
കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാര്‍ക്ക് വിജയത്തുടക്കം. പൊരുതിക്കളിച്ച ഫോഴ്‌സ കൊച്ചിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കാലിക്കറ്റ് എഫ്‌സി പരാജയപ്പെടുത്തി. പരിക്ക് സമയത്ത് അരുണ്‍ കുമാര്‍ നേടിയ ഗോളാണ് കാലിക്കറ്റിന് വിജയം സമ്മാനിച്ചത്. കാലിക്കറ്റിനായി സെബാസ്റ്റ്യന്‍ റിന്‍കണ്‍ ഒരു ഗോള്‍ നേടി. ഫോഴ്‌സയുടെ ആശ്വാസ ഗോള്‍ നേടിയത് ഡഗ്ലസ് റോസ ടാര്‍ഡിനാണ്.
ആയിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കിയാണ് സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണിന് തുടക്കമായത്. കളിയുടെ തുടക്കത്തില്‍ ഇരു ടീമുകളും എതിരാളിയുടെ ശക്തി ദൗര്‍ബല്യങ്ങള്‍ അളക്കാനാണ് ശ്രമിച്ചത്. 4-3-3 ശൈലിയിലാണ് കാലിക്കറ്റ് എഫ്‌സി കോച്ച് ടീമിനെ മൈതാനത്തിറക്കിയത്. ഗോള്‍ വലയ്‌ക്ക് മുന്നില്‍ ഹജ്മലും പ്രതിരോധത്തില്‍ അര്‍ജന്റീനക്കാരന്‍ അലക്‌സസ് സോസയും ഘാനക്കാരന്‍ റിച്ചാര്‍ഡും മലയാളി താരം മുഹമ്മദ് റിയാസും മധ്യനിരയില്‍ അര്‍ജന്റീനക്കാരന്‍ ഫെഡറികോയും മുഹമ്മദ് അര്‍ഷാഫും മുഹമ്മദ് ആസിഫും മുന്നേറ്റത്തില്‍ കൊളംബിയയുടെ സെബാസ്റ്റ്യന്‍ റിന്‍കണും നായകന്‍ കെ. പ്രശാന്തും മുഹമ്മദ് അജ്‌സലു ഇറങ്ങി. 3-4-4 ശൈലിയിലാണ് കൊച്ചി ടീമിനെ കോച്ച് ഇറക്കിയത്. പോസ്റ്റിന് മുന്നില്‍ റഫീഖ് അലി സര്‍ദാറും പ്രതിരോധത്തില്‍ സ്പാനിഷ് താരം ഇകര്‍ ഹെര്‍ണാണ്ടസ്, റിജോണ്‍, മുഹമ്മദ് മുഷ്‌റഫ്, മധ്യനിരയില്‍ എ. അജിന്‍, ഗ്രിഫ്റ്റി ഗ്രേഷ്യസ്, ഫ്രഞ്ച് താരം റാക്കിഡ് അത്മനെ, സ്പാപാനിഷ് താരം റാമോണ്‍ ഗാര്‍ഷ്യ, മുന്നേറ്റത്തില്‍ നിജോ ഗില്‍ബര്‍ട്ട്, ശ്രീരാജ്, ബ്രസീലിയന്‍ താരം ഡഗ്ലസ് റോസ എന്നിവരും ഇറങ്ങി.
