
ലഖ്‌നൗ: സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ടൂര്‍ണ്ണമെന്റില്‍ കേരളം ആദ്യ മത്സരത്തില്‍ ഒഡീഷയെ പത്ത് വിക്കറ്റിന് തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത ഒഡീഷ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 16.3 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ ലക്ഷ്യത്തിലെത്തി.
60 പന്തുകളില്‍ നിന്ന് 121 റണ്‍സുമായി രോഹനും 41 പന്തുകളില്‍ നിന്ന് 51 റണ്‍സുമായി സഞ്ജുവും പുറത്താകാതെ നിന്നു. 22 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി തികച്ച രോഹന്‍ 54 പന്തിലാണ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. രോഹനും സഞ്ജുവും ചേര്‍ന്ന് പിരിയാതെ നേടിയ 177 റണ്‍സ് സയ്യിദ് മുഷ്താഖ് അലി ടൂര്‍ണ്ണമെന്റിലെ റിക്കാര്‍ഡ് ഓപ്പണിങ് കൂട്ടുകെട്ടായി.
2023ല്‍ ചണ്ഡീഗഢിന് വേണ്ടി മനന്‍ വോറയും അര്‍ജുന്‍ ആസാദും ചേര്‍ന്ന് നേടിയ 159 റണ്‍സിന്റെ റിക്കാര്‍ഡാണ് പഴങ്കഥയാക്കിയത്. ഒഡീഷ കേരളത്തിന് മുന്നില്‍ വച്ച വെല്ലുവിളിയുയര്‍ത്താവുന്ന ലക്ഷ്യത്തിലേക്കിറങ്ങിയ ക്യാപ്റ്റന്‍ സഞ്ജുവും രോഹനും ചേര്‍ന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. അഞ്ചാം ഓവറില്‍ കേരള സ്‌കോര്‍ 50 കടന്നു. രോഹന്‍ തകര്‍ത്തടിച്ച് മുന്നേറിയപ്പോള്‍ മറുവശത്ത് സഞ്ജു മികച്ച പിന്തുണ നല്‍കി. ഒഡീഷ ക്യാപ്റ്റന്‍ ഏഴ് ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. 10.3 ഓവറില്‍ നൂറ് പിന്നിട്ട കേരളം 21 പന്തുകള്‍ ബാക്കി നില്‍ക്കെ അനായാസം ലക്ഷ്യത്തിലെത്തി.
പത്ത് ഫോറും പത്ത് സിക്‌സും അടങ്ങുന്നതായിരുന്നു രോഹന്റെ ഇന്നിങ്‌സ്. സയ്യിദ് മുഷ്താഖ് അലി ടൂര്‍ണ്ണമെന്റില്‍ രണ്ട് സെഞ്ച്വറി നേടുന്ന ആദ്യ കേരള താരമെന്ന നേട്ടവും ഈ ഇന്നിങ്‌സിലൂടെ രോഹന്‍ സ്വന്തമാക്കി. ആറ് ഫോറും ഒരു സിക്‌സുമടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ അര്‍ദ്ധ സെഞ്ച്വറി പ്രകടനം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഒഡീഷയ്‌ക്ക് ഓപ്പണര്‍മാര്‍ വേഗത്തിലുള്ള തുടക്കം തന്നെ നല്‍കി. സ്വസ്ഥിക് സമലും ഗൗരവ് ചൗധരിയും 48 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അഞ്ചാം ഓവറില്‍ നിധീഷ് ഇരുവരെയും പുറത്താക്കി. തുടര്‍ന്ന് മധ്യനിരയില്‍ ഒത്തു ചേര്‍ന്ന ക്യാപ്റ്റന്‍ ബിപ്ലവ് സമന്തര(53)യും സംബിത് ബാരലും(40) ചേര്‍ന്ന കൂട്ടുകെട്ടാണ് ഒഡീഷയ്‌ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. കേരളത്തിന് വേണ്ടി എം ഡി നിധീഷ് നാലും കെ എം ആസിഫ് രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി.









