
കോഴിക്കോട്: പെരുങ്കളിയാട്ടത്തിന്റെ നാട്ടില്‍ നിന്നെത്തിയവരും കടത്തനാടന്‍ പോരാളികളുടെ നാട്ടുകാരും സൂപ്പര്‍ ലീഗ് കേരളയില്‍ ഇന്നലെ ഏറ്റുമുട്ടിയപ്പോള്‍ മത്സരം 1- 1ന് സമനിലയില്‍ പിരിഞ്ഞു. കണ്ണൂര്‍ വാരിയേഴ്‌സും കാലിക്കറ്റ് എഫ്‌സിയും തമ്മില്‍ ഇന്നലെ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന കളിയാണ് സമനിലയില്‍ കലാശിച്ചത്. നാല്‍പ്പത്തിരണ്ടാം മിനിറ്റില്‍ കാലിക്കറ്റിന്റെ മുഹമ്മദ് ആസിഫ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തു പോയ ശേഷം പത്തുപേരുമായാണ് അവര്‍ കളി പൂര്‍ത്തിയാക്കിയത്. എന്നിട്ടും കടത്തനാടന്‍ കോട്ട പൊളിച്ച് വിജയം നേടാന്‍ വാരിയേഴ്‌സിനായില്ല. കാലിക്കറ്റിന് വേണ്ടി ഇരുപത്തിയെട്ടാം മിനിറ്റില്‍ മുഹമ്മദ് അഷ്‌റഫും കണ്ണൂരിനായി മുപ്പത്തിയെട്ടാം മിനിറ്റില്‍ അസിയര്‍ ഗോമസും ലക്ഷ്യം കണ്ടു.
നാല് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ വാരിയേഴ്സ് തോല്‍വി അറിയാതെ രണ്ട് ജയവും രണ്ട് സമനിലയുമായി എട്ട് പോയിന്റ് നേടി ഒന്നാം സ്ഥാനത്ത് തുടരുന്നു. ഒരു ജയവും ഒരു തോല്‍വിയും രണ്ട് സമനിലയുമായി അഞ്ച് പോയിന്റുമായി കാലിക്കറ്റ് നാലാമതാണ്.
കഴിഞ്ഞ മത്സരത്തില്‍ ഇറങ്ങിയ ടീമില്‍ ചില മാറ്റങ്ങളുമായാണ് ഇന്നലെ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ രണ്ട് ടീമുകളും കളിക്കാനിറങ്ങിയത്. കണ്ണൂര്‍ വാരിയേഴ്സ് എഫ്സി രണ്ടാം പകുതിയില്‍ പകരക്കാരനായി എത്തി വിജയഗോള്‍ നേടിയ ക്യാപ്റ്റന്‍ അഡ്രിയാന്‍ സര്‍ദിനേറോ, ഗോളിന് അവസരം ഒരുക്കിയ അസിയര്‍ ഗോമസ്, വിങ്ങര്‍ എബിന്‍ ദാസ് എന്നിവര്‍ ആദ്യ ഇലവനിലെത്തി.
കാലിക്കറ്റ് എഫ്സിയുടെ ആദ്യ ഇലവനില്‍ രണ്ട് മാറ്റങ്ങളാണ് കോച്ച് വരുത്തിയത്. മനോജിനും സെബാസ്റ്റിയന്‍ റിന്‍കോക്കും പകരമായി ഗസ്റ്റന്‍ സോസയും അനികേത് ജാദവും ആദ്യ ഇലവനിലെത്തി.
