
ബ്യൂണസ് അയേഴ്‌സ്: ലോകകപ്പ് ഫുട്‌ബോള്‍ 2026ല്‍ അര്‍ജന്റീന കുപ്പായത്തില്‍ താനും ഉണ്ടാകുമെന്ന് ലോക ഫുട്‌ബോള്‍ സൂപ്പര്‍ ഹീറോ ലയണല്‍ മെസി. അമേരിക്കന്‍ ടെലിവിഷന്‍ ചാനല്‍ എന്‍ബിസി നൈറ്റ്‌ലി ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് മെസി ഇക്കാര്യം വ്യക്തമാക്കിയത്. അര്‍ജന്റീന ഫുട്‌ബോള്‍ ടീമുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിശേഷങ്ങളും ലോകത്തെ അറിയിക്കുന്ന വെബ് പോര്‍ട്ടല്‍ മുന്‍ഡോ ആല്‍ബിസെലസ്റ്റെ ഡോട്ട് കോമും വാര്‍ത്ത പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
നിലവില്‍ 38-ാം വയസ്സിലെത്തിയ മെസി ലോകകപ്പില്‍ കളിക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു. ഫെബ്രുവരി അവസാന ആഴ്‌ച്ചയോടെയാണ് അമേരിക്കയിലെ മേജര്‍ ലീഗ് സോക്കര്‍(എംഎല്‍എസ്) സീസണ്‍ ആരംഭിക്കുക. എംഎല്‍എസ് ടീം ഇന്റര്‍ മയാമിക്കുവേണ്ടി കളിക്കുന്ന മെസി വരുന്ന പ്രീസീസണില്‍ കളിച്ചു തുടങ്ങുമ്പോള്‍ തനിക്ക് സ്വന്തം പോരായ്‌മകള്‍ തിരിച്ചറിയാനാകും. കളിക്കുന്ന ടീമിനായി 100 ശതമാനം നല്‍കാന്‍ സാധിക്കുമെന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനൊപ്പം ലോകകപ്പിനുണ്ടാകുമെന്ന് മെസി പറഞ്ഞു. എന്തുകൊണ്ടെന്നാല്‍ ഇതൊരു ലോകകപ്പ് ആണ്. ലോകകപ്പില്‍ നിന്ന് മാറി നില്‍ക്കാന്‍ സാധിക്കില്ല ആര്‍ക്കും. കഴിഞ്ഞ തവണ കിരീടം നേടിയതിന്റെ ആഹ്ലാദവും ആവേശവും ഇപ്പോഴും കൂടെയുണ്ട്. ദേശീയ ടീമിനായി ഇനിയും എത്രത്തോളം സാധിക്കുമോ അത്രയും നല്‍കും.
ലോകകപ്പിന് ഇനി മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. അതിന് മുമ്പായി മാര്‍ച്ചില്‍ യൂറോ കപ്പ് ജേതാക്കളായ സ്‌പെയിനും ലാറ്റിനമേരിക്കന്‍ ജേതാക്കളായ അര്‍ജന്റീനയും തമ്മില്‍ ഏറ്റുമുട്ടുന്ന ഫൈനലിസ്സിമ പോരാട്ടം നടക്കും. മെസിക്ക് വേണമെങ്കില്‍ അടുത്ത ലോകകപ്പിലും കളിക്കാം അതില്‍ ആരും വിലക്ക് കല്‍പ്പിക്കില്ലെന്ന് കഴിഞ്ഞ വര്‍ഷം കോപ്പ അമേരിക്ക കിരീടം നേടുന്ന അവസരത്തില്‍ അര്‍ജന്റീന കോച്ച് ലയണല്‍ സ്‌കലോനിയും വ്യക്തമാക്കിയിരുന്നു. എങ്കിലും മെസിക്ക് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ അതിന് പാകപ്പെടുന്ന വിധത്തില്‍ ടീമിനെ സജ്ജമാക്കുന്ന കാഴ്‌ച്ചയും കഴിഞ്ഞ രണ്ട് അന്താരാഷ്‌ട്ര വിന്‍ഡോകളില്‍ കണ്ടിരുന്നു. മെസിയെ മാറ്റി നിര്‍ത്തിയുള്ള അര്‍ജന്റീന ടീമിനെ കരുതലായി ഒരുക്കുകയായിരുന്നു സ്‌കലോനിക്ക് കീഴിലുള്ള പരിശീലക സംഘം ലക്ഷ്യമിട്ടത്.









