കോന്നി: മഴ വീണ്ടും ശക്തിപ്പെട്ടതോടെ നിറഞ്ഞൊഴുകുകയാണ് കൂടൽ രാജഗിരി വെള്ളച്ചാട്ടം. പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കൂടൽ ജങ്ഷനിൽ നിന്ന് നാല് കിലോമീറ്റർ സഞ്ചരിച്ച് രാജഗിരി റബർ എസ്റ്റേറ്റിന് നടുവിലൂടെയുള്ള ചെറിയ മൺപാത ഇറങ്ങി താഴേക്ക് ചെന്നാൽ നിറഞ്ഞുപതഞ്ഞ് ഒഴുകുന്ന രാജഗിരി വെള്ളച്ചാട്ടത്തിൽ എത്താം.
അധികം ഉയരത്തിലല്ലാതെ ഒഴുകുന്ന വെള്ളച്ചാട്ടം അപകടരഹിതമായതിനാൽ കൊച്ചുകുട്ടികളുമായി കുടുംബങ്ങൾക്ക് ഇറങ്ങാവുന്ന സ്ഥലം കൂടിയാണിത്.വിനോദ സഞ്ചാരികളുടെ മാത്രമല്ല ഫോട്ടോഗ്രാഫർമാരുടെയും ഇഷ്ട ലൊക്കേഷനുകളിൽ ഒന്നാണ് ഇവിടം. നിരവധി വിവാഹ ആൽബങ്ങളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. അവധി ദിവസങ്ങളിലാണ് കൂടുതലാളുകൾ എത്തുന്നത്.
രാജഗിരി റോഡിൽ നിന്ന് മീറ്ററുകൾ മാത്രം അകലെയാണ് വെള്ളച്ചാട്ടം. എസ്റ്റേറ്റിനുള്ളിൽ കൂടിയാണ് വെള്ളച്ചാട്ടത്തിനടുത്തേക്ക് എത്താൻ വഴിയുള്ളത്.