27-ാം മിനിറ്റില്‍ കാലിക്കറ്റിന് നല്ലൊരു അവസരം ലഭിച്ചു. കണ്ണൂരിന്റെ നിക്കോ വരുത്തിയ പിഴവില്‍ ബോക്സിലേക്ക് എത്തിയ ബോള്‍ ഗോള്‍കീപ്പര്‍ ഉബൈദിന് കൃത്യമായി വരുതിയിലാക്കാന്‍ സാധിച്ചില്ല. ബോക്സിന് പുറത്ത് നിന്നിരുന്ന ഫെഡറിക്കോ ഹെര്‍നാന്‍ ബോസ്സോ ഇടത് കാലുകൊണ്ട് സെക്കന്റ് പോസ്റ്റിലേക്ക് അടിച്ചെങ്കിലും ഗോള്‍ കീപ്പര്‍ ഉബൈദ് തട്ടിഅകറ്റി കോര്‍ണറിന് വഴങ്ങി. ഈ കോര്‍ണറിനൊടുവില്‍ കാലിക്കറ്റ് എഫ്‌സി ആദ്യ ഗോളടിച്ചു. പ്രശാന്ത് എടുത്ത കോര്‍ണര്‍ ബോക്സിലെ കൂട്ടപൊരിച്ചിലിനൊടുവില്‍ മൂഹമ്മദ് അജ്സലിന് ലഭിച്ചു. അജ്സല്‍ ബോക്സിന് പുറത്ത് നിന്നിരുന്ന അഷ്റഫിന് നല്‍കി. അഷ്റഫ് കൃത്യമായി പോസ്റ്റിലെത്തിച്ചു.
38 ാം മിനിറ്റില്‍ അസിയര്‍ ഗോമസിലൂടെ കണ്ണുര്‍ വാരിയേഴ്സ് തിരിച്ചടിച്ചു. ഇടത് വിങ്ങിലൂടെ ഓവര്‍ ലാപ്പ് ചെയ്ത് എത്തിയ മനോജ് പന്ത് അസിയറിന് നല്‍കി. അസിയര്‍ ബോക്സിന് തൊട്ടുമുമ്പില്‍ നിന്നിരുന്ന അഡ്രിയാന്‍ തട്ടിനല്‍കി. അഡ്രിയാനില്‍ നിന്ന് പന്ത് സ്വീകരിച്ച അസിയര്‍ ഗോള്‍ കീപ്പറെ കബളിപ്പിച്ച് ഗോളാക്കി മാറ്റി.
42 ാം മിനിറ്റില്‍ കാലിക്കറ്റ് പത്ത് പേരായി ചുരുങ്ങി. കണ്ണൂരിന്റെ കൗണ്ടര്‍ അറ്റാക്കിങ്ങില്‍ അഡ്രിയാന്‍ അസിയറിന് നല്‍കിയ പന്ത് കൈകൊണ്ട് തട്ടിയ മുഹമ്മദ് ആസിഫിന് രണ്ടാം മഞ്ഞ കാര്‍ഡും ചുവപ്പു കാര്‍ഡ് കണ്ട് പുറത്തേക്ക്. ഇതോടെ പത്ത് പേരുമായി ചുരുങ്ങിയെങ്കിലും കാലിക്കറ്റ് അക്രമണത്തിന് കുറവുണ്ടായില്ല. കണ്ണൂരിന്റെ ഗോള്‍ മുഖം ലക്ഷ്യമാക്കി നിരവധി തവണ ആക്രമണം നടത്തിയെങ്കിലും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. ഇതോടെ ആദ്യ പകുതി 1-1ന് സമനിലയില്‍ പിരിഞ്ഞു.
രണ്ടാം പകുതിയില്‍ കണ്ണൂര്‍ വാരിയേഴ്‌സിന് പത്തുപേരുമായി ചുരുങ്ങിയ കാലിക്കറ്റിന് മേല്‍ ആധിപത്യം പുലര്‍ത്താന്‍ സാധിച്ചില്ല. കണ്ണൂര്‍ 49-ാം മിനിറ്റില്‍ അവസരം തുറന്നെങ്കിലും കാലിക്കറ്റ് പ്രതിരോധം ശക്തിപ്പെടുത്തിയിരുന്നു. രണ്ടാം പകുതിയിലുടനീളം കാലിക്കറ്റ് ശക്തമായി ചെറുത്തു നിന്ന് ജയതുല്യമായ സമനില സ്വന്തമാക്കുകയായിരുന്നു. 86 ാം മിനിറ്റില്‍ സിനാനിലൂടെ കണ്ണൂരിന്റെ ഉഗ്രന്‍ കൗണ്ടര്‍ അറ്റാക്ക്. ഒടുവില്‍ ഇടത് വിങ്ങില്‍ നിന്നിരുന്ന അര്‍ഷാദിന് ലഭിച്ചെങ്കിലും ഗോളെന്ന് ഉറപ്പിച്ച അവസരം പുറത്തേക്ക് പോയി.ഇതോടെ കളി സമനിലയില്‍ കലാശിച്ചു.









