
സൂറിച്ച്: ലോകകപ്പ് ഫുട്‌ബോള്‍ 2026നുള്ള പന്തിന്റെ പേര് പ്രഖ്യാപിച്ചു. അഡിഡാസ് ഒരുക്കിയ പന്തിന് ട്രിയോണ്ട എന്നാണ് പേരിട്ടിരിക്കുന്നത്.
ട്രിയോണ്ട- പേരിന്റെ പൊരുളും പ്രത്യേകതകളും
ലോകകപ്പിന് ആതിഥ്യമരുളുന്ന മൂന്ന് രാജ്യങ്ങളെ(അമേരിക്ക, കാനഡ, മെക്‌സിക്കോ) പ്രതിനിധാനമാക്കിയാണ് പേരില്‍ മൂന്ന് എന്ന അര്‍ത്ഥം വരുന്ന ട്രി എന്ന ഭാഗം. ഓണ്ട എന്ന സ്പാനിഷ് പദത്തിന്റെ അര്‍ത്ഥം ഓളം, വേവ്‌സ്, വൈബ് എന്നെല്ലാമാണ്.
ആദ്യമായി 48 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ അടുത്ത ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെയാണ് നടക്കുക. പതിവുപോലെ അഡിഡാസ് ആണ് ഇത്തവണയും ലോകകപ്പിനുള്ള പന്ത് തയ്യാറാക്കിയത്. ട്രിയോണ്ട എന്ന് പേരിട്ട ഇതിന്റെ ഡിസൈനില്‍ ലോകകപ്പ് ട്രോഫിയുടെ പ്രതീകമായി സ്വര്‍ണ നിറം കനേഡിയന്‍ വൃക്ഷം മേപ്പിളിന്റെ ഇലയുടെ നിറമായ ചുവപ്പ്, മെക്‌സിക്കോയിലെ പരുന്തിന്റെ പച്ച നിറം, അമേരിക്കയിലെ അലങ്കാര നക്ഷത്രത്തിന്റെ നിറത്തെ സൂചിപ്പിച്ചുകൊണ്ട് നീലനിറവും നല്‍കിയിരിക്കുന്നു.
500 ഹെര്‍ട്‌സ് ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്
വാര്‍(വീഡിയോ അസിസ്റ്റന്റ് റഫറി) അടക്കമുള്ള സാങ്കേതിക നിയന്ത്രണങ്ങളുടെ സൗകര്യത്തിനായി 500ഹെര്‍ട്‌സ് സെന്‍സര്‍ ചിപ്പും പന്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഓഫ് സൈഡ് ഉള്‍പ്പെടെയുള്ളവ നിര്‍ണയിക്കാനാണിത്.









