
കൊളംബോ: ഇന്ത്യാ പാക് ഏകദിന വനിതാ ലോകകപ്പ് മത്സരത്തില്‍ പാകിസ്ഥാനെതിരെ 88 റണ്‍സ് ജയം നേടി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 249 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് 159 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഈയിടെ ദുബായില്‍ സമാപിച്ച ഏഷ്യാകപ്പില്‍ ഇന്ത്യന്‍ പുരുഷ ടീം ഫൈനലില്‍ ഉള്‍പ്പെടെ മൂന്ന് തവണ പാകിസ്ഥാനെ തോല്‍പിച്ചതിന് പിന്നാലെ ഇതാ ശ്രീലങ്കയിലെ കൊളംബോയില്‍ നടക്കുന്ന വനിത ലോകകപ്പില്‍ ഇന്ത്യയുടെ വനിതാ ടീം വിജയം ആവര്‍ത്തിക്കുകയാണ്.
പാകിസ്ഥാന്റെ സിദ്ര അമീന്‍ ഇന്ത്യയ്‌ക്കെതിരെ മികച്ച ചെറുത്ത് നില്‍പ് നടത്തിയെങ്കിലും അത് വിജയത്തിലെത്തിക്കാന്‍ ആയില്ല. 81 റണ്‍സെടുത്ത സിദ്ര അമീനെ സ്നേഹ റാണയുടെ പന്തില്‍ കൗര്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. ഇന്ത്യയ്‌ക്ക് വേണ്ടി ക്രാന്തി ഗൗഡ് മൂന്ന് വിക്കറ്റെടുത്തു.
സിദ്ര അമീനും നടാലിയ പെര്‍വെയ്സും കൂടി ആദ്യ വിക്കറ്റില്‍ 73 പന്തുകളില്‍ നേടിയ 50 റണ്‍സ് പാകിസ്ഥാന് മികച്ച തുടക്കം നല്‍കിയെങ്കിലും 250 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് പോകവേ പാകിസ്ഥാന്‍ ബാറ്റിംഗ് നിര തകരുകയാണ്. ഇന്ത്യന്‍ ബൗളര്‍മാരുടെ ശക്തമായ ആക്രമണവും മികച്ച ഫീല്‍ഡിങ്ങും ചേര്‍ന്ന് റണ്ണൊഴുക്ക് തടഞ്ഞപ്പോള്‍ റിസ്കെടുത്തുള്ള ഷോട്ടുകളില്‍ പാകിസ്ഥാന്‍ ബാറ്റ്സ്മാന്‍മാര്‍ ഒന്നൊന്നായി വീണു. ഇപ്പോള്‍ എട്ട് വിക്കറ്റ് നഷ്ടപ്പെട്ട് 158 റണ്‍സ് എന്ന പരിതാപകരമായ നിലയിലാണ് പാകിസ്ഥാന്‍.
നേരത്തെ ബാറ്റ് ചെയ്ത് ഇന്ത്യ പാകിസ്ഥാനെതിരെ മികച്ച ടോട്ടലായ 249 റണ്‍സ് കെട്ടിപ്പെടുത്തിരുന്നു. അവസാനം ഇറങ്ങിയ റിച്ച ഘോഷ് ഏതാനും ഓവറുകളില്‍ അടിച്ചെടുത്ത 35 റണ്‍സാണ് ഇന്ത്യയ്‌ക്ക് മികച്ച സ്കോര്‍ നേടിക്കൊടുത്തത്.
ഹര്‍ലീന്‍ ഡിയോളാണ് ഇന്ത്യയ്‌ക്ക് വേണ്ടി കൂടുതല്‍ സ്കോര്‍ നേടിയത്-46 റണ്‍സ്. ഇന്ത്യയുടെ മുന്‍നിര താരങ്ങളെല്ലാം അധികം സ്കോറുകള്‍ എടുക്കാന്‍ കഴിയാതെ വീണുപോയപ്പോള്‍ ഇന്ത്യ തകര്‍ന്നു എന്ന് കരുതിയതാണ്. സ്മൃതി മന്ദന, ഹര്‍മന്‍പ്രീത് കൗര്‍, ജെമീമ റോഡ്രിഗ്സ് എന്നിവര്‍ക്ക് വലിയ സ്കോര്‍ എടുക്കാന്‍ സാധിച്ചില്ല. പക്ഷെ ഹര്‍ലീന്‍ ഡിയോളും റിച്ചാ ഘോഷും നേടിയ 81 റണ്‍സ് ഇന്ത്യയുടെ മുഖം രക്ഷിച്ചു.









