‘‘ഹുട്ടിദരേ കന്നട നാടല്ലി ഹുട്ട ബേക്കു’’ (ജനിക്കുകയാണെങ്കിൽ കന്നട മണ്ണിൽ ജനിക്കണം) -മൈസൂരുവിലെത്തിയപ്പോഴേ കാതിൽ മുഴങ്ങിയത് സാൻഡൽവുഡിന്റെ ഇതിഹാസതാരം രാജ്കുമാർ അനശ്വരമാക്കിയ ഈ പാട്ടാണ്. കർണാടകയിൽ അന്നുമിന്നുമെന്നും ഈ പാട്ട് തരംഗമാണ്. യുവതലമുറയും ഇതേറ്റു പാടുന്നു. പാരമ്പര്യത്തിന്റെ കണ്ണികളെ തലമുറകൾകൊണ്ട് വിളക്കിച്ചേർക്കുന്ന കന്നട മണ്ണിന്റെ സവിശേഷതയുടെ ഏറ്റവും ലളിതമായ ഉദാഹരണമായി തോന്നിയിട്ടുള്ള ‘ആകസ്മിക’യിലെ ഈ ഗാനം മൈസൂരുവിലെ പൂക്കളുടെയും കുതിരച്ചാണകത്തിന്റെയും സമ്മിശ്രഗന്ധം പേറിയെത്തിയ കാറ്റിനൊപ്പം ഒഴുകിയെത്തിയതും ആകസ്മികമാകാം. പാരമ്പര്യത്തെ മുറുകെ പിടിക്കുന്ന കന്നടിഗരുടെ വിശ്വാസവും വികാരവും വിനോദവും സമന്വയിക്കുന്ന ഉത്സവനാളുകളാണ് ദസറ. ദസറ നാളുകളിലെ മൈസൂരുവിനൊരു പ്രത്യേക മൊഞ്ചാണ്. രാജഭരണത്തിന്റെ ഗതകാല പ്രൗഢിയും ചാമുണ്ഡിക്കുന്നിൽനിന്നുയരുന്ന പ്രാർഥനയുടെ പുണ്യവും സാംസ്കാരിക നഗരമെന്ന പെരുമയും പേറിനിൽക്കുന്ന മൈസൂരു, ദസറക്കാലത്ത് വേറൊരു ഭാവം കൈവരിക്കും. വർഷത്തിലൊരിക്കൽ അവധിയാഘോഷിക്കാനെത്തുന്ന കൊച്ചുമക്കളെ സ്വീകരിക്കാനൊരുങ്ങുന്ന വലിയൊരു തറവാടാകുമത്. ദീപാലങ്കാരങ്ങളാൽ അണിഞ്ഞൊരുങ്ങും. പ്രാർഥിക്കാൻ, കളിക്കാൻ, ആടാൻ, പാടാനൊക്കെ അരങ്ങൊരുക്കും. അവധിക്കാലം കഴിഞ്ഞ് കുട്ടികൾ മടങ്ങുമ്പോൾ അടുത്ത വർഷത്തിനായുള്ള കാത്തിരിപ്പും.

