
തിരുവനന്തപുരം: ഇഞ്ചുറി സമയത്ത് വഴങ്ങിയ രണ്ട് ഗോളില്‍ പരാജയം നേരിട്ടതോടെ തിരുവനന്തപുരം കൊമ്പന്‍സിന്റെ സൂപ്പര്‍ ലീഗ് കേരള സെമി പ്രവേശനം ത്രിശങ്കുവില്‍.
ഇന്നലെ തങ്ങളുടെ അവസാന മത്സരത്തില്‍ കാലിക്കറ്റ് എഫ്സിയുമായി പരാജയപ്പെട്ടതാണ് അവരുടെ പ്രവേശനം തുലാസിലായത്. കാലിക്കറ്റ് എഫ്സിക്കെതിരായ നിര്‍ണായക പോരാട്ടത്തില്‍ പരിക്ക് സമയത്തിന്റെ രണ്ടാം മിനിറ്റ് വരെ 1-0ന് മുന്നിട്ടുനിന്ന അവര്‍ ഇഞ്ചുറി സമയത്തിന്റെ അഞ്ചാം മിനിറ്റില്‍ സമനില ഗോള്‍ വഴങ്ങിയതാണ് അവര്‍ക്ക് തിരിച്ചടിയായത്. 92-ാം മിനിറ്റില്‍ റിന്‍കോണും 98-ാം മിനിറ്റില്‍ മുഹമ്മദ് അജ്സലുമാണ് കാലിക്കറ്റിനായി ഗോള്‍ നേടിയത്. 16-ാം മിനിറ്റില്‍ പൗലോ വിക്ടറാണ് കൊമ്പന്‍സിനായി ഗോളടിച്ചത്.
ഇതോടെ കഴിഞ്ഞ ദിവസം തൃശൂര്‍ മാജിക് എഫ്സിയെ പരാജയപ്പെടുത്തിയ കണ്ണൂര്‍ വാരിയേഴ്സ് സെമിയിലേക്ക് മുന്നേറുകയും ചെയ്തു. അതേസമയം പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ ഇന്ന് മലപ്പുറം എഫ്സി ഫോഴ്സ കൊച്ചിയോട് പരാജയപ്പെട്ടാല്‍ മാത്രമേ കൊമ്പന്‍സിന്റെ സെമി പ്രവേശം സാധ്യമാകൂ. ലീഗിലെ തങ്ങളുടെ എല്ലാ മത്സരവും പൂര്‍ത്തിയാക്കിയ കൊമ്പന്‍സ് 10 കളികളില്‍ നിന്ന് 12 പോയിന്റുമായി നിലവില്‍ നാലാം സ്ഥാനത്താണ്.
ആറാം മിനിറ്റില്‍ മുഹമ്മദ് അസ്ഹര്‍ ഇടതുവിങിലൂടെ മുന്നേറി നടത്തിയ ഷോട്ടിന് കാലിക്കറ്റ് പോസ്റ്റില്‍ അപകട ഭീഷണിയുയര്‍ത്താന്‍ കഴിഞ്ഞില്ല.പതിനാറാം മിനിറ്റില്‍ കൊമ്പന്‍സ് ഗോള്‍ നേടി. ഇടതു വിങില്‍ നിന്ന് ബാദിഷ് നല്‍കിയ പന്തിലേക്ക് ചാടിവീണ പൗലോ വിക്ടര്‍ കൃത്യമായി ഫിനിഷ് ചെയ്തു (10).
ഇരുപത്തിനാലാം മിനിറ്റില്‍ ബ്രൂണോ കൂഞ്ഞയുടെ ക്ലോസ് റേഞ്ച് ഷോട്ട് കൊമ്പന്‍സ് ഗോള്‍ കീപ്പര്‍ സത്യജിത് തട്ടിത്തെറിപ്പിച്ചു. പിന്നാലെ പരിക്കേറ്റ കാലിക്കറ്റ് ക്യാപ്റ്റന്‍ അജയ് അലക്സ് കളം വിട്ടു. പകരമെത്തിയത് ഷഹബാസ് അഹമ്മദ്. പിന്നാലെ കൊമ്പന്‍സിന്റെ റിനാന്‍ റോച്ചക്കും കാലിക്കറ്റിന്റെ ആസിഫിനും മഞ്ഞക്കാര്‍ഡ് ലഭിച്ചു. ആദ്യപകുതിയില്‍ ഗോള്‍കീപ്പര്‍ സത്യജിത് നടത്തിയ തകര്‍പ്പന്‍ സേവുകളാണ് കൊമ്പന്‍സിനെ ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് രക്ഷിച്ചത്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ലീഗിലെ ടോപ് സ്‌കോറര്‍ മുഹമ്മദ് അജ്സലിനെ കാലിക്കറ്റ് പകരക്കാരനായി കൊണ്ടുവന്നു. തുടര്‍ച്ചയായ എതിര്‍ ബോക്സിലേക്ക് മുന്നേറ്റങ്ങള്‍ നടത്തിയ കാലിക്കറ്റിന് പക്ഷേ സമനില ഗോളിനായി പരിക്ക് സമയം വരെ കാത്തിരിക്കേണ്ടിവന്നു. പെനാല്‍റ്റിയിലൂടെ റിങ്കണാണ് കാലിക്കറ്റിന്റെ സമനില ഗോള്‍ നേടിയത്. പിന്നാലെ ഫ്രീകിക്കില്‍ നിന്ന് വന്ന പന്ത് ഗോളാക്കി മാറ്റിയ അജ്സല്‍ കാലിക്കറ്റ് എഫ്സിക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചു. കോഴിക്കോട് നടന്ന ആദ്യപാദത്തില്‍ കാലിക്കറ്റ് ഒരു ഗോളിന് കൊമ്പന്‍സിനെ തോല്‍പ്പിച്ചിരുന്നു.









