
ഫ്രാങ്ക്ഫര്‍ട്ട്: യൂറോപ്യന്‍ മേഖലയിലെ ലോകകപ്പിന് യോഗ്യതാ പോരാട്ടങ്ങള്‍ അവസാനത്തിലേക്ക്. മിന്നും ജയത്തോടെ ലോക ഫുട്‌ബോളിലെ പവര്‍ഹൗസുകളായ ജര്‍മനിയും നെതര്‍ലന്‍ഡ്‌സും അമേരിക്ക, ക്യാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളില്‍ 2026ല്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന് യോഗ്യത നേടി. ലീപിസിഗില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ആറ് ഗോളുകള്‍ക്ക് സ്ലൊവാക്യയെ പരാജയപ്പെടുത്തിയാണ് ജര്‍മനി ലോകകപ്പിനെത്തുന്നത്. ജര്‍മനിക്കായി സൂപ്പര്‍ താരം ലെറോയ് സാനെ (36,41) ഇരട്ടഗോള്‍ നേടി. നിക് വോള്‍ട്ടെമേഡ് (18), സെര്‍ജെ നാബ്രി (29), റഇഡില്‍ ബാകു (67), അസ്സാന്‍ ഔഡ്രോഗോ (79) എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍. ആറ് കളികളില്‍നിന്ന് 13 പോയിന്റുമായാണ് ജര്‍മനി ലോകകപ്പ് ടിക്കറ്റെടുത്തത്. ആറ് കളികളില്‍നിന്ന് 12 പോയിന്റുള്ള സ്ലൊവാക്യക്ക് പ്ലേ ഓഫ് കളിക്കണം.
ലിത്വാനിയയെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി നെതര്‍ലന്‍ഡ്‌സും ലോകകപ്പ് ടിക്കറ്റെടുത്തു. ടിജ്ജനി റെയ്ന്‍ഡേഴ്‌സ് (16), കോഡി ഗാപ്‌കോ (58), സാവി സിമോണ്‍സ് (60), ഡോണില്‍ മലന്‍ (62) എന്നിവര്‍ ഡച്ച് പടയ്‌ക്കായി സ്‌കോര്‍ ചെയ്തു. എട്ട് കളികളില്‍നിന്ന് 23 പോയിന്റുമായാണ് ഹോളണ്ട് ലോകകപ്പിനെത്തുന്നത്. രണ്ടാം സ്ഥാനത്തുള്ള പോളണ്ടിന് അത്രയും കളികളില്‍നിന്ന് 17 പോയിന്റാണുള്ളത്. അതുകൊണ്ടുതന്നെ പോളണ്ട് പ്ലേ ഓഫ് കളിക്കണം. കഴിഞ്ഞ ദിവസം നടന്ന കളിയില്‍ പോളണ്ട് മാള്‍ട്ടയെ പരാജയപ്പെടുത്തി. രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു പോളണ്ടിന്റെ ജയം.
സൂപ്പര്‍ താരം ലെവന്‍ഡോവ്‌സ്‌കി (32), പാള്‍ സോലെക് (59), പിയോട്ടര്‍ സീലിന്‍സ്‌കി (85) എന്നവര്‍ പോളണ്ടിനു വേണ്ടി ഗോളുകള്‍ നേടിയപ്പോള്‍ ഇര്‍വിന്‍ കാര്‍ഡോണ (36), ടെഡി ടെവോമ (68) എന്നിവരാണ് മാള്‍ട്ടയുടെ സ്‌കോറര്‍മാര്‍.
ക്രൊയേഷ്യ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് മോണ്ടിനെഗ്രോയോ പരാജയപ്പെടുത്തി. നേരത്തെ തന്നെ ലോകകപ്പിനിടം നേടി ക്രൊയേഷ്യക്ക് പിന്നില്‍ രണ്ടാമതെത്തിയ ചെച്ചിയ പ്ലേ ഓഫ് കളിക്കണം. അവര്‍ക്ക് എട്ട് കളികളില്‍നിന്ന് 16 പോയിന്റാണുള്ളത്.
ലോകകപ്പിന് യോഗ്യത നേടിയ ടീമുകള്‍ ഇതുവരെ (34)
ഏഷ്യ (8)
ജപ്പാന്‍, ഇറാന്‍, ഉസ്‌ബെക്കിസ്ഥാന്‍, ജോര്‍ദാന്‍, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ഖത്തര്‍, സൗദി അറേബ്യ.
(ഖത്തറും യുഎഇയും പ്ലേ ഓഫ് കളിക്കും)
ആഫ്രിക്ക (9)
മൊറോക്കോ, ടുണീഷ്യ, ഈജിപ്ത്, അള്‍ജീരിയ , ഘാന, കേപ് വെര്‍ഡെ, ദക്ഷിണാഫ്രിക്ക, സെനെഗല്‍, ഐവറി കോസ്റ്റ്.
തെക്കെ അമേരിക്ക (6)
അര്‍ജന്റീന, ബ്രസീല്‍, ഇക്വഡോര്‍, ഉറുഗ്വെ, കൊളംബിയ, പരാഗ്വെ.
ഓഷ്യാനിയ (1)
ന്യൂസിലന്‍ഡ്
യൂറോപ്പ് (7)
ഇംഗ്ലണ്ട്, ഫ്രാന്‍സ്, ക്രൊയേഷ്യ, പോര്‍ച്ചുഗല്‍, നോര്‍വെ, ജര്‍മനി, നെതര്‍ലന്‍ഡ്‌സ്.
ആതിഥേയര്‍ : അമേരിക്ക, കാനഡ, മെക്‌സിക്കോ
ഗ്രൂപ്പ് എ
ജര്‍മനിക്ക് യോഗ്യത, സ്ലൊവാക്യ പ്ലേ ഓഫിന്
ഗ്രൂപ്പ് ജി- നെതര്‍ലന്‍ഡ്‌സിന് യോഗ്യത, പോളണ്ട് പ്ലേ ഓഫിന്
ഗ്രൂപ്പ് എല്‍- ക്രൊയേഷ്യ ലോകകപ്പിന്, ചെച്ചിയ പ്ലേ ഓഫിന്
യൂറോപ്പില്‍നിന്ന് പ്ലേ ഓഫ് കളിക്കേണ്ടവര്‍ ഇതുവരെ
ഇറ്റലി, യുക്രെയ്ന്‍, റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ്, അല്‍ബാനിയ, ചെക് റിപ്പബ്ലിക്, സ്ലൊവാക്യ, പോളണ്ട്









