
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ നീണ്ടുപോകുന്ന സാഹചര്യത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ ടീം വിട്ടു. ലോണ്‍ അടിസ്ഥാനത്തില്‍ വിദേശ ടീമിലേക്ക് മാറിയതായി ഐഎസ്എല്‍ ക്ല്ബ്ബ് കേരള ബ്ലാസ്‌റ്റേഴ്‌സ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ലാറ്റിനമേരിക്കന്‍ രാജ്യം ഉറുഗ്വേയില്‍ നിന്നുള്ള താരമാണ് ലൂണ.
2025-26 സീസണിലേക്ക് മാത്രമായാണ് ലൂണ ലോണ്‍ അടിസ്ഥാനത്തില്‍ പോകുന്നത്. ലോണ്‍ അടിസ്ഥാനത്തില്‍ മറ്റൊരു ക്ലബ്ബില്‍ കളിക്കാന്‍ പോയാല്‍ സീസണ്‍ കഴിയുമ്പോള്‍ സ്വാഭാവികമായും പഴക ക്ലബ്ബില്‍ തിരിച്ചെത്തുന്നതാണ് രീതി. എന്നാല്‍ ലൂണ വീണ്ടും ബ്ലാസ്റ്റേഴ്‌സില്‍ തിരിച്ചെത്തുമോയെന്ന കാര്യത്തില്‍ ക്ലബ്ബ് അധികൃതര്‍ ഒരു വ്യക്തതയും നല്‍കിയിട്ടില്ല.
2021ലാണ് ലൂണ ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ചേര്‍ന്നത്. ആകെ 71 മത്സരങ്ങളില്‍ കളിച്ചു 15 ഗോളുകള്‍ നേടി.
ഐഎസ്എല്‍ അനിശ്ചിതത്വം തുടരുന്നതിനാലാണ് ലൂണ ക്ലബ്ബ് വിട്ടുപോയതെന്ന് സൂചനകളുണ്ട്. സപ്തംബറില്‍ തുടങ്ങേണ്ട ഐഎസ്എല്‍ സീസണ്‍ സാങ്കേതിക കാരണങ്ങളാണ്‍ നീണ്ടുപോകുകയാണ്. നിലവില്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍(എഐഎഫ്എഫ്) മുന്‍കൈയ്യെടുത്ത് ഇത്തവണ മത്സരങ്ങളുടെ എണ്ണം കുറച്ച് ചെറിയ പതിപ്പായി നടത്താമെന്ന ആലോചനയിലാണ് എഐഎഫ്എഫ്. മാസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഹോം, എവേ പോരാട്ടങ്ങള്‍ക്ക് പകരം മൂന്ന് വേദികളിലായി മത്സരങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്ന രീതിയാണ് എഐഎഫ്എഫ് ഉദ്ദേശിക്കുന്നത്. സാങ്കേതികമായ പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം അടുത്ത സീസണ്‍ മുതല്‍ യൂറോപ്യന്‍ ശൈലിയില്‍ ഒരു വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ലീഗ് ഫുട്‌ബോള്‍ രീതി നടപ്പാക്കാമെന്ന കണക്കുകൂട്ടലും എഐഎഫ്എഫിനുണ്ട്. എന്നാല്‍ ഇത്തവണ ചെറിയ രീതിയില്‍ നടപ്പിലാക്കുന്ന ലീഗിനോട് സഹകരിക്കണമെന്ന് എഐഎഫ്എഫ് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. മത്സരം അനിശ്ചിതത്വത്തിലായിരിക്കെ ലൂണയെ കൂടാതെ മറ്റ് പല ക്ലബ്ബിലെയും വിദേശ താരങ്ങള്‍ ക്ലബ്ബ് വിട്ടുപോകുന്നതിനുള്ള തീരുമാനത്തിലാണ്. ബെംഗളൂരു എഫ്‌സിയുടെ എഡ്ഗാര്‍ മെന്‍ഡെസ്, കോച്ച് ജെറാര്‍ഡ് സറഗോസ എന്നിവരും ടീം വിട്ടുപോയിട്ടുണ്ട്.









