
കോഴിക്കോട്: പ്രൈം വോളിബോള്‍ ലീഗിന്റെ നാലാം സീസണിന് ഒക്ടോബര്‍ രണ്ടിന് തുടക്കം. ഇത്തവണ 10 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ഗോവ ഗാര്‍ഡിയന്‍സാണ് പുതിയ ടീം. ഒക്ടോബര്‍ 26 വരെ ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. വ്യാഴാഴ്‌ച്ച വൈകിട്ട് 6.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഹൈദരാബാദ് ബ്ലാക്ക് ഹോക്സ് നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് ഹീറോസിനെ നേരിടും. 19ന് രാത്രി 8.30ന് കാലിക്കറ്റും കൊച്ചിയും തമ്മിലുള്ള കേരള ഡെര്‍ബി അരങ്ങേറും.
കഴിഞ്ഞ മൂന്ന് സീസണിലും കിരീടം നേടാന്‍ കഴിയാത്ത കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ഇത്തവണ ചാമ്പ്യന്മാരാകാനുറച്ചയാണ് ഒരുങ്ങുന്നത്. നാലാം സീസണിന്റെ മുന്നോടിയായി കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് സ്‌പോര്‍ട്‌സ് സെന്ററില്‍ മികച്ച പരിശീലനമാണ് അവര്‍ നടത്തിയത്. ചാമ്പ്യന്‍ഷിപ്പിനായി ടീം ഇന്ന് ഹൈദരാബാദിലേക്ക് യാത്രതിരിക്കും. ബുധനാഴ്‌ച്ച രാത്രി 8.30ന് ചെന്നൈ ബ്ലിറ്റ്‌സിനെതിരെയാണ് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ ആദ്യ മത്സരം. ഏറ്റവും മികച്ച താരങ്ങളെ അണിനിരത്തിയാണ് കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ഇത്തവണ ഒരുങ്ങിയിട്ടുള്ളത്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിനീത് കുമാറാണ് ടീമിനെ നയിക്കുന്നത്. ജൂണില്‍ കോഴിക്കോട് നടന്ന താരലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുകയായ 22.5 ലക്ഷം രൂപയ്‌ക്കാണ് വിനിത് കുമാറിനെ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് സ്വന്തമാക്കിയത്. പാന്‍ അമേരിക്കന്‍ ഗെയിംസില്‍ കാനഡക്ക് ചരിത്രസ്വര്‍ണം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സെറ്റര്‍ ബെറോണ്‍ കെറ്റുറാക്കിസും ഇന്ത്യന്‍ അറ്റാക്കര്‍ ഹേമന്ദുമാണ് ഉപനായകര്‍. മുന്‍ ഫ്രഞ്ച് ദേശീയ താരം നിക്കോളാസ് മരേചാല്‍ ആണ് ടീമിലെ മറ്റൊരു വിദേശതാരം. 2015ലെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പും എഫ്‌ഐവിബി വേള്‍ഡ് ലീഗ് നേടിയ ഫ്രഞ്ച് ടീമിന്റെ ഭാഗമായിരുന്നു ഈ അറ്റാക്കര്‍. എറിന്‍ വര്‍ഗീസ്, അമല്‍ കെ. തോമസ് എന്നിവരും അറ്റാക്കര്‍മാരായി ടീമിനൊപ്പമുണ്ട്. ജന്‍ഷാദ്. യു ആണ് ടീമിലെ സെറ്റര്‍. ജസ്‌ജോധ് സിങ്, അമരീന്ദര്‍പാല്‍ സിങ്, ബിബിന്‍ ബിനോയ്, നിര്‍മല്‍ ജോര്‍ജ് (ബ്ലോക്കര്‍), അലന്‍ ആഷിക്ക്, സൂര്യ സന്തോഷ് (ലിബെറോ), അഭിഷേക്. സി.കെ (യൂണിവേഴ്‌സല്‍) എന്നിവരാണ് സ്‌പൈക്കേഴ്‌സിന്റെ മറ്റു പടയാളികള്‍. മുന്‍ സൗത്ത് ആഫ്രിക്കന്‍ പരിശീലകന്‍ സൈസ് വര്‍ധനാണ് ടീമിന്റെ മുഖ്യപരിശീലകന്‍. ലയണല്‍ ബോണ്യൂര്‍, വര്‍ഗീസ്. വി.ജെ, രാജന്‍. സി എന്നിവര്‍ സഹപരിശീലകര്‍.
മത്സരത്തിനായി ഏറെ കഠിനാദ്ധ്വാനം ചെയ്തിട്ടുണ്ടെന്നും മികച്ച ഒത്തൊരുമ കളിക്കാര്‍ക്കുണ്ടെന്നും മുഖ്യ പരിശീലകന്‍ സൈസ് വര്‍ധന്‍ പറഞ്ഞു. ഞങ്ങള്‍ ഏറെ കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും, ഓരോ മത്സരത്തിലും ഞങ്ങളുടെ ഏറ്റവും മികച്ച പ്രകടനം നല്‍കുമെന്നും ക്യാപ്റ്റന്‍ വിനിതകുമാര്‍ പറഞ്ഞു.









