
കൊല്‍ക്കത്ത: ഐപിഎല്‍ 2026 സീസണിലേക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ (കെകെആര്‍)ബൗളിങ് പരിശീലകനായി ന്യൂസിലന്‍ഡ് മുന്‍ പേസ് ബൗളര്‍ ടിം സൗത്തിയെ നിയമിച്ചു. അന്താരാഷ്‌ട്ര മത്സരങ്ങളില്‍ മികച്ച കരിയര്‍ ഗ്രാഫ് കൈവരിച്ചിട്ടുള്ള താരത്തിന്റെ ടാക്ടിക്‌സുകളും അനുഭവ സമ്പത്തും ടീമിന്റെ ബൗളിങ് മെച്ചപ്പെടുത്തുന്നതില്‍ വലിയ തോതില്‍ ഗുണം ചെയ്യുമെന്ന് കെകെആര്‍ ഫ്രാഞ്ചൈസി ഔദ്യോഗിക വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
കിവീസിനായുള്ള 15 വര്‍ഷം നീണ്ട കരിയറില്‍ സൗത്തി 107 ടെസ്റ്റുകളും 161 ഏകദിനങ്ങളും 126 ട്വന്റി20 മത്സരങ്ങളും കളിച്ചു. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ആകെ 776 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 2019 ഏകദിന ലോകകപ്പ് റണ്ണറപ്പുകളായ ന്യൂസിലന്‍ഡ് ടീമിലും 2021ലെ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കളായ ന്യൂസിലന്‍ഡ് ടീമിലും സൗത്തി പ്രധാന ബൗളറായിരുന്നു.









