
മഞ്ചേരി: സൂപ്പര്‍ ലീഗ് കേരളയില്‍ ഇന്നത്തെ പോരാട്ടം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍. മലപ്പുറം എഫ്സിയും തൃശൂര്‍ മാജിക് എഫ്്സിയുമാണ് കളിക്കാനിറങ്ങുന്നത്. രാത്രി 7.30ന് കിക്കോഫ്. സൂപ്പര്‍ ലീഗില്‍ മഞ്ചേരിയില്‍ നടക്കുന്ന പോരാട്ടങ്ങള്‍ അവിസ്മരണീയമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍. സ്റ്റേഡിയത്തിലെ നവീകരണ പ്രവൃത്തികളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞിട്ടുണ്ട്.
തൃശൂര്‍ മാജിക് എഫ്സി കഴിഞ്ഞ സീസണില്‍ ഏറ്റവും പിന്നില്‍ ആറാമതാണ് ഫിനിഷ് ചെയ്തതെങ്കില്‍ മലപ്പുറം എഫ്സി അഞ്ചാമതായാണ് സീസണ്‍ അവാനിപ്പിച്ചത്.
ഈ സീസണില്‍ മികച്ച തയ്യാറെടുപ്പുമായാണ് ടീമുകള്‍ ഒരുങ്ങിയിരിക്കുന്നത്. മലപ്പുറത്തിന്റെ അഞ്ച് ഹോം മത്സരങ്ങള്‍ക്കാണ് ഈ സ്റ്റേഡിയം വേദിയാവുക. ആദ്യസീസണില്‍ 10 മത്സരങ്ങള്‍ നടന്നിരുന്നു. മലപ്പുറത്തിന് പുറമെ തൃശൂരിന്റെയും ഹോം ഗ്രൗണ്ട് കൂടിയായിരുന്നു പയ്യനാട് സ്റ്റേഡിയം. ഇത്തവണ തൃശൂരിന്റെ ഹോം മത്സരങ്ങള്‍ക്ക് തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയം വേദിയാകും. ഒക്ടോബര്‍ 12ന് രണ്ടാം റൗണ്ട് മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്സാണ് മലപ്പുറത്തിന്റെ എതിരാളികള്‍. മൂന്നാം മത്സരത്തില്‍ 20ന് തിരുവനന്തപുരം കൊമ്പന്‍സുമായി ഏറ്റമുട്ടും. നവംബര്‍ രണ്ടിന് നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റിനെയും അവസാന ഹോം മത്സരത്തില്‍ നവംബര്‍ 25ന് കൊച്ചിയെയും ആതിഥേയര്‍ നേരിടും.
സ്പാനിഷ് പരിശീലകന്‍ മിഗ്വേല്‍ കോറല്‍ ടൊറൈറയാണ് ഈ സീസണില്‍ മലപ്പുറം എഫ്സിയെ പരിശീലിപ്പിക്കുന്നത്. ആദ്യ സീസണില്‍ കളിച്ച 10 കളികളില്‍ രണ്ടില്‍ മാത്രം ജയിക്കാനായ അവര്‍ നാല് സമനിലയും നാല് തോല്‍വിയുമാണ് മലപ്പുറത്തിന് സ്വന്തമായത്. ഈ സീസണില്‍ മികച്ച താരങ്ങളെ ടീമിലെത്തിച്ച് അവര്‍ തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട്. ഇത്തവണ അവര്‍ ടീമിലെത്തിച്ച സൂപ്പര്‍ താരം ഐഎസ്എല്ലിലെ ഗോളടിയന്ത്രമായ റോയ് കൃഷ്ണയാണ്. ടീമിന്റെ മുഖ്യ ആകര്‍ഷണവും ഈ ഫിജി താരം തന്നെയാണ്. 2019 മുതല്‍ 2025 വരെ ഐഎസ്എല്ലില്‍ വിവിധ ക്ലബ്ബുകള്‍ക്കായി കളിച്ച റോയ് കൃഷ്ണ നിരവധി ഗോളുകള്‍ അടിച്ചുകൂട്ടി. എടികെ മോഹന്‍ബഗാന്‍, ബെംഗളൂരു എഫ്സി, ഒഡീഷ എഫ്സി എന്നിവര്‍ക്കായി ഗോള്‍വല കുലുക്കിയ ഈ 38കാരന്‍ കേരള സൂപ്പര്‍ ലീഗിലും മിന്നുന്ന പ്രകടനം നടത്തുമെന്ന പ്രതീക്ഷയിലാണ് മലപ്പുറം എഫ്‌സിയുടെ ആരാധകര്‍. ബ്രസീലിയന്‍ താരം ജോണ്‍ കെന്നഡി, കമ്രോണ്‍ തുര്‍സനോവ്, അര്‍ജന്റീനിയന്‍ താരം ഫാകുണ്ടോ ബല്ലാര്‍ഡോ, സ്പാനിഷ് താരം ഐറ്റോര്‍ അല്‍ദലൂര്‍ എന്നിവരും ടീമിന്റെ വിദേശതാരങ്ങളാണ്. അബ്ദുള്‍ ഹക്കു, ജിതിന്‍ പ്രകാശ്, സച്ചിന്‍ ദേവ്, റിഷാദ്, മുഹമ്മദ് റിന്‍ഷാദ്, ഫസലു റഹ്‌മാന്‍, മുഹമ്മദ് റിസ്വാന്‍ തുടങ്ങിയ യുവരക്തങ്ങളും ടീമിലുണ്ട്.
ആദ്യ സീസണിലെ നിരാശാജനകമായ പ്രകടനം മറന്ന് പുതിയ സീസണിനായി മികച്ച തയ്യാറെടുപ്പുമായാണ് തൃശൂര്‍ മാജിക് എഫ്സി എത്തുന്നത്. മികച്ച വിദേശ താരങ്ങളാണ് ടീമിന്റെ കരുത്ത്. കഴിഞ്ഞ സീസണില്‍ ടീമിനെ പരിശീലിപ്പിച്ച ഇറ്റലിക്കാരന്‍ ജിയോവാനി സ്‌കാനുവിന് പകരം റഷ്യന്‍ പരിശീലകന്‍ ആന്‍ഡ്രെ ഷെര്‍നിഷോയുടെ പരിശീലനത്തിന്‍ കീഴിലാണ് തൃശൂര്‍ മാജിക് എഫ്സി ഇത്തവണ ഒരുങ്ങുന്നത്. മുന്നേറ്റത്തല്‍ സെര്‍ബിയയുടെ ഇവാന്‍ മാര്‍കോവിച്ച്, മുന്‍ ഗോകുലം, മുഹമ്മദന്‍സ്, ഡെംപോ ക്ലബ്ബുകള്‍ക്കായി ഗോളടിച്ചുകൂട്ടിയ ട്രിനിഡാഡിന്റെ മാര്‍കസ് ജോസഫ്, പ്രതിരോധത്തില്‍ ബ്രസീലിയന്‍ താരം മെയില്‍സണ്‍ ആല്‍വസ്, സെര്‍ബിയയുടെ ഡീന്‍ സിലച്ച് എന്നിവരാണ് പ്രധാനികള്‍. ഭാരത താരങ്ങളായ ലെനി റോഡ്രിഗസ്, മുഹമ്മദ് അഫ്സല്‍, ജിബിന്‍ ദേവസ്സി, എസ്.കെ. ഫയിസ് തുടങ്ങിയവരും ടീമിലുണ്ട്.









