മാലദ്വീപിലെ വിനോദ പരിപാടിക്കിടെ ചൈനീസ് ഡൈവർ കടലിൽ കുടുങ്ങികിടന്നത് 40 മിനിട്ടോളം. ഗുരുതര വീഴ്ചയുണ്ടായിട്ടും ഹോട്ടൽ അധികൃതർ അപകടത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ക്ഷമ ചോദിക്കാൻ തയാറായില്ലെന്നാണ് ആരോപണം. സുമാൻ എന്ന ചൈനീസ് ഡൈവറാണ് ഹോട്ടൽ അധകൃതരുടെ അനാസ്ഥ മൂലം അപകടത്തെ മുഖാമുഖം കണ്ടത്.
മാലദ്വീപിലെ പ്രമുഖ റിസോർട്ടിൽ നിന്നാണ് സുമാൻ ഡൈവിങ് പാക്കേജെടുത്തത്. ഡൈവിങ് ആരംഭിക്കുന്നതിനു മുമ്പ് തന്നെ പ്രശ്നങ്ങൾ ആരംഭിച്ചിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഓക്സിജൻ ടാങ്ക് തകർന്നിരുന്നു. ഇത് മാറ്റി നൽകുന്നതിനു പകരം ബാക്ക്അപ് റെഗുലേറ്റർ ഉപയോഗിക്കാനാണ് ഇൻസ്ട്രക്ടർ ആവശ്യപ്പെട്ടതെന്ന് സുമാൻ ആരോപിക്കുന്നു. അന്താരാഷ്ട്ര സുരക്ഷാ നിയമങ്ങളെല്ലാം ലംഘിച്ചായിരുന്നു ഡൈവിങ്.
ഡൈവറുടെ സിഗ്നലുകൾ ബോട്ടിലേക്ക് എത്തിക്കുന്നതിനുള്ള സംവിധാനം ഇൻസ്ട്രക്ടർ ഘടിപ്പിച്ചിരുന്നില്ല. ശക്തമായ അടിയൊഴുക്ക് കാരണം ഡൈവിങ് ഗ്രൂപ്പിലുണ്ടായിരുന്നവർ വെളളത്തിൽ മുങ്ങി താഴ്ന്നുകൊണ്ടിരുന്നു. ഇത് കാരണം തങ്ങൾക്ക് അടുത്തുള്ള ദ്വീപോ ഡൈവിങ് ബോട്ടോ കാണാൻ കഴിഞ്ഞിെല്ലെന്ന് സുമൻ പറഞ്ഞു. ചൈനീസ് സോഷ്യൽമീഡിയയിൽ സുമൻ പങ്കുവെച്ച ദുരനുഭവം വ്യാപക പ്രതിഷേധങ്ങൾക്ക് വഴി വെച്ചു.









