
പാരീസ്: ഫ്രാന്‍സ് ലോകകപ്പ് ഫുട്‌ബോള്‍ 2026ന് യോഗ്യത നേടി. യൂറോപ്യന്‍ യോഗ്യതാ മത്സരങ്ങളില്‍ ഗ്രൂപ്പ് ഡിയില്‍ നടന്ന പോരാട്ടത്തില്‍ ഉക്രൈനെ 4-0ന് തകര്‍ത്തതോടെയാണ് നിലവിലെ റണ്ണറപ്പുകളായ ഫ്രാന്‍സ് ലോകകപ്പ് പാസ് ഉറപ്പാക്കിയത്.
ലോകകപ്പ് യോഗ്യതയില്‍ ഒരു റൗണ്ട് മത്സരം ബാക്കിനില്‍ക്കെയാണ് ഫ്രാന്‍സ് യോഗ്യത ഉറപ്പിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിന് പിന്നാലെ യൂറോപ്പില്‍ നിന്നും യോഗ്യത നേടുന്ന രണ്ടാമത്തെ ടീമായി ഫ്രാന്‍സ് മാറി. ഇംഗ്ലണ്ട് ആണ് യോഗ്യത നേടിയ ആദ്യ യൂറോപ്യന്‍ ടീം.
കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ അകമ്പടിയിലാണ് ഫ്രാന്‍സ് ലോകകപ്പിലിടം പിടിക്കാനുള്ള വമ്പന്‍ വിജയം നേടിയത്. സ്വന്തം നാട്ടില്‍ യുക്രെയ്നെ നേരിട്ട ഫ്രാന്‍സ് ആദ്യ പകുതിയില്‍ മികച്ച കളി കാഴ്‌ച്ചവച്ചെങ്കിലും ഗോള്‍ നേടിയില്ല. രണ്ടാം പകുതിയില്‍ അതിന്റെ എല്ലാ ക്ഷീണവുംതീര്‍ത്തു. 55-ാം മിനിറ്റില്‍ പെനാല്‍റ്റി ഗോളാക്കി എംബാപ്പെ തുടക്കമിട്ടു. 76-ാം മിനിറ്റില്‍ മൈക്കല്‍ ഒലീസെ ലീഡ് ഇരട്ടിയാക്കി. ഏഴ് മിനിറ്റിനകം മികച്ചൊരു ഫിനിഷിങ്ങിലൂടെ എംബാപ്പെ ഇരട്ടഗോള്‍ തികച്ചു. 88-ാം മിനിറ്റില്‍ ഹ്യൂഗോ എക്കിടിക്കെയും ഗോള്‍ നേടി.
ഗ്രൂപ്പ് ഡിയില്‍ ആറില്‍ അഞ്ച് കളികള്‍ തീരുമ്പോള്‍ ഫ്രാന്‍സിന് 13 പോയിന്റായി. ഇത്രയും മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മറ്റ് ടീമുകളില്‍ ഐസ്ലന്‍ഡും യുക്രെയ്നുമാണ് തൊട്ടു താഴെ. ഇരു ടീമുകളെക്കാള്‍ ആറ് പോയിന്റ് മുന്നിലാണ് ഫ്രാന്‍സ്. അവസാന റൗണ്ടില്‍ ഇവര്‍ ജയിച്ചാല്‍ പോലും ഫ്രാന്‍സിന്റെ ഒപ്പമെത്താന്‍ പോലും സാധിക്കില്ലെന്ന് വന്നതോടെയാണ് യോഗ്യത ഉറപ്പിച്ചത്.









