
സെന്‍റ് ലൂയിസ് ചെസ് ക്ലബ്ബ് (യുഎസ്): ഇന്ത്യന്‍ ചെസ്സിന്റെ പിതാവ് വിശ്വനാഥന്‍ ആനന്ദിനെ തോല്‍പിച്ച് റഷ്യയുടെ ചെസ് പ്രതിഭ ഗാരി കാസ്പറോവ്. 1985 മുതല്‍ 2000 വരെ 15 വര്‍ഷം തുടര്‍ച്ചയായി ലോക ചെസ് ചാമ്പ്യനായിരുന്ന ഗാരി കാസ്പറോവ് 2002ല്‍ വിരമിച്ചതിന് ശേഷം 23 വര്‍ഷം കഴിഞ്ഞു. ഇത്ര ദീര്‍ഘമായ ഇടവേളയുണ്ടായിരുന്നിട്ടും തന്റെ പ്രതിഭയ്‌ക്ക് മങ്ങലേറ്റിട്ടില്ലെന്ന് ആനന്ദിനെ തോല്‍പിക്കുക വഴി കാസ്പറോവ് തെളിയിച്ചു.
അമേരിക്കയിലെ പുതുക്കിപ്പണിത 30000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള സെന്‍റ് ലൂയിസ് ചെസ് ക്ലബ്ബിലായിരുന്നു മത്സരം. ചെസ്സിലെ ഏറ്റവും വലിയ സ്പര്‍ദ്ധയായി അറിയപ്പെടുന്ന ഒന്നാണ് ഗാരി കാസ്പറോവ്-വിശ്വനാഥന്‍ ആനന്ദ് പോരാട്ടം. 1995ല്‍ ലോകചെസ് കിരീടത്തിനായി ഇരുവരും തമ്മില്‍ നടന്ന മത്സരത്തില്‍ കാസ്പറോവാണ് ചാമ്പ്യനായത്.
പക്ഷെ ഒക്ടോബര്‍ 7 മുതല്‍ 11 വരെ 12 മത്സരങ്ങളായിരുന്നു ഇരുവരും തമ്മില്‍ ഉണ്ടായിരുന്നത്. ദിവസേന രണ്ട് റാപ്പിഡും ഒരു ബ്ലിറ്റ്സും വീതം നാല് ദിവസങ്ങളിലായി 12 മത്സരങ്ങല്‍. പക്ഷെ പത്താമത്തെ ഗെയിം ആയപ്പോഴേക്കും ആനന്ദിന് മറികടക്കാന്‍ കഴിയാത്ത ലീഡ് നേടിയിരുന്നു. കാസ്പറോവിന് 10.5 പോയിന്റെങ്കില്‍ ആനന്ദിന് 7.5 പോയിന്‍റേ ഉണ്ടായിരുന്നുള്ളൂ. 11ാമത്തേയും 12ാമത്തേയും ബ്ലിറ്റ്സ് ഗെയിമുകള്‍ ആനന്ദ് സ്വന്തമാക്കിയെങ്കിലും കാസ്പറോവ് 13-11 ന് വിജയിച്ചു.
കാസ്പറോവിന് 69 ലക്ഷം രൂപ ലഭിയ്‌ക്കുമ്പോള്‍ ആനന്ദിന് 58.5 ലക്ഷം രൂപ സമ്മാനമായി ലഭിച്ചു. “എന്റെ ചെസിലെ കഴിവുകള്‍ പണ്ടത്തെ നാളുകളുമായി താരതമ്യം ചെയ്യുമ്പോള്‍ മങ്ങിയിരിക്കുന്നു. എന്തായാലും സെന്‍റ് ലൂയിസ് ചെസ് ക്ലബ്ബില്‍ വരാന്‍ കഴിഞ്ഞതില്‍ സന്തോഷം. എന്തായാലും എന്റെ പ്രതീക്ഷയേയും മറ്റുള്ളവരുടെ പ്രതീക്ഷകളേയും മറികടക്കാന്‍ എനിക്ക് സാധിച്ചു. കളിയുടെ തുടക്കം മുതലേ ആനന്ദ് മാനസിക പിരിമുറുക്കത്തിലായിരുന്നു. ഇതുവരെയുള്ള കണക്കെടുത്താല്‍ ആനന്ദിന്റെ സ്കോര്‍ എന്‍റേതുമായി തട്ടിച്ചുനോക്കുമ്പോള്‍ മോശമാണ്. ഒരു പക്ഷെ ഇത് ആനന്ദിനെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കാം. “- കാസ്പറോവ് പറഞ്ഞു.
ഭാഗ്യത്തിനപ്പുറം എന്താണ് ഈ വിജയത്തിന് തുണച്ചതെന്ന ചോദ്യത്തിന് താന്‍ വളരെ ശാന്തനായിരുന്നുവെന്നും അതിനാല്‍ സമയപ്രശ്നങ്ങള്‍ (ഒരു നിശ്ചിത സമയത്തിനുള്ളില്‍ നിശ്ചിത എണ്ണം നീക്കങ്ങള്‍ നടത്താന്‍ കഴിയാത്ത സ്ഥിതി) ഒന്നും തനിക്ക് ഉണ്ടായില്ലെന്നും എന്തായാലും ഭാഗ്യം ഭാഗ്യം തന്നെയാണെന്നും കാസ്പറോവ് പ്രതികരിച്ചു.









