
ലണ്ടന്‍: പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ തകര്‍പ്പന്‍ ജയത്തോടെ പുതുവര്‍ഷത്തെ വരവേറ്റ് ആഴ്‌സണല്‍. ആസ്റ്റണ്‍ വില്ലയ്‌ക്കെതിരായ പോരാട്ടത്തില്‍ 4-1ന്റെ അത്യുഗ്രന്‍ വിജയമാണ് നേടിയത്.
ആദ്യപകുതി ഗോള്‍ രഹിതമായി കടന്നുപോയ ശേഷമാണ് ആഴ്‌സണല്‍ നാല് ഗോളുകളും നേടിയത്. 48-ാം മിനിറ്റില്‍ ഗബ്രിയേല്‍ മഗള്‍ഹീസ് ആഴ്‌സണലിനായി ഡെഡ്‌ലോക്ക് ബ്രേക്ക് ചെയ്തു. നാല് മിനിറ്റിനസം മാര്‍ട്ടിന്‍ സുബിമെന്‍ഡിയുടെ ഗോളില്‍ ലീഡ് ഇട്ടിയായി.
69-ാം മിനിറ്റില്‍ ലിയാന്‍ഡ്രോ ട്രോസാര്‍ഡ് നേടിയ ഗോളില്‍ ആഴ്‌സണല്‍ വീണ്ടും ലീഡ് ചെയ്തു. 78-ാം മിനിറ്റില്‍ ബ്രസീലില്‍ നിന്നുള്ള ഗബ്രിയേല്‍ ജെസ്യൂസ് നേടിയ ഗോളോടെ ക്വാട്ട പൂര്‍ത്തിയാക്കി. ആഴ്‌സണല്‍ നാല് ഗോളും നേടിയ ശേഷമായിരുന്നു ആസ്റ്റണ്‍ വില്ലയുടെ ആശ്വാസ ഗോള്‍. സ്‌റ്റോപ്പേജ് സമയത്ത് ഓല്ലീ വാറ്റ്കിന്‍സ് ആണ് ഗോള്‍ നേടിയത്.
ആഴ്‌സണല്‍ തട്ടകം എമിറേറ്റ്‌സ് സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. ജയത്തോടെ 19 കളികളില്‍ നിന്നും ആഴ്‌സണല്‍ 45 പോയിന്റ് നേടിക്കൊണ്ട് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. തൊട്ടുതാഴെയുള്ള മാഞ്ചസ്റ്റര്‍ സിറ്റിയെക്കാള്‍ പോയിന്റ് വ്യത്യാസം അഞ്ചായി ഉയര്‍ന്നു.
സിറ്റി 18 മത്സരങ്ങളില്‍ നിന്നാണ് 40 പോയിന്റ് നേടിയിരിക്കുന്നത്. പട്ടികയില്‍ 39 പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള ടീം ആണ് ആസ്റ്റണ്‍ വില്ല.
ലീഗില്‍ ഇന്നലെ നടന്ന മറ്റ് പോരാട്ടങ്ങളില്‍ യുണൈറ്റഡ് വുല്‍വ്‌സിനോട് സമനില വഴങ്ങി. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് സമനില പാലിച്ചത്. മറ്റൊരു വമ്പന്‍ ടീം ചെല്‍സിക്കും സമനില വഴങ്ങേണ്ടിവന്നു. ബൗണ്‍മൗത്തിന് മുന്നില്‍ രണ്ട് ഗോള്‍ സമനിലയാണ് ചെല്‍സി വഴങ്ങിയത്. പട്ടികയില്‍ ലിവര്‍പൂളിന് തൊട്ടുതാഴെ 30 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ചെല്‍സി.
വെസ്റ്റാം ബ്രൈറ്റണ്‍ മത്സരവും ഇന്നലെ സമനിലയില്‍ പിരിഞ്ഞു. നോട്ടിങ്ങാം ഫോറസ്റ്റിനെ നേരിട്ട എവര്‍ട്ടണ്‍ 2-0ന്റെ വിജയം സ്വന്തമാക്കി. മറ്റൊരു മത്സരത്തില്‍ ബണ്‍ലി ന്യൂകാസിലിനെ 3-1ന് തകര്‍ത്തു.









