, ബെംഗളൂരു എഫ്‌സി, ഒഡീഷ എഫ്‌സി എന്നിവര്‍ക്കായി ഗോള്‍വല കുലുക്കിയ ഈ 38കാരന്‍ കേരള സൂപ്പര്‍ ലീഗിലും മിന്നുന്ന പ്രകടനം നടത്തുമെന്ന പ്രതീക്ഷയിലാണ് മലപ്പുറം എഫ്സിയുടെ ആരാധകര്‍.
ടീമിന്റെ ശരാശരി പ്രായം 27 ആണ്. 38കാരനായ റോയ് കൃഷ്ണയാണ് മുതിര്‍ന്നയാള്‍. 18 വയസ്സുള്ള മുഹമ്മദ് റിഷാഗ് ഗഫൂറാണ് ടീമിലെ ബേബി. ടീമിന്റെ മുഖ്യപരിശീലകനും ചെറുപ്പമാണ്. 34 വയസ്സ് മാത്രമുള്ള സ്പാനിഷ് പരിശീലകന്‍ മിഗ്വേല്‍ കോറല്‍ ടൊറൈറയാണ് മലപ്പുറത്തെ പരിശീലിപ്പിക്കുന്നത്. യുവേഫ പ്രോ കോച്ചിങ് ലൈസന്‍സ് ഉടമയായ മിഗ്വേല്‍ ടൊറൈറ ആദ്യമായാണ് ഒരു ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുന്നത്. 4-3-3 ഫോര്‍മേഷനില്‍ പ്രതിരോധത്തിനു പ്രാധാന്യം നല്‍കിയുള്ള ശൈലിയാണ് മിഗ്വേലിന്. കഴിഞ്ഞ സീസണില്‍ പരിശീലകനായിരുന്ന ഇംഗ്ലണ്ടിന്റെ ജോണ്‍ ഗ്രിഗറിക്ക് പകരമാണ് മിഗ്വേല്‍ പരിശീലകനായി എത്തിയത്.
ബ്രസീലിയന്‍ സ്ട്രൈക്കര്‍ ജോണ്‍ കെന്നഡി, സ്പാനിഷ് പ്രതിരോധതാരം സെര്‍ജിയോ ഗോണ്‍സാലസ്, മധ്യനിരിയില്‍ അര്‍ജന്റീനയുടെ ഫാകുണ്ടോ ബല്ലാര്‍ഡോ, താജിക്കിസ്ഥാന്‍താരം കമ്രോണ്‍ തുര്‍സനോവ് എന്നിവരാണ് റോയ് കൃഷ്ണക്ക് പുറമെ ഈ സീസണില്‍ ക്ലബ് ടീമിലെത്തിച്ച വിദേശ താരങ്ങള്‍. സ്പാനിഷ് സെന്റര്‍ ബാക്ക് ഐറ്റോര്‍ അല്‍ദാലൂര്‍, താനൂര്‍ സ്വദേശി സ്‌ട്രൈക്കര്‍ എം. ഫസലുറഹ്മാന്‍ എന്നിവരെ ടീമില്‍ നിലനിര്‍ത്തി.
24കാരനായ ജോണ്‍ കെന്നഡി കഴിഞ്ഞ സീസണില്‍ കിരീടം നേടിയ കാലിക്കറ്റ് എഫ്‌സിയുടെ മുന്നേറ്റക്കാരനായിരുന്നു. സെന്റര്‍ ബാക്കായി കളിക്കുന്ന സെര്‍ജിയോ ഗോണ്‍സാലസ് സ്‌പെയിനിലെ നാലാം ഡിവിഷന്‍ ക്ലബ്ബായ സീഡി അത്‌ലറ്റികോ പാസോയില്‍ നിന്നാണ് മലപ്പുറത്തേക്ക് എത്തിയത്. മധ്യനിരുടെ ചുമതല അര്‍ജന്റീനക്കാരന്‍ ഫാകുണ്ടോ ബല്ലാര്‍ഡോയ്‌ക്കായിരിക്കും. സെന്‍ട്രല്‍ മിഡ്ഫീല്‍ഡിലും അറ്റാക്കിങിലും ഒരുപോലെ കളിക്കാന്‍ കഴിയുന്ന താരമാണ് 29കാരനായ ഫാകുണ്ടോ. സ്ട്രൈക്കറായി റോയ് കൃഷ്ണക്കൊപ്പം കമ്രോണ്‍ തുര്‍സനോവുമുണ്ടാകും. ഐലീഗില്‍ ഗോകുലം കേരള, മോഹന്‍ബഗാന്‍, ട്രാവു, ചര്‍ച്ചില്‍ ബ്രദേഴ്സ്, രാജസ്ഥാന്‍ യുണൈറ്റഡ്, എന്നീ ടീമുകള്‍ക്കായി കളിച്ചതിന്റെ അനുഭവസമ്പത്തുമായാണ് മലപ്പുറത്തേക്ക് എത്തിയിട്ടുള്ളത്.
