
റായിപൂര്‍: ഏകദിന പരമ്പരയില്‍ വിരുന്നുകാരായ ദക്ഷിണാഫ്രിക്ക അതിഥേയരായ ഭാരതത്തിനൊപ്പമെത്തി. രണ്ടാം മത്സരത്തില്‍ നാല് വിക്കറ്റ് ജയം നേടിക്കൊണ്ട് പരമ്പര 1-1 സമനിലയിലായി. ഇതോടെ ശനിയാഴ്‌ച്ച വിശാഖപട്ടണത്ത് നടക്കുന്ന മൂന്നാം ഏകദിനം ഫൈനലിന്റെ പ്രതീതിയുണ്ടാക്കുമെന്നുറപ്പായി.
രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഭാരതം 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്ക 49.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി(359).
വീണ്ടും റണ്‍മല കണ്ട മത്സരത്തില്‍ രണ്ട് ഇന്നിങ്‌സുകളിലുമായി 717 റണ്‍സാണ് പിറന്നത്. കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ദക്ഷിണാഫ്രിക്കന്‍ വിജയത്തിന് അടിത്തറയായത് എയ്‌ദെന്‍ മാര്‍ക്രത്തിന്റെ സെഞ്ചുറി പ്രകടനമാണ്. 88 പന്തുകളില്‍ സെഞ്ചുറി തികച്ച മാര്‍ക്രം 110 റണ്‍സെടുത്ത് പുറത്തായി. മാത്യൂ ബ്രീട്‌സ്‌കെ(68)യുടെയും ഡെവാള്‍ഡ് ബ്രെവിസിന്റെയും(54) അര്‍ദ്ധ സെഞ്ചുറികളും ദക്ഷിണാഫ്രിക്കന്‍ വിജയത്തിന് നിര്‍ണായകമായി. ക്യാപ്റ്റന്‍ ടെംബ ബവൂമയും(46) അവസാന ഓവറുകളില്‍ കോര്‍ബിന്‍ ബോഷും(പുറത്താകാതെ 26) കേശവ് മഹാരാജും(പുറത്താകാതെ 10) വിലപ്പെട്ട സംഭാവനകള്‍ നല്‍കി. ഭാരത ബൗളര്‍മാരില്‍ അര്‍ഷദീപ് സിങ് മാത്രമാണ് ഭാരത നിരയില്‍ കണിശമായി പന്തെറിഞ്ഞത്. രണ്ട് വിക്കറ്റ് നേടിയ മികച്ച പ്രകടനം കാഴ്‌ച്ചവച്ച താരത്തിന് പിന്തുണ നല്‍കാന്‍ പാകത്തില്‍ ഒരു ബൗളര്‍മാരും അവസരത്തിനൊത്തുയര്‍ന്നില്ല.
രണ്ടാം മത്സരത്തിലും ടോസ് ദക്ഷിണാഫ്രിക്കയ്‌ക്കായമിരുന്നു. എത്ര വലിയ സ്‌കോറും മറികടക്കാമെന്ന ആത്മവിശ്വാസത്തില്‍ അവര്‍ വീണ്ടും ഭാരതത്തെ ബാറ്റിങ്ങിനയച്ചു. തുടരെ രണ്ടാം മത്സരത്തിലും സെഞ്ച്വറിനേടിയ വിരാട് കോഹ്‌ലിയുടെയും(102) മറ്റൊരു സെഞ്ച്വറിക്കാരന്‍ റുതുരാജ് ഗെയ്‌ക്ക്‌വാദിന്റെയും(105) ബാറ്റിങ് ബലത്തിലാണ് ഭാരതം വമ്പന്‍ സ്‌കോര്‍ പടുത്തത്. മൂന്നാം വിക്കറ്റില്‍ കോഹ്‌ലി-ഗെയ്‌ക്ക്‌വാദ് സഖ്യം 195 റണ്‍സ് നേടി. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും(14) യശസ്വി ജയ്‌സ്വാളും(22) മികച്ച തുടക്കം നല്‍കിയെങ്കിലും പെട്ടെന്ന് പുറത്തായി. അര്‍ദ്ധസെഞ്ച്വറിയുമായി തിളങ്ങിയ ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ അവസാന ഓവറുകളില്‍ ഭാരത റണ്‍നിരക്ക് ഉയര്‍ത്തുന്നതില്‍ നിര്‍ണായക ഘടകമായി. രാഹുല്‍(66) പുറത്താകാതെ നിന്നു. ഒപ്പം രവീന്ദ്ര ജഡേജ(24)യും. ദക്ഷിണാഫ്രിക്കന്‍ പേസര്‍ മാര്‍കോ ജാന്‍സെന്‍ രണ്ട് വിക്കറ്റ് നേടി.









