
ഗോവ: ചെസ് ഇതാ ജെന്‍ സീ തലമുറക്കാരിലേക്ക് ചായുകയാണ്. അവര്‍ ലോകചെസ്സില്‍ കലാപമുണ്ടാക്കുന്നു. പരമ്പരാഗത ചാമ്പ്യന്മാരെ മറിച്ചിടുന്നു. ഗോവയില്‍ നടന്ന ഫിഡെ ലോക ചെസ്സില്‍ കിരീടം നേടിയ ഉസ്ബെക്കിസ്ഥാന്‍ താരമായ ജൊവോഖിര്‍ സിന്‍ഡൊറോവിന് പ്രായം വെറും 19 മാത്രം. 1997 മുതല്‍ 2012 വരെയുള്ള കാലഘട്ടത്തിലുള്ളവരെ ജെന്‍ സീ തലമുറക്കാരായി കണക്കാക്കാം. അങ്ങിനെ എടുത്തുനോക്കിയാല്‍ ലോക ചെസ്സില്‍ ഇത് ജെന്‍ സീ വസന്തകാലമാണ്.
കഴിഞ്ഞ വര്‍ഷം സിംഗപ്പൂരില്‍ നടന്ന ലോകചെസ് കിരീടമത്സരത്തില്‍ ജേതാവായപ്പോള്‍ ഇന്ത്യയുടെ ഗുകേഷിന് പ്രായം വെറും 18മാത്രമാണ്. ലോകത്തിലെ ഏറ്റവും പ്രായംകൂടി ലോകചെസ് കിരീടജേതാവായി ഗുകേഷ് മാറി.
അതുപോലെ ഫിഡെ വനിതാലോകചെസ് കിരീടം ഇയിടെ നേടിയ ഇന്ത്യയുടെ ദിവ്യ ദേശ് മുഖിന് വെറും 19 വയസ്സേ ഉള്ളൂ. ഇനിയുള്ള കാലം ചെസ് പ്രായംകുറഞ്ഞവരിലേക്ക് കൂടുതലായി എത്തുമെന്ന് ഉസ്ബെക് താരം സിന്‍ഡൊറോവ് പറയുന്നു.
ഇതിന് കാരണം ചെസ്സിന്റെ കളിതന്ത്രങ്ങള്‍ ഓരോ നിമിഷവും മാറിമറിയുകയാണ് എന്നതാണ്. മാനസികമായി സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള ഉരുക്ക് മനസ്സാണ് പ്രധാനം. അതല്ലാതെ പ്രതിഭ കൊണ്ട് മാത്രം രക്ഷപ്പെടാനാവില്ല. ഇപ്പോള്‍ എഐ ഉള്‍പ്പെടെ ചെസ്സില്‍ സജീവമാണ്. എഐ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടറുകളോടാണ് ഇന്നത്തെ തലമുറ ഏറ്റുമുട്ടുന്നത്. ഇവരുടെ ചെസ് ഗെയിം വിശകലന രീതികളും വ്യത്യസ്തമാണ്.
ഓണ്‍ലൈന്‍ ചെസ്സിന്റെ വരവും കൗമാരക്കാരെ വലിയ തോതില്‍ സ്വാധീനിക്കുന്നു. ഓണ്‍ലൈന്‍ ടൂര്‍ണ്ണമെന്‍റുകളും ധാരാളമായുണ്ട്. സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തില്‍ ചെസ് ഗെയിമുകളെ വിശകലനം ചെയ്യുന്നതും കളിക്കാരെ അവരുടെ ഗെയിം മെച്ചപ്പെടുത്താന്‍ പരമാവധി സഹായിക്കുന്നു.
ഗോവയില്‍ തന്നെ ജൊവോഖിര്‍ സിന്‍ഡൊറോവിനെക്കൂടാതെ 12 വയസ്സുകാരന്‍ ഫോസ്റ്റിനോ ഓറോ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഗോവയില്‍ എത്തിയ മറ്റ് പ്രായം കുറഞ്ഞ കളിക്കാരില്‍ യുഎസില്‍ നിന്നുള്ള ഇന്ത്യന്‍ വേരുകളുള്ള താരം അഭിമന്യു മിശ്ര ഉള്‍പ്പെടുന്നു- 16 വയസ്സേ ഉള്ളൂ. മറ്റൊരാള്‍ റഷ്യന്‍ താരം വൊളോഡൊര്‍ മുര്‍സിന് 19 വയസ്സേ ഉള്ളൂ. ലോക റാപ്പിഡ് ചാമ്പ്യന്‍ കൂടിയാണ് മുര്‍സിന്‍. ഇന്ത്യയുടെ പ്രതീക്ഷയായ പ്രണവ് വിയ്‌ക്ക് പ്രായം 19. ഇന്ത്യയുെ പ്രണേഷ് എമ്മിന് പ്രായം 19 തന്നെ. ജര്‍മ്മനിയുടെ യുവതാരം ഫ്രെഡറിക് സ്വെയിന്‍ ഗുകേഷിനെ വരെ അട്ടിമറിച്ച് തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെച്ചിരുന്നു. പ്രായം 21. തുര്‍ക്കി താരം എഡിസ് ഗുറേലും നല്ല മുന്നേറ്റം നടത്തിയിരുന്നു. പ്രായം 16. ഇന്ത്യയുടെ മറ്റൊരു താരം ലിയോണ്‍ ലൂക് മെന്‍ഡോങ്കയ്‌ക്ക് പ്രായം 19 ആണ്. ഇവരെല്ലാം മികച്ച പ്രകടനം പുറത്തെടുത്തവരാണ്. അതെ ചെസ് കൗമാരക്കാരിലേക്ക് ചായുകയാണ്.