കഴിഞ്ഞ സീസണില്‍ കാലിക്കറ്റ് എഫ്‌സിക്കൊപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗത്തെയും മലപ്പുറം എഫ്സി സ്വന്തമാക്കി. കൂടാതെ കാലിക്കറ്റിലുണ്ടായിരുന്ന അബ്ദുല്‍ ഹക്കുവും ഗനിക്കൊപ്പം മലപ്പുറത്തേക്കെത്തി. കേരള ബ്ലാസ്റ്റേഴ്‌സ്, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ഗോകുലം കേരള എന്നിവരുടെ പ്രധാന ഡിഫന്‍ഡറായിരുന്നു ഹക്കു. കേരള പോലീസിലെ രണ്ട് താരങ്ങളും ഇത്തവണ മലപ്പറും എഫ്സിയുമായി കരാര്‍ ഒപ്പിട്ടു. പോലീസ് ടീം ക്യാപ്റ്റന്‍ സഞ്ജു ഗണേഷും ഗോള്‍ കീപ്പര്‍ മുഹമ്മദ് അസ്ഹറുമാണ് ടീമിലെത്തിയത്. ഹൈദരാബാദ് നടന്ന സന്തോഷ് ട്രോഫിയില്‍ കേരളാ ക്യാപ്റ്റനായിരുന്നു ആലുവ സ്വദേശിയായ സഞ്ജു. പെരിന്തല്‍മണ്ണക്കാരന്‍ അസ്ഹര്‍ സന്തോഷ് ട്രോഫിയിലും ദേശീയ ഗെയിംസിലും കേരളത്തിന്റെ ഗോള്‍ വല കാത്തിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാല മൈതാനത്താണ് ടീം പരിശീലനം.
ടീം മലപ്പുറം
ഗോള്‍ കീപ്പര്‍: മുഹമ്മദ് അസ്ഹര്‍, മുഹമ്മദ് ജസീന്‍. പ്രതിരോധം: അബ്ദുല്‍ ഹക്കു, അഖില്‍ പ്രവീണ്‍, സഞ്ജു ഗണേഷ്, ജിതിന്‍ പ്രകാശ്, സച്ചിന്‍ ദേവ്, സെര്‍ജിയോ ഗോണ്‍സാലസ്. മധ്യനിര: ഐറ്റര്‍ അല്‍ദലൂര്‍, സയ്വിന്‍ എറിക്‌സന്‍, ഗനി അഹമ്മദ് നിഗം, മുഹമ്മദ് ഇര്‍ഷാദ്, പി.എ. അഭിജിത്ത്, ഫാകുണ്ടോ ബല്ലാര്‍ഡോ. മുന്നേറ്റം: റോയ് കൃഷ്ണ, അക്ബര്‍ സിദ്ധീഖ്, ജോണ്‍ കെന്നഡി, കമ്രോണ്‍ തുര്‍സനോവ്, റിഷാദ് മലപ്പുറം, മുഹമ്മദ് റിന്‍ഷാദ്, മുഹമ്മദ് റിസ്വാന്‍, ഫസലു റഹ്മാന്‍.