പതിഞ്ഞ തുടക്കത്തിനു ശേഷം പതിനാലാം മിനിറ്റില്‍ കാലിക്കറ്റ് എഫ്‌സി ഈ സീസണിലെ ആദ്യ ഗോളടിച്ചു. പന്ത്രണ്ടാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയാണ് ഗോളിലേക്ക് വഴി തുറന്നത്. കാലിക്കറ്റിന്റെ മുഹമ്മദ് റിയാസിനെ ഫോഴ്‌സ കൊച്ചിയുടെ അജിന്‍ ബോക്‌സിനുള്ളില്‍ വീഴത്തിയതിനാണ് പെനാല്‍റ്റി ലഭിച്ചത്. കിക്കെടുത്ത അവരുടെ കൊളംബിയന്‍ താരം സെബാസ്റ്റ്യന്‍ റിന്‍കണ്‍ ഫോഴ്‌സ ഗോളിക്ക് ഒരു അവസരവും നല്‍കാതെ പന്ത് വലയിലെത്തിച്ചു. തുടര്‍ന്ന് ഫോഴ്‌സ കൊച്ചിയുടെ ആധിപത്യമായിരുന്നു മൈതാനത്ത്. വിങ്ങുകളിലൂടെയുള്ള മുന്നേറ്റങ്ങളിലൂടെ അവര്‍ തുടര്‍ച്ചയായി കാലിക്കറ്റ് പ്രതിരോധത്തെ പരീക്ഷിച്ചു. അവരുടെ ഒരു ശ്രമം ഗോളി രക്ഷപ്പെടുത്തുകയും ചെയ്തു. ഇടയ്‌ക്ക് കാലിക്കറ്റും ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലീഡുയര്‍ത്താന്‍ അവര്‍ക്കും കഴിയാതിരുന്നതോടെ 1-0ന്റെ ലീഡുമായി കാലിക്കറ്റ് ഇടവേളയ്‌ക്ക് പിരിഞ്ഞു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ കാലിക്കറ്റിന് ഒരു കോര്‍ണര്‍ ലഭിച്ചെങ്കിലും കാര്യമുണ്ടായില്ല. അധികം കഴിയും മുന്‍പ് ഫോഴ്‌സയുടെ ശ്രീരാജിന് ഒരു അവസരം ലഭിച്ചെങ്കിലും കാലിക്കറ്റ് ഗോളി പന്ത് കൈയിലൊതുക്കി രക്ഷകനായി. ഫോഴ്‌സ ഗോള്‍ മടക്കാന്‍ കിണഞ്ഞു ശ്രമിക്കുമ്പോള്‍ പ്രതിരോധത്തിന് കരുത്തു കൂട്ടി ഒരു ഗോള്‍ ലീഡില്‍ കടിച്ചുതൂങ്ങുകയായിരുന്നു കാലിക്കറ്റ് എഫ്‌സി. നിരവധി തവണ ഫോഴ്‌സ താരങ്ങള്‍ എതിര്‍ പകുതിയിലേക്ക് വിങ്ങുകളിലൂടെ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അവയെല്ലാം കാലിക്കറ്റ് പ്രതിരോധത്തില്‍ത്തട്ടി തകരുകയായിരുന്നു. തുടര്‍ന്നും ഇരു ടീമുകളും മികച്ച കളി നടത്തി, ഒടുവില്‍ എണ്‍പത്തിയെട്ടാം മിനിറ്റില്‍ ഫോഴ്‌സയുടെ ആക്രമണങ്ങള്‍ക്ക് ഫലം കണ്ടു. പകരക്കാരനായി ഇറങ്ങിയ സംഗീത് ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്ത് അവരുടെ ബ്രസീലിയന്‍ താരം ഡഗ്ലസ് റോസ ടാര്‍ഡിന്‍ നല്ലൊരു ഹെഡറിലൂടെ കാലിക്കറ്റ് എഫ്‌സി ഗോളി ഹജ്മലിനെ നിഷ്പ്രഭനാക്കി പന്ത് വയിലെത്തിച്ചു. കളി പരിക്ക് സമയത്തേക്ക് നീങ്ങിയപ്പോള്‍ കാലിക്കറ്റ് വിജയഗോളും നേടി. വലതു വിംഗില്‍ നിന്ന് ക്യാപ്റ്റന്‍ പ്രശാന്ത് നല്‍കിയ ക്രോസ് പകരക്കാരനായി ഇറങ്ങിയ അരുണ്‍ കുമാര്‍ അനായാസം വലയിലെത്തിച്ചതോടെ സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണില്‍ നിലവിലെ ചാമ്പ്യന്മാര്‍ക്ക് വിജയത്തുടക്കം സ്വന്തമായി.
10 ന് ഫോഴ്‌സ കൊച്ചി തിരുവനന്തപുരത്ത് കൊമ്പന്‍സിനെയും 11 ന് കാലിക്കറ്റ് എഫ്‌സി തൃശൂര്‍ മാജിക് എഫ്‌സിയെ കോഴിക്കോടും നേരിടും.