തിന്മയുടെ മേൽ നന്മ വിജയം നേടിയതിന്റെ ഉത്സവത്തിന് തിരിതെളിയുന്ന നാടിന് ഈ പേര് വന്നതിന് പിന്നിലും ഒരു ഐതിഹ്യമുണ്ട്. പോത്തിന്റെ തലയുള്ള മഹിഷാസുരനെ ചാമുണ്ഡേശ്വരി ദേവി വധിച്ചതാണ് ഈ പേരിന് പിന്നിലെ കഥ. പുരാതന ചരിത്രങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന മഹിഷൂര് എന്ന പേര് പിന്നീട് മൈസൂരായി. ഇപ്പോൾ മൈസൂരുവും. വിജയനഗര സാമ്രാജ്യത്തിന്റെ കീഴില്‍ പതിനാറാം നൂറ്റാണ്ടു മുതല്‍ ദസറ ഉത്സവം ആഘോഷിക്കുന്നുണ്ട്. പിന്നീട് അഞ്ച് നൂറ്റാണ്ടുകളോളം വോഡയാര്‍ രാജകുടുംബവും ദസറ കേമമായി കൊണ്ടാടി. വിജയനഗര സാമ്രാജ്യത്തിന്റെ കീഴിലെ ചെറിയൊരു നാട്ടുരാജ്യം മാത്രമായിരുന്ന മൈസൂരിനെ സാമ്രാജ്യത്തിന്റെ തകര്‍ച്ചയോടെ വോഡയാര്‍ രാജവംശം ഏറ്റെടുക്കുകയും പരമ്പരാഗത ആചാരങ്ങളും വിശ്വാസങ്ങളും തുടര്‍ന്ന് കൊണ്ടുപോകുകയുമായിരുന്നു. രാജ വോഡയാര്‍ എ.ഡി 1610ല്‍ അധികാരമേറ്റതോടെ വര്‍ണശബളമായ ദസറ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ശ്രീരംഗപട്ടണമായിരുന്നു അന്ന് വോഡയാര്‍ രാജവംശത്തിന്റെ തലസ്ഥാനം. പിന്നീട് ഹൈദരലിയും ടിപ്പുസുല്‍ത്താനും ബ്രിട്ടീഷുകാരും മൈസൂർ വാണു. ടിപ്പുവിന്റെ തകര്‍ച്ചക്കുശേഷം വോഡയാര്‍ രാജവംശത്തിന്റെ കൈയിലേക്ക് തന്നെ മൈസൂര്‍ തിരിച്ചെത്തി. രാജാക്കന്മാരും സാമ്രാജ്യങ്ങളും വാഴുകയും വീഴുകയും ചെയ്തിട്ടും അന്നുമിന്നും മാറ്റമില്ലാത്തത് ഒന്നുമാത്രം -ദസറ ആഘോഷം.
‘രാജകുമാരന്റെ’ ആദ്യ ദർബാർ
മൈസൂരുവിലെ അംബാവിലാസ് കൊട്ടാരത്തിന്റെ പ്രൗഢഗംഭീരമായ ദർബാർ ഹാൾ. പരമ്പരാഗത വേഷം ധരിച്ച കൊട്ടാരം അംഗരക്ഷകർ വെള്ളി വാതിൽ തുറന്ന് മൈസൂർ രാജകുടുംബത്തിലെ പിന്തുടര്ച്ചക്കാരനായ മൈസൂരു എം.പി യദുവീര്‍ കൃഷ്ണദത്ത ചാമരാജ വോഡയാറിനെ അവിടേക്കാനയിച്ചു. നീളത്തിലുള്ള വെള്ള മേലങ്കി ധരിച്ച, മൈസൂർ തലപ്പാവണിഞ്ഞ ‘ദർബാരി’കൾ (ദർബാറിൽ പങ്കെടുക്കുന്നവർ) എഴുന്നേറ്റ് രാജാവിനെ ആദരിച്ചു. പൊലീസ് ബാൻഡ് രാജകീയ ഗീതമായ ‘കായോ ശ്രീ ഗൗരി’ വായിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മൈസൂർ രാജ വംശത്തിന്റെ സ്വര്‍ണ സിംഹാസനത്തിൽ യദുവീർ ഉപവിഷ്ടനായി. മഹാനവമി നാളിൽ, ദസറ ആഘോഷങ്ങളുടെ പ്രധാന ആചാരങ്ങളിലൊന്നായ ‘ഖാസ് ദർബാർ’ (സ്വകാര്യ ദർബാർ) സമാപ്തമാകുകയാണ്.
