
ലണ്ടന്‍: പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ ചെല്‍സി ക്ലബ്ബ് മാനേജ്‌മെന്റ് ടീമിന്റെ ഇറ്റാലിയന്‍ കോച്ച് എന്‍സോ മരേസ്‌കയെ പുറത്താക്കി. മാസങ്ങള്‍ക്ക് മുമ്പ് ക്ലബ്ബ് ലോകകിരീടവും കഴിഞ്ഞ സീസണ്‍ യുവേഫ കോണ്‍ഫറസ് ലീഗും നേടിക്കൊടുത്ത പരിശീലകനാണ് മരേസ്‌ക.
പ്രീമിയര്‍ ലീഗില്‍ തുടര്‍ തോല്‍വി നേരിടുന്നുവെന്ന് കണ്ടാണ് ക്ലബ്ബിന്റെ കടുത്ത നടപടി. ഏറ്റവും ഒടുവില്‍ നടന്ന ഏഴ് പ്രീമിയര്‍ ലീഗ് പോരാട്ടങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ചെല്‍സിക്ക് ജയിക്കാനായത്. പോയിന്റ് പട്ടികയില്‍ 30 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ചെല്‍സി. ഞായറാഴ്‌ച്ച കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയുമായി ഏറ്റുമുട്ടാനിരിക്കെയാണ് കോച്ചിനെ പുറത്താക്കിയിരിക്കുന്നത്.
മരേസ്‌കയുടെ കാലത്ത് ക്ലബ്ബ് മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ പ്രീമിയര്‍ ലീഗില്‍ ആദ്യ നാല് സ്ഥാനങ്ങള്‍ക്കുള്ളിലെത്തി വരും സീസണ്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യതയെങ്കിലും ഉറപ്പിക്കാന്‍ ടീമിന് സാധിക്കണം. സീസണില്‍ ടീം തുടര്‍ന്നുകൊണ്ടിരിക്കുന്ന മോശം പ്രകടനം മറികടന്ന് മികച്ചൊരു തിരിച്ചുവരവ് അനിവാര്യമാക്കണം. ഇതെല്ലാം മുന്നില്‍ കണ്ടാണ് കോച്ചുമായി വേര്‍പിരിയാന്‍ തീരുമാനിച്ചതെന്ന് ചെല്‍സി മാനേജ്‌മെന്റ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. 45കാരനായ മരേസ്‌കയുടെ കാലയളവില്‍ ചെല്‍സി 92 മത്സരങ്ങളില്‍ കളിച്ചു. 55 മത്സരങ്ങളില്‍ വിജയിച്ചപ്പോള്‍ 16 കളികള്‍ സമനിലയിലായി. 21 എണ്ണത്തില്‍ പരാജയം നേരിട്ടു.









