
ടിറാന(അല്‍ബേനിയ): ലോകകപ്പ് ഫുട്‌ബോള്‍ 2026ലേക്കുള്ള യോഗ്യതാ മത്സരങ്ങളില്‍ ഏറ്റവും തിളക്കമാര്‍ന്ന മുന്നേറ്റവുമായി ഇംഗ്ലണ്ട്. കളിച്ച കളികളെല്ലാം ജയിച്ചുകൊണ്ടാണ് ഇംഗ്ലണ്ട് ലോകകപ്പിന് യോഗ്യത നേടിയത്. മാത്രമല്ല എട്ട് കളികളില്‍ ഒരു ഗോള്‍ പോലും വിഴങ്ങിയിട്ടില്ല.
തോമസ് ടുഷേല്‍ നയിക്കുന്ന ഇംഗ്ലണ്ട് ടീം ആണ് ഇക്കുറി യൂറോപ്പില്‍ നിന്നും ആദ്യമായി ലോകകപ്പ് യോഗ്യത നേടിയത്. ഇന്നലെ അല്‍ബേനിയക്കെതിരായ മത്സരത്തിലൂടെ യോഗ്യത പോരാട്ടങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം പകുതിയില്‍ സൂപ്പര്‍ താരം ഹാരി കെയ്ന്‍ നേടിയ ഇരട്ട ഗോളിന്റെ ബലത്തിലായിരുന്നു ഇംഗ്ലണ്ടിന്റെ അവസാന യോഗ്യതാ മത്സരത്തിലെ വിജയം. സെര്‍ബിയ, ലാത്വിയ, അണ്ടോറ എന്നിവയാണ് ഇംഗ്ലണ്ട് ഉള്‍പ്പെട്ട ഗ്രൂപ്പ് കെയിലെ മറ്റ് ടീമുകള്‍.
ഇന്നലെ നടന്ന മറ്റ് ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഇസ്രായേല്‍ മോള്‍ഡോവയെ 4-1ന് തോല്‍പ്പിച്ചു. ഇന്ന് രാത്രിയിലെ മത്സരങ്ങളോടെ യൂറോപ്യന്‍ ടീമുകളുടെ ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളെല്ലാം സമാപിക്കും. അതിന് ശേഷം പ്ലേ ഓഫ് പട്ടികയില്‍ ഉള്‍പ്പെടുന്ന ടീമുകള്‍ക്ക് മാര്‍ച്ചില്‍ വീണ്ടും അവസരമുണ്ട്.
കളികള്‍- 8
ജയം- 8
സമനില- 0
തോല്‍വി- 0
നേടി ഗോള്‍- 22
വഴങ്ങിയ ഗോള്‍- 0









