കേരള ഫുട്ബാളിന്റെ കുന്തമുനയായിരുന്ന സി.കെ. വിനീതിന്റെ കടുവ ചിത്രങ്ങളും വിഡിയോകളുമ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. കാൽപന്തുകളിൽ അളന്നു കുറിച്ചു കൊടുക്കുന്ന പാസുകളും കാലിൽനിന്ന് തൊടുക്കുന്ന ബുള്ളറ്റ് ഷോട്ടുകളും കാത്തിരിപ്പിനൊടുവിൽ ഗോൾ വല കുലുക്കി വിജയമാഘോഷിക്കും പോലെയാണ് കാമറക്കണ്ണുകളിലൂടെ വിനീത് മിഴിവുള്ള ചിത്രങ്ങൾ പകർത്തുന്നത്. കാൽപന്തുകളിയിലെ ഒഴിവുവേളകൾ ഫോട്ടോഗ്രാഫിക്കായി മാറ്റിവെച്ച വിനീത് ഇന്ന് വന്യജീവി ഫോട്ടോഗ്രഫി മേഖലയിൽ സജീവമായിരിക്കുകയാണ്. അന്നത്തെ കൗമാരക്കാരൻ തുടങ്ങിവെച്ച ഫോട്ടോഗ്രാഫി കമ്പം ഇന്ന് ഇന്ത്യയിലെ തന്നെ മികച്ച വന്യജീവി ഫോട്ടോഗ്രാഫർമാരിലൊരാളാക്കി മാറ്റിയിരിക്കുകയാണ്. സുഹൃത്തായ അനിലിന്റെ പാഠങ്ങളും സ്വന്തം മാമന്റെ പ്രചോദനവുമായിരുന്നു ഫോട്ടോഗ്രഫിയിലേക്ക് പാത തെളിച്ചത്. കാനൺ 600D യിൽ തുടങ്ങിയ കാമറാ ജീവിതം പിന്നീട് കാൽപന്തുകളിയുടെ പടവുകൾ കയറുംപോലെ വളർന്നുവന്നു. ബാംഗ്ലൂർ എഫ്.സിക്കായി കളിച്ചിരുന്നപ്പോൾ കിട്ടുന്ന ഒഴിവുസമയങ്ങളിൽ വിശ്രമത്തിനായി തിരഞ്ഞെടുത്തിരുന്നത് വന്യജീവി സങ്കേതങ്ങളായിരുന്നു. 2011 മുതൽ കാൽപന്തിൽ തന്റെ മികച്ച കരിയറിനായി കളിയിൽ സ്വയം സമർപ്പിച്ചപ്പോഴും തന്റെ പാഷനായ ഫോട്ടോഗ്രാഫിയേയും ചേർത്തുപിടിച്ചു.
പിന്നീട് കാലത്തിനനുസരിച്ചുള്ള വളർച്ചയിൽ തന്റെ ഫോട്ടോഗ്രാഫിയെയും വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി കനോൺ 5ഡി മാർക്ക് 3യിലേക്ക് ചുവടുമാറി. വിശ്രമവേളകൾ ബന്ദിപുർ, കബനി വനമേഖലകളിലേക്കും കടുവകളുടെ ചിത്രങ്ങൾക്കുമായി മാറ്റിവെച്ചു. മൽസരങ്ങളുടെ ആധിക്യത്തിലും വനയാത്രകൾ നൽകുന്ന അനുഭവങ്ങൾ പറഞ്ഞറിയിക്കാൻ സാധിക്കില്ലെന്നാണ് വിനീതിന്റെ വാദം. മൈതാനമധ്യത്തും എതിരാളികളുടെ ബോക്സുകളിലും കുതിച്ചുപാഞ്ഞ കാലുകൾ ഇന്ന് മലമുകളിലേക്കും കാടും കാട്ടാറും കടന്ന് യാത്രചെയ്യുകയാണ്. വന്യജീവികൾ മാത്രമല്ല, മനുഷ്യജീവിതം തുറന്നുകാണിക്കുന്ന നിരവധി ഗ്രാമങ്ങളിൽ നിന്നുളള ചിത്രങ്ങളും വിനീതിന്റെ ശേഖരത്തിലുണ്ട്.

ഒന്നും മുൻകൂട്ടി ആസൂത്രണം ചെയ്യുന്നില്ല കൂടെ ഇപ്പോൾ കാമറയുണ്ട് മനസ്സുപറയുന്ന സ്വപ്നഫ്രെയിമുകൾക്കായി യാത്രകൾ തുടരുകയാണ്. നമ്മൾ വളരുന്നതിനനുസരിച്ച് നമ്മുടെ ഗിയറുകളും മാറ്റണമെന്നാണ് സി.കെ പറയുന്നത്. ഇപ്പോൾ കനോൺ R3 കാമറയാണ് ഉപയോഗിക്കുന്നത്. വിവിധ ആവശ്യങ്ങൾക്കനുസരിച്ച് വിവിധ ശ്രേണിയിലുള്ള ലെൻസുകളും കൈവശമുണ്ട്.

കണ്ണൂരിലെ കണ്ടനാർ കേളൻ തെയ്യം മുതൽ മൂന്നാറിലെ മലമടക്കുകളിലെ അപൂർവ കുഞ്ഞൻ തവളയായ ഗാലക്സി ഫ്രോഗായാലും നെല്ലിയാമ്പതി മലകളിലെ മലമുഴക്കികളായാലും വിനീതിന്റെ ചിത്രപേടകത്തിൽ പതിഞ്ഞിരിക്കും. ഇപ്പോഴാണ് എടുത്ത ചിത്രങ്ങൾ സമൂഹമാധ്യമ പേജുകളിൽ പോസ്റ്റ് ചെയ്തു തുടങ്ങിയത്. അങ്ങനെ പുറത്തെത്തിയ ചിത്രങ്ങളും വിഡിയോയുമാണ് ഇപ്പോൾ വൈറലായിരിക്കുന്നത് കബനി വന്യജീവി സങ്കേതത്തിൽ നിന്നും പകർത്തിയ അമ്മക്കടുവ അതിന്റെ കുട്ടികളുമായി റോഡ്മുറിച്ചു കടക്കുന്നതാണ് വിഡിയോ. ഇനിയും എത്ര ചിത്രങ്ങൾ വിനീതെന്ന ഫുട്ബാളർ ഫോട്ടോഗ്രാഫറിൽനിന്ന് വരാനിരിക്കുന്നു. കാത്തിരിക്കാം ആ ജീവസ്സുറ്റ ഫ്രെയിമുകൾക്കായി.









