
ബ്യൂണസ് അയേഴ്‌സ്: ഡിസംബറില്‍ ഭാരതത്തിലെ നാല് നഗരങ്ങളിലേക്ക് ലോക ഫുട്‌ബോളിലെ സൂപ്പര്‍ താരം ലയണല്‍ മെസി എത്തും. ഗോട്ട് ടൂര്‍ ഓഫ് ഇന്ത്യ 2025 എന്ന പേരില്‍ നടത്തുന്ന പ്രത്യേക സത്കാരത്തിന്റെ ഭാഗമായാണ് മെസിയുടെ വരവ്. ഇക്കാര്യം വ്യക്തമാക്കുന്ന തരത്തില്‍ മെസി കുറിപ്പ് സഹിതം തീര്‍ച്ചപ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍, നവംബറില്‍ കൊച്ചിയില്‍ നടക്കുന്ന അര്‍ജന്റീനയുടെ സൗഹൃദമത്സരത്തില്‍ മെസി ഉണ്ടാകുമോ എന്ന കാര്യത്തില്‍ ആശങ്ക ഉയര്‍ന്നിരിക്കുകയാണ്.
ഭാരതത്തില്‍ വീണ്ടും സന്ദര്‍ശിക്കാനായത് തനിക്ക് ലഭിച്ച വലിയൊരു ബഹുമതിയായി കണക്കാക്കുന്നുവെന്നാണ് ഡിസംബറിലെ സന്ദര്‍ശനത്തെ കുറിച്ച് മെസി കുറിച്ചത്. നല്ല കുറേ ഫുട്‌ബോള്‍ അഭിനിവേശമുള്ളവരുടെ നാടാണ് ഭാരതം. 14 വര്‍ഷം മുമ്പ് ഞാനവിടെ ചെല്ലുമ്പോള്‍ വലിയ സ്‌നേഹമായിരുന്നു എല്ലാവര്‍ക്കും. മാറിയ കാലഘട്ടത്തില്‍ ആ നാട്ടിലെ പുതു തലമുറ ഫുട്‌ബോള്‍ ആരാധകരെ കാണാന്‍ വലിയ ആഗ്രഹമുണ്ടെന്നും മെസി വ്യക്തമാക്കി.
ഡിസംബര്‍ 13ന് കൊല്‍ക്കത്തയിലെത്തുന്ന മെസി 15ന് ദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച്ച നടത്തും. അതിന് മുമ്പായി കൊല്‍ക്കത്ത കൂടാതെ അഹമ്മദാബാദ് മുംബൈ നഗരങ്ങള്‍ കൂടി സന്ദര്‍ശിക്കും. പ്രധാനമന്ത്രിയെ കണ്ട ശേഷം മെസി മടങ്ങി പോകും.
മെസിയുടെ വരവിനോടനുബന്ധിച്ച് മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. കൊല്‍ക്കത്തയില്‍ മെസിയുടെ വരവുമായി ബന്ധപ്പെട്ട ചടങ്ങകുള്‍ നടക്കുന്നത് സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തിലാണ്. സൗരവ് ഗാംഗുലി, ബൈച്ചൂങ് ബൂട്ടിയ, ലിയാണ്ടര്‍ പേസ് എന്നിവരുമായുള്ള ചടങ്ങില്‍ പങ്കെടുക്കും. ഇതിന്റെ ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത് 3500 രൂപയിലാണ്.
ഈ മൂന്ന് ദിന സന്ദര്‍ശന വിവരം പങ്കുവയ്‌ക്കുമ്പോള്‍ ഒരിടത്തുപോലും നവംബറില്‍ കേരളത്തില്‍ കളിക്കുന്നതിനെ കുറിച്ച് പറഞ്ഞിട്ടില്ല. നവംബര്‍ പത്തിനും 18നും ഇടയ്‌ക്ക് ആണ് അര്‍ജന്റീനയുടെ കേരളത്തിലെ മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. സ്‌കലോനിയുടെ പരിശീലനത്തില്‍ ഇറങ്ങുന്ന ഈ ടീമില്‍ മെസി കളിക്കുമോയെന്ന കാര്യത്തില്‍ നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. അര്‍ജന്റീനയില്‍ നടന്ന ലോകകപ്പ് യോഗ്യതയിലെ കഴിഞ്ഞ മത്സരങ്ങളില്‍ മെസി കളിച്ചിരുന്നില്ല. അന്താരാഷ്‌ട്ര മത്സരങ്ങള്‍ മെസി കുറച്ചുകൊണ്ടു വരികയാണെന്ന സൂചന അന്നേ നല്‍കിയിരുന്നു.









