
മുംബൈ: ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്താനെ തോല്‍പിച്ച് ഇന്ത്യ ചാമ്പ്യന്മാരായതോടെ മുന്‍ പാക് താരം ഷുഹൈബ് അക്തറിനെ പരിഹസിച്ച് ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചന്‍ രംഗത്ത്. ഷുഹൈബ് അക്തര്‍ ഇന്ത്യയെ വിമര്‍ശിക്കുന്നതിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് താരം അഭിഷേക് ശര്‍മ്മയുടെ പേര് തെറ്റി അഭിഷേക് ബച്ചന്‍ എന്ന് പറഞ്ഞിരുന്നു. ഇതാണ് അമിതാഭ് ബച്ചന്റെ ട്രോളിന് കാരണമായത്.
നേരത്തെ ഇന്ത്യ- പാക് മത്സരത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ ഷുഹൈബ് അക്തര്‍ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശർമയ്‌ക്ക് പകരം അബദ്ധത്തില്‍ ബോളിവുഡ് താരവും അമിതാഭ് ബച്ചന്റെ മകനുമായ അഭിഷേക് ബച്ചനെന്ന് പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് അമിതാഭ് ബച്ചന്‍ രംഗത്തെത്തിയത്.
അഭിഷേക് ബച്ചൻ നന്നായി കളിച്ചുവെന്നാണ് അമിതാഭ് ബച്ചൻ എക്സിൽ കുറിച്ചത്. ടീം ഇന്ത്യ എങ്ങനെ അവരുടെ ‘ശത്രു’വിനെ പരാജയപ്പെടുത്തിയെന്നും അദ്ദേഹം എഴുതി. ’നമ്മൾ ജയിച്ചു! ‘അഭിഷേക് ബച്ചൻ’ നന്നായി കളിച്ചു. അവിടെ അവർക്ക് നാവ് പിഴച്ചു. ഇവിടെ ബാറ്റും ബോളും ഫീൽഡും ചെയ്യാതെ നിങ്ങൾ ശത്രുവിനെ വീഴ്‌ത്തി. അവരുടെ വായടഞ്ഞുപോയി!’, എന്നാണ് അമിതാഭ് ബച്ചൻ കുറിച്ചത്. പൊട്ടിച്ചിരിക്കുന്ന സ്മൈലികൾക്കൊപ്പമാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്.
അമിതാഭ് ബച്ചന്റെ ഈ ട്രോള്‍ സമൂഹമാധ്യമങ്ങളില്‍ പലരും പങ്കുവെച്ചതോടെ വൈറലായി. ഇന്ത്യയുടെ അഭിഷേക് ശര്‍മ്മ ഈ ടൂര്‍ണ്ണമെന്‍റിലെ തന്നെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ചൈനയുടെ എസ് യു വിയായ ഹവല്‍ 9 ആണ് സമ്മാനമായി ലഭിച്ചത്.









