
ന്യൂദല്‍ഹി: മുടങ്ങിപ്പോയ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) ഫുട്‌ബോള്‍ പുനരാരംഭിക്കാന്‍ വമ്പന്‍ പദ്ധതിയുമായി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍. പുതിയ രീതിയിലുള്ള ഐഎസ്എല്‍ അടുത്ത വര്‍ഷം 2026-27 സീസണ്‍ ആയി ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. ജൂണ്‍ ഒന്നിന് ആരംഭിച്ച് മെയ് 31ന് അവസാനിക്കുന്ന യൂറോപ്യന്‍ ഫുട്‌ബോള്‍ ലീഗ് ശൈലിയാണ് എഐഎഫ്എഫ് വിഭാവനം ചെയ്യുന്നത്. ഇതിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ഐഎസ്എല്ലിലെ ടീമുകള്‍ക്ക് നല്‍കിയതായി എഐഎഫ്എഫ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എം. സത്യനാരായണന്‍ പറഞ്ഞു.
പുതിയ രീയില്‍ ആരംഭിക്കുന്ന ഐഎസ്എല്ലിന്റെ മുഴുവന്‍ ചുമതലയും നടത്തിപ്പും എഐഎഫ്എഫിനായിരിക്കും. അടുത്തിടെ അംഗീകരിക്കപ്പെട്ട എഐഎഫ്എഫ് ഭരണഘടനയുടെ അടിസ്ഥാനത്തിലാകും ഐഎസ്എല്‍ നടത്തിപ്പ്. ഇക്കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കിയെടുക്കാന്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ നിയമവ്യവസ്ഥകള്‍ പാലിക്കുമെന്നും എഐഎഫ്എഫ് വ്യക്തമാക്കി.









