
മുംബൈ: അടുത്ത വര്‍ഷം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് 2026ന്റെ മത്സരക്രമം ആയി. ഉദ്ഘാടന ദിവസം സഹ അതിഥേയരായ ഭാരതം അമേരിക്കയെ നേരിടും. ഗ്രൂപ്പ് എയില്‍ പാകിസ്ഥാന്‍, നമീബിയ, നെതര്‍ലന്‍ഡ്‌സ് ടീമുകളാണ് ഭാരതത്തിനൊപ്പം ഉള്‍പ്പെട്ടിരിക്കുന്ന മറ്റ് ടീമുകള്‍.
അടുത്തവര്‍ഷം ഫെബ്രുവരി ഏഴിനാണ് ടി20 ലോകകപ്പിന്റെ ഉദ്ഘാടനം. വൈകീട്ട് ഏഴിന് മുംബൈയിലാണ് ഭാരതം- അമേരിക്ക പോരാട്ടം. അന്ന് രാവിലെ 11ന് കൊളംബോയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ പാകിസ്ഥാന്‍ നെതര്‍ലന്‍ഡ്‌സിനെ നേരിടും.
പാകിസ്ഥാനെതിരായ ഭാരതത്തിന്റെ മത്സരം ഫെബ്രുവരി 15ന് കൊളംബോയിലാണ്. വൈകീട്ട് ഏഴിനാണ് പോരാട്ടം. ഫെബ്രുവരി 12ന് നമീബിയയെ നേരിടുന്ന ഭാരതം 18ന് നെതര്‍ലന്‍ഡ്‌സിനെതിരെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനിറങ്ങും.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടം ഓസ്‌ട്രേലിയയും-ഒമാനും തമ്മിലാണ്. ഫെബ്രുവരി 20ന് കാന്‍ഡിയിലായിരിക്കും ഈ മത്സരം.
ഫെബ്രുവരി 21ന് ആരംഭിക്കുന്ന സൂപ്പര്‍ എട്ട് പോരാട്ടങ്ങള്‍ മാര്‍ച്ച് ഒന്നിന് അവസാനിക്കും. സെമി മത്സരങ്ങള്‍ മാര്‍ച്ച് നാല്, അഞ്ച് തീയതികളിലായി നടക്കും. മാര്‍ച്ച് എട്ടിനാണ് ഫൈനല്‍.
മുംബൈയില്‍ ഇന്നലെ നടന്ന ഐസിസി ചടങ്ങിലാണ് ഫിക്‌സര്‍ പ്രഖ്യാപിച്ചത്. ചടങ്ങില്‍ ഐസിസി അധ്യക്ഷന്‍ ജയ് ഷാ, ഭാരതത്തിനായി കിരീടം നേടിതന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു.
ട്വന്റി20 ലോകകപ്പ് ഘട്ടം
ഗ്രൂപ്പ് എ
ഭാരതം, പാകിസ്ഥാന്‍, നമീബിയ, നെതര്‍ലന്‍ഡ്‌സ്, അമേരിക്ക
ഗ്രൂപ്പ് ബി
ഓസ്‌ട്രേലിയ, ശ്രീലങ്ക, അയര്‍ലന്‍ഡ്, സിംബാബ്‌വെ, ഒമാന്‍
ഗ്രൂപ്പ് സി
ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ്, ബംഗ്ലാദേശ്, നേപ്പാള്‍, ഇറ്റലി
ഗ്രൂപ്പ് ഡി
ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍, കാനഡ, യുഎഇ









