
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ ത്രിപുരയ്‌ക്കെതിരെ വിജയത്തുടക്കവുമായി കേരളം. 145 റണ്‍സിന്റെ ഗംഭീര വിജയമാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ എട്ട് വിക്കറ്റിന് 348 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ത്രിപുര 36.5 ഓവറില്‍ 203 റണ്‍സില്‍ ഓള്‍ ഔട്ടായി. അര്‍ദ്ധ സെഞ്ച്വറി നേടുകയും അഞ്ച് വിക്കറ്റ് വീഴ്‌ത്തുകയും ചെയ്ത ബാബ അപരാജിത്ത് കളിയിലെ താരമായി.
ആദ്യ ഓവറുകളില്‍ ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി നിലയുറപ്പിച്ച രോഹന്‍ കുന്നുമ്മലിന്റെയും(94), അവസാന ഓവറുകളില്‍ തകര്‍പ്പന്‍ അടികളിലൂടെ സെഞ്ചുറി നേട്ടം കൈവരിച്ച വിഷ്ണു വിനോദിന്റെയും(102) ഇന്നിങ്‌സുകളാണ് കേരള വിജയത്തിന്റെ അടിത്തറയായത്.
ത്രിപുരയ്‌ക്ക് മുന്നില്‍ കൂറ്റന്‍ ലക്ഷ്യം വച്ച കേരളത്തിനായി അതിഥി താരമായി കളിക്കുന്ന ബാബാ അപരാജിത് അത്യുക്രന്‍ സ്പിന്‍ പ്രകടനമാണ് കാഴ്‌ച്ചവച്ചത്. 5.5 ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി അപരാജിത് നേടിയ അഞ്ച് വിക്കറ്റ് കേരളത്തിന്റെ കൂറ്റന്‍ വിജയത്തില്‍ നിര്‍ണായകമായി. വമ്പന്‍ ജയത്തിലൂടെ വലിയ റണ്‍നിരക്ക് നേടിയെടുക്കാന്‍ കേരളത്തിന് സാധിച്ചു. ബാറ്റിങ്ങിലും അര്‍ദ്ധ സെഞ്ചുറി പ്രകടനവുമായി മികവുകാട്ടിയ അപരാജിത്(64) ആണ് കളിയിലെ താരമായത്. കേരള ബൗളര്‍മാര്‍ക്ക് മുന്നില്‍ പതറിപ്പോയ ത്രിപുരയ്‌ക്കുവേണ്ടി ശ്രിദാം പോള്‍(67), തേജസ്വി ജയ്‌സ്വാള്‍(40) എന്നിവര്‍ മാത്രമാണ് പൊരുതിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് വേണ്ടി രോഹന്‍ കുന്നുമ്മലും അഭിഷേക് ജെ നായരും ചേര്‍ന്നാണ് ഇന്നിങ്‌സ് തുറന്നത്. ടീം സ്‌കോര്‍ 49ലെത്തുമ്പോള്‍ തുടര്‍ച്ചയായ പന്തുകളില്‍ രണ്ട് പേരെ നഷ്ടമായി. അഭിഷേക് 21 റണ്‍സ് നേടിയപ്പോള്‍ അഹ്‌മദ് ഇമ്രാന്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ മടങ്ങി. തുടര്‍ന്ന് ക്രീസില്‍ ഒരുമിച്ച അപരാജിത്തും കുന്നുമ്മലും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 129 റണ്‍സെടുത്തു. 92 പന്തുകളില്‍ 11 ഫോറും മൂന്ന് സിക്‌സുമടക്കം 94 റണ്‍സ് നേടിയ രോഹന്‍ ത്രിപുര താരം വിജയ് ശങ്കറിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. അധികം വൈകാതെ ബാബ അപരാജിതും പുറത്തായി. തുടര്‍ന്ന് ക്രീസില്‍ നിറഞ്ഞാടിയ വിഷ്ണു വിനോദിന്റെ മികവിലാണ് കേരളത്തിന്റെ സ്‌കോര്‍ കുതിച്ചത്. 62 പന്തുകളില്‍ ഒന്‍പത് ഫോറും ആറ് സിക്‌സുമടക്കം 102 റണ്‍സുമായി വിഷ്ണു വിനോദ് പുറത്താകാതെ നിന്നു. അങ്കിത് ശര്‍മ്മ(28)യും അഖില്‍ സ്‌കറിയ(18)യും റണ്‍സെടുത്തു. ത്രിപുരയ്‌ക്ക് വേണ്ടി മുരസിങ് മൂന്നും, അഭിജിത് സര്‍ക്കാര്‍, വിജയ് ശങ്കര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി.









