
മെല്‍ബണ്‍: അപൂര്‍വ്വ വിക്കറ്റ് വീഴ്‌ച്ചയ്‌ക്ക് സാക്ഷിയായി ഇത്തവണത്തെ ബോക്‌സി ഡേ ടെസ്റ്റ്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ അരങ്ങേറിയ ആഷസ് ടെസ്റ്റില നാലാം മത്സരത്തിന്റെ ആദ്യ ദിനം വീണത് 20 വിക്കറ്റുകള്‍. ഇതുപൊലൊരു പ്രതിഭാസം ആഷസിന്റെ ചരിത്രത്തില്‍ സംഭവിച്ചത് കൃത്യം ഒന്നേകാല്‍ നൂറ്റാണ്ട് മുമ്പ്. 1901 ഡിസംബര്‍ 26ലെ ആഷസ് പരമ്പരയിലെ ബോക്‌സിങ് ഡേ ടെസ്റ്റില്‍.
ഇന്നലത്തെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്തത് ഓസ്‌ട്രേലിയ. 152 റണ്‍സില്‍ എല്ലാവരും പുറത്തായി. ഇംഗ്ലണ്ടിന്റെ മറുപടി 110 റണ്‍സില്‍ അവസാനിച്ചു. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയ ഒരു ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ നാല് റണ്‍സെടുത്തിട്ടുണ്ട്. സ്‌കോട്ട് ബോളണ്ടും(നാല്) ട്രാവിസ് ഹെഡും ആണ് ക്രീസില്‍.
മെല്‍ബണിലെ(എംസിജി) പിച്ച് സ്വിങ്ങിനെ അകമഴിഞ്ഞ് പിന്തുണച്ചപ്പോള്‍ പേസ് ബൗളര്‍മാര്‍ വിക്കറ്റ് വേട്ടയുടെ പാരമ്യത്തിലെത്തുകയായിരുന്നു. ബോക്‌സിങ് ഡേ ടെസ്റ്റിന്റെ ഇത്തവണത്തെ ആദ്യ ദിവസം സമ്പൂര്‍ണമായും ബൗളര്‍മാരുടെ ശക്തിപരീക്ഷണമായി മാറി. ബാറ്റര്‍മാരില്‍ ഒരാള്‍ പോലുംഅര്‍ദ്ധ സെഞ്ച്വറി തികച്ചില്ല.
ആദ്യം ബാറ്റ് ചെയ്ത ഓസീസിനെ വേഗത്തില്‍ പുറത്താക്കിയതിന്റെ ആശ്വാസത്തില്‍ ഇറങ്ങിയ ഇംഗ്ലണ്ട് നിരയില്‍ ഹാരി ബ്രൂക്(41) ആണ് ടോപ് സ്‌കോറര്‍ ആയത്. 16 റണ്‍സെടുക്കുമ്പോഴേക്കും നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. പേസ് ബൗളര്‍ മൈക്കല്‍ നെസെര്‍ ആണ് ഞെട്ടിച്ചത്. തുടക്കത്തിലേ നേരിട്ട കനത്ത തിരിച്ചടിയെ മറികടക്കാന്‍ ഇംഗ്ലണ്ടിന് ആകെ ഉണ്ടായിരുന്ന പ്രതീക്ഷ ഹാരി ബ്രൂക്ക് ആണ്. ടീം ടോട്ടല്‍ 66ലെത്തിയപ്പോള്‍ ഓസീസ് പേസര്‍ സ്‌കോട്ട് ബോളണ്ടിന്റെ പന്തില്‍ ലെഗ് ബിഫോറായി ബ്രൂക്ക് മടങ്ങി. ബ്രൂക്കിനൊപ്പം ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്(16) പൊരുതാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീറ്റ് ഗുസ് അറ്റ്കിന്‍സണ്‍(28) വാലറ്റക്കാരെയും കൂട്ടുപിടിച്ച് നടത്തിയ പോരാട്ടവീര്യം ടീം ടോട്ടല്‍ മൂന്നക്കത്തിലേക്കെത്തിച്ചു. നെസെര്‍ നേടിയ നാല് വിക്കറ്റിന് പുറമെ ബോളണ്ട് മൂന്ന് ഇംഗ്ലണ്ട് ബാറ്റര്‍മാരെ പുറത്താക്കി. കാമറോണ്‍ ഗ്രീന്‍ ആണ് അറ്റ്കിന്‍സണെ മടക്കി അയച്ചത്.
ടോസ് നേടിയ ഇംഗ്ലണ്ട് ഓസീസിന് ബാറ്റിങ് നല്‍കുകയായിരുന്നു. പിച്ചിന്റെ ആനുകൂല്യം മുതലാക്കി ബൗളര്‍മാര്‍ കൃത്യമായി ദൗത്യം നിറവേറ്റി. അഞ്ച് വിക്കറ്റ് പ്രകടനവുമായി ജോഷ് ടംഗ് ആണ് പേസ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. അറ്റ്കിന്‍സണ്‍ രണ്ട് വിക്കറ്റ് നേടി. ഓസീസ് ബാറ്റര്‍മാരില്‍ മുന്‍നിരക്കാരെല്ലാം അമ്പേ പരാജയമായി. ഉസ്മാന്‍ ഖവാജ(29), അലക്‌സ് കാരി(20), നെസര്‍(35) എന്നിവര്‍ മാത്രമാണ് പൊരുതി നിന്നത്. ടോട്ടല്‍ സ്‌കോര്‍ 51 റണ്‍സ് തകയുമ്പോഴേക്കും ഓസീസിന്റെ നാല് വിക്കറ്റുകള്‍ വീണു. ഏഴാം വിക്കറ്റില്‍ ഗ്രീനും നെസറും ചേര്‍ന്നെടുത്ത 52 ആണ് ഓസീസ് ഇന്നിങ്‌സിലെ ഉയര്‍ന്ന കൂട്ടുകെട്ട്.