വോഡയാർ രാജവംശത്തിന്റെ പ്രജാക്ഷേമത്തിന്റെ പ്രതീകമായാണ് ദർബാർ നടത്തുന്നത്. വിജയനഗരയുഗം മുതലുള്ള നൂറ്റാണ്ട് പഴക്കമുള്ള ആചാരങ്ങളോടുള്ള ബഹുമാനത്തെയും ഇത് പ്രതീകവത്കരിക്കുന്നു. ഓരോ ദസറ ആഘോഷത്തിനുശേഷവും സ്ട്രോങ് റൂമിലേക്ക് മാറ്റുന്ന അപൂർവ രത്നങ്ങൾ പതിപ്പിച്ച സുവർണ സിംഹാസനം ദർബാർ ഹാളിലെത്തിക്കുന്നതോടെയാണ് ഈ ആചാരം തുടങ്ങുന്നത്. 280 കിലോയുള്ള സിംഹാസനം ഹാളിലെത്തിച്ചാണ് യോജിപ്പിക്കുന്നത്. ദസറയുടെ ആദ്യ ദിവസം ‘പ്രാണ പ്രതിഷ്ഠാന’ ചടങ്ങിന്റെ ഭാഗമായി യദുവീര്‍ കൃഷ്ണദത്ത സിംഹാസനത്തിലിരിക്കുന്നതിനുമുമ്പ് അതില്‍ സിംഹ ശിരസ്സ് (സിംഹദ തലെ) സ്ഥാപിക്കുന്നതോടെയാണ് ദർബാർ ആചാരങ്ങൾ ആരംഭിക്കുക. ‘കങ്കണ ധാരണ’ ഉൾപ്പെടെയുള്ള ആചാരങ്ങൾ ഇതിന്റെ ഭാഗമായി നടക്കും. പുലർച്ചെ ശുഭകരമായ ബ്രാഹ്മ മുഹൂർത്തത്തിൽ യദുവീറിനെ എണ്ണ തേച്ച് കുളിപ്പിക്കും.
ചാമുണ്ഡേശ്വരിക്ക് പൂജ നടത്തിയ ശേഷം, ചാമുണ്ഡി തോട്ടിയിൽ യദുവീറിനെയും പിന്നീട് കൊട്ടാരത്തിലെ വാണി വിലാസ പൂജാഹാളിൽ വെച്ച് ത്രിശിഖ കുമാരിയെയും ‘കങ്കണ’ കെട്ടും. തുടർന്ന് പട്ടട ആന (രാജകീയ ആന), പട്ടട കുദുരെ (രാജകീയ കുതിര), പട്ടട ഹസു (രാജകീയ പശു) എന്നിവക്കും കൊട്ടാരത്തിനുള്ളിലെ ക്ഷേത്രങ്ങളിൽ പൂജ നടത്തിയ ശേഷം ‘കലശങ്ങൾ’ വഹിക്കുന്ന ‘സുമംഗലികൾക്കും’ പൂജകൾ നടത്തും.
ചാമുണ്ഡേശ്വരി ക്ഷേത്രം, ശ്രീരംഗപട്ടണയിലെ ശ്രീ രംഗനാഥസ്വാമി ക്ഷേത്രം, മേലുകോട്ടയിലെ ചെലുവരായസ്വാമി ക്ഷേത്രം, നഞ്ചൻഗുഡിലെ നഞ്ചുണ്ടേശ്വര ക്ഷേത്രം, കൊട്ടാരത്തിനുള്ളിലെ ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലെ പുരോഹിതന്മാരാണ് ചടങ്ങിനെത്തുക. രാജമാതാവ് പ്രമോദ ദേവി വോഡയാറിന്റെ മേൽനോട്ടത്തിലാണ് ദർബാർ നടക്കുക. യദുവീറിന്റെയും ത്രിശിഖയുടെയും ആദ്യ മകൻ ആദ്യവീർ നരസിംഹരാജ വോഡയാറും സാക്ഷ്യംവഹിക്കും. പത്ത് ദിവസത്തെ ദർബാറിനുശേഷം സിംഹാസനം അഴിച്ച് വീണ്ടും സ്ട്രോങ് റൂമില്‍ സൂക്ഷിക്കും.
മാദപ്പയുടെ ‘മൈസൂർ പാക്ക്’ സൂപ്പർ ഹിറ്റ്
ഓൾഡ് മൈസൂരിൽ ഒന്നേകാൽ നൂറ്റാണ്ട് പഴക്കമുള്ള ദേവരാജ മാർക്കറ്റും സയ്യാജി റാവു റോഡും ചേരുന്നിടത്തുള്ള ഗുരു സ്വീറ്റ് മാർട്ട് മാധുര്യമൂറുന്നൊരു കഥ പറയും. ലോകമെമ്പാടും ആരാധകരുള്ള മൈസൂർ പാക്കിന്റെ കഥ.
