മനാമ: പ്രവാസി മലയാളികളുടെ കലാ-സാംസ്കാരിക അഭിരുചികളെ ധാർമ്മിക മൂല്യങ്ങളിലൂന്നി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രിസാല സ്റ്റഡി സർക്കിൾ (ആർ. എസ്. സി) സംഘടിപ്പിക്കുന്ന പതിനഞ്ചാമത് മനാമ സോൺ പ്രവാസി സാഹിത്യോത്സവ് ഡിസംബർ 26 വെള്ളിയാഴ്ച നടക്കും. മനാമയിലെ അൽ മാജിദ് പ്രൈവറ്റ് സ്കൂൾ ആണ് പരിപാടിയുടെ പ്രധാന വേദി.
രാവിലെ 8 മണിക്ക് ആരംഭിക്കുന്ന കലാമേളയിൽ മനാമ സോണിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 14 യൂണിറ്റുകളെ പ്രതിനിധീകരിച്ച് 100-ലധികം പ്രതിഭകൾ മാറ്റുരയ്ക്കും. വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമായി പ്രത്യേകം തയ്യാറാക്കിയ വിവിധ മത്സരയിനങ്ങളാണ് വേദിയിൽ അരങ്ങേറുന്നത്.
ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന കലാമത്സരങ്ങൾക്ക് ശേഷം വൈകിട്ട് 6 മണിക്ക് സാംസ്കാരിക സദസ്സ് നടക്കും. പ്രവാസി സമൂഹത്തിലെ പ്രമുഖ വ്യക്തിത്വങ്ങളും സാംസ്കാരിക പ്രവർത്തകരും സംബന്ധിക്കുന്ന ഈ സദസ്സോടെ രാത്രി 7 മണിയോടെ മേള സമാപിക്കും. യൂണിറ്റ്, സെക്ടർ തലങ്ങളിൽ നടന്ന മത്സരങ്ങളിൽ വിജയിച്ചവരാണ് സോൺ തലത്തിലുള്ള ഈ സാഹിത്യോത്സവത്തിൽ പങ്കെടുക്കുന്നത്.
പ്രവാസ ലോകത്തെ സർഗ്ഗവാസനകളെ കണ്ടെത്തുന്നതിനും അവർക്ക് കൃത്യമായ വേദിയൊരുക്കുന്നതിനും രിസാല സ്റ്റഡി സർക്കിൾ വർഷങ്ങളായി നടത്തിവരുന്ന ഈ സർഗ്ഗമേള ബഹ്‌റൈനിലെ മലയാളി സമൂഹത്തിന് മികച്ചൊരു ദൃശ്യവിരുന്നായിരിക്കും സമ്മാനിക്കുക.









