
മലപ്പുറം: ആരാധകരെ ഞെട്ടിച്ചു കൊണ്ട് അപ്രതീക്ഷിതമായൊരു സൈനിംഗ് നടത്തി മലപ്പുറം ഫുട്‌ബോള്‍ ക്ലബ്. മൊറോക്കന്‍ താരം ബദ്ര്‍ ബുലാഹ്‌റൂദിനെയാണ് മലപ്പുറം പുതിയതായി ടീമിലെത്തിച്ചിരിക്കുന്നത്.
ഈ സീസണില്‍ മധ്യനിരയില്‍ എംഎഫ്‌സിയുടെ വജ്രായുധമായിരിക്കും ബദ്ര്‍. സെന്‍ട്രല്‍ മിഡ്ഫീല്‍ഡിലും ഡിഫന്‍സീവ് മിഡ്ഫീല്‍ഡിലും ഒരുപോലെ കളിക്കാന്‍ ഈ താരത്തിന് കഴിയും. 32 വയസ്സാണ് പ്രായം. ഭാരതത്തില്‍ ആദ്യമായാണ് ബദ്ര്‍ പന്തുതട്ടാനൊരുങ്ങുന്നത്. മുന്‍പ് മൊറോക്കോ, സ്‌പെയിന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ വിവിധ ക്ലബ്ബുകള്‍ക്കായി ബൂട്ടണിഞ്ഞിട്ടുണ്ട്.
മൊറോക്കോ ദേശീയ ടീമിനായും ബദ്ര്‍ ബൂട്ടണിഞ്ഞിട്ടുണ്ട്. മൊറോക്കോ അണ്ടര്‍ -23 ടീമിന് വേണ്ടി ഏഴ് മത്സരങ്ങള്‍ കളിച്ചു. സീനിയര്‍ ടീമിന് വേണ്ടി ഒമ്പത് കളികളില്‍ നിന്ന് ഒരു ഗോളും നേടിയിട്ടുണ്ട്. 2017 നടന്ന ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ ഈജിപ്തിനെതിരെയാണ് രാജ്യത്തിന് വേണ്ടി തന്റെ ആദ്യഗോള്‍ നേടിയത്. 2018ല്‍ നടന്ന ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ ജേതാക്കളായ മൊറോക്കന്‍ ടീമംഗം കൂടിയാണ്.