ചരിത്രം പരിശോധിച്ചാൽ 1934ലാണ് ആദ്യമായി മൈസൂര്‍പാക്ക് ഉണ്ടാക്കിയതെന്ന് കാണാം. അന്നത്തെ രാജാവായിരുന്ന നല്‍വാഡി കൃഷ്ണരാജ വോഡയാര്‍ അതിഥികളെത്തിയപ്പോൾ കൊട്ടാരം പാചകക്കാരനായിരുന്ന കകാസുര മാദപ്പയോട് ഒരു വ്യത്യസ്ത പലഹാരമുണ്ടാക്കാൻ നിർദേശിച്ചു. മാദപ്പ ചെറുപയര്‍ പൊടിയും ശര്‍ക്കരയും മഞ്ഞളും ഏലവും നെയ്യുമൊക്കെ ചേര്‍ത്ത് ചെറു കേക്ക് കഷണംപോലൊരു വിഭവമുണ്ടാക്കി. രാജാവിനും അതിഥികൾക്കും പലഹാരം നന്നേ ഇഷ്ടമായി. ആസ്വദിച്ച് കഴിച്ച രാജാവ് മാദപ്പയോട് ഇതിന്റെ പേര് ചോദിച്ചു. പെട്ടെന്ന് മാദപ്പക്ക് വായില്‍ വന്ന പേരാണ് മൈസൂര്‍ പാക്ക്. പലഹാരത്തെ പോലെ ഈ പേരും രാജാവിന് ഇഷ്ടമായി. അങ്ങനെ ചരിത്രത്തില്‍ ആദ്യമായി മൈസൂര്‍ പാക്ക് പിറന്നു.
പിന്നീട് മാദപ്പ അശോക് റോഡിൽ മധുരപലഹാരക്കട തുറന്നു. ഗുരു രാഘവേന്ദ്ര സ്വാമിയുടെ ഭക്തനായ മാദപ്പയുടെ മകൻ ബസവണ്ണ 1957ൽ തുടങ്ങിയതാണ് ഇപ്പോഴത്തെ ഗുരു സ്വീറ്റ് മാർട്ട്. പിന്നീട് ബസവണ്ണയുടെ മരുമക്കളായ പുട്ടനഞ്ചപ്പയും സങ്കരാജുവും ഈ ബിസിനസ് തുടർന്നു. ഇപ്പോൾ സങ്കരാജുവിന്റെ മക്കളായ കുമാർ, നടരാജ്, ശിവാനന്ദ എന്നിവരാണ് നടത്തിപ്പുകാർ. ‘‘ലോകത്തെവിടെയായാലും ‘മൈസൂര്‍ പാക്ക്’ എന്നുതന്നെയാണ് ഈ വിഭവം അറിയപ്പെടുന്നത്. ഇത് മൈസൂരുവിനും കര്‍ണാടകക്കും ഒരു പോലെ അഭിമാനം പകരുന്നു. മൈസൂരുവിനെക്കുറിച്ച് ലോകമെമ്പാടും അറിയപ്പെടാന്‍ മൈസൂര്‍പാക്ക് നിമിത്തമാവുകയാണ്. ഞങ്ങളുടെ മുതു മുത്തച്ഛനാണ് ഇങ്ങനെയൊരു വിഭവം ആദ്യമായി ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചതെന്നതിലും അഭിമാനിക്കുന്നു’’ -ശിവാനന്ദയുടെ വാക്കുകൾ.
ദസറയിലെ ‘വി.ഐ.പി’കൾ
ദിവസവും കിലോക്കണക്കിന് പോഷകാഹാരവും എണ്ണതേച്ച് കുളിയും വിശ്രമമവും. ഇതിനു പുറമെ നടത്ത വ്യായാമവും. ദസറക്കാലത്തെ വി.ഐ.പികൾ ഇവരാണ്. ദസറക്ക് സമാപനം കുറിച്ചുള്ള ജംബു സവാരിയിൽ അണിനിരക്കുന്ന ആനകൾ. ചാമുണ്ഡേശ്വരി ദേവിയുടെ സ്വർണ വിഗ്രഹമടങ്ങുന്ന സ്വർണ സിംഹാസനം വഹിക്കുന്ന അഭിമന്യു, കൊടിവാഹകനായ ധനഞ്ജയ, ദസറയുടെ ചിഹ്നം വഹിക്കുന്ന ഗോപി തുടങ്ങി 14 ആനകളായിരുന്നു ഇത്തവണ. 10 ആണും 4 പെണ്ണും.
ഭാരം, വലുപ്പം, മറ്റ് ശാരീരിക മാനദണ്ഡങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി മൃഗ ഡോക്ടര്‍മാരാണ് ഓരോ ആനക്കും ദൈനംദിന പോഷകാഹാര പട്ടിക തയാറാക്കുക. ‘‘പ്രതിദിനം 450 മുതല്‍ 500 കിലോഗ്രാം വരെ പനമ്പട്ടയാണ് നല്‍കുക. ഇതിനുപുറമെ, ചുവന്ന അരി ഇനമായ 20 കിലോഗ്രാം കുസുബലക്കി കൊണ്ടുണ്ടാക്കിയ ചോറും ഏകദേശം 35 മുതല്‍ 40 കിലോഗ്രാം വരെ വൈക്കോലും നല്‍കും. ഇതിനു പുറമെ പ്രത്യേകം വേവിച്ച ധാന്യങ്ങളും’’ -ഇതിന്റെ ചുമതല വഹിക്കുന്ന മൈസൂരു വന്യജീവി ഡിവിഷനിലെ ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. ഐ.ബി. പ്രഭു ഗൗഡ പറഞ്ഞു.
ആണ് ആനകള്‍ പ്രതിദിനം ഏകദേശം 750 കിലോഗ്രാം ഭക്ഷണം കഴിക്കുമ്പോള്‍ പിടിയാനകള്‍ക്ക് 600 കിലോഗ്രാം വരെയാണ്. ദഹനം സുഗമമാക്കുന്നതിനായി ആറു മുതല്‍ ഏഴു മണിക്കൂര്‍ വരെ വേവിച്ച മുതിര, ചെറുപയര്‍, ഉഴുന്ന്, അരി, ഉപ്പ്, വിവിധതരം പച്ചക്കറികള്‍ എന്നിവ അടങ്ങിയ പ്രത്യേക തീറ്റയാണിത്. കരിമ്പ്, തേങ്ങ എന്നിവയും അവരുടെ ഭക്ഷണത്തിന്റെ ഭാഗമാണ്. 10 മുതല്‍ 12 കിലോമീറ്റര്‍ വരെ ദിവസേനയുള്ള നടത്ത വ്യായാമങ്ങളിലൂടെ സ്റ്റാമിന വർധിപ്പിക്കുന്നതിനൊപ്പം മതിയായ പോഷകാഹാരം നല്‍കുക എന്നതാണ് ലക്ഷ്യം. എണ്ണ തേക്കല്‍ ആനയുടെ ദിനചര്യയുടെ ഒരു പ്രധാന ഭാഗമാണ്. ഏകദേശം 200 ലിറ്റര്‍ വീതം ആവണക്കെണ്ണ, പൊങ്കാമിയ (ഹോങ്ങ്) എണ്ണ, വേപ്പെണ്ണ എന്നിവ ഉപയോഗിക്കും. തലയിലും കാലുകളിലും കയറുകള്‍ കെട്ടിയിരിക്കുന്ന ഭാഗങ്ങളിലും ആവണക്കെണ്ണയും പൊങ്കാമിയയും പുരട്ടു. ഉരച്ചിലുകള്‍ തടയാന്‍, തണുപ്പിക്കാനും സംരക്ഷണത്തിനുമായാണ് കാലുകളിലും സന്ധികളിലും വേപ്പെണ്ണ പുരട്ടുന്നത്. തുടര്‍ന്ന് രണ്ടുദിവസം കൂടുമ്പോഴാണ് കുളി.
.









