
മുംബൈ: ന്യൂനപക്ഷമായ ഹിന്ദുക്കളെ ജീവനോടെ ചുട്ടുകൊല്ലുന്ന ബംഗ്ലാദേശിനോട് ഭാരത സർക്കാർ പ്രതിഷേധ നിലപാട് സ്വീകരിക്കുമ്പോൾ
ബംഗ്ലാദേശ് കളിക്കാരനായ മുസ്തഫിസൂർ റഹ്മാനെ ക്രിക്കറ്റ് ടീമിൽ ഉൾപ്പെടുത്തിയതിൽ ഷാരൂഖ് ഖാനെതിരേ ബിജെപി.
ബംഗ്ലാദേശ് പേസർ മുസ്തഫിസൂർ റഹ്മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്രിക്കറ്റ് ടീമിൽ ഉൾപ്പെടുത്തിയത് ഉടമകളിലൊരാളായ ഷാരൂഖ് ഖാന്റെ അറിവോടെയും സമ്മതത്തോടെയുമാണെന്നാണ് ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ ആയ സംഗീത് സോമിന്റെ വിലയിരുത്തൽ. ഈ നീക്കം അംഗീകരിക്കാനാകില്ലെന്നും തീരുമാനത്തെ പിന്തുണച്ച ഷാരൂഖിനെ ‘രാജ്യദ്രോഹി’യെന്നും എംഎൽഎ വിശേഷിപ്പിച്ചു.
ബംഗ്ലാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്ന ഖാലിദ സിയയുടെ അന്ത്യോപചാര ചടങ്ങിൽ ഔദ്യോഗികമായി പങ്കെടുത്ത വിദേശകാര്യമന്ത്രി എസ്. ജയശങ്കർ താൽക്കാലിക പ്രധാനമന്ത്രി മുഹമ്മദ് യൂനുസിനെ കാണാൻ തയാറാകാഞ്ഞതും ബംഗ്ലാദേശ് സർക്കാരിന്റെ ഭാരത വിരുദ്ധ പ്രവർത്തനങ്ങളോടുള്ള ഭാരത സർക്കാരിന്റെ പ്രതിഷേധം പ്രകടിപ്പിക്കൽകൂടിയായിരുന്നു.
ബംഗ്ലാദേശിൽനിന്നുള്ള ഇത്തരം കളിക്കാർക്ക് ഭാരതത്തിൽ പിന്തുണ ലഭിക്കില്ലെന്ന് ഉറപ്പിച്ച് പറയുന്നു. തന്റെ വിജയത്തിന്റെ വേരുകൾ എവിടെനിന്നാണെന്ന് ഷാരൂഖ് മറന്നു. നിങ്ങൾ ഈ സ്ഥാനത്ത് എത്തിയതിന് പിന്നിൽ ഈ രാജ്യത്തെ ജനങ്ങളാണെന്ന് ഷാരൂഖിനെപ്പോലുള്ള രാജ്യദ്രോഹികൾ മനസ്സിലാക്കണം. ഇത് ഈ രാജ്യം സഹിക്കില്ല. ഇത്തരക്കാർക്ക് ഇവിടെ സ്ഥാനവും ഉണ്ടാകില്ല.’ ഒരു പൊതുയോഗത്തിൽ സംസാരിക്കവെ സംഗീത് സോം പറഞ്ഞു.
മിനി ലേലത്തിൽ 9.20 കോടിക്കാണ് കെകെആർ മുസ്തഫിസുർ റഹ്മാനെ സ്വന്തമാക്കിയത്. ഐപിഎൽ ലേലത്തിൽ കരാർ ലഭിച്ച ഏക ബംഗ്ലാദേശ് ക്രിക്കറ്റ് താരമാണ് മുസ്തഫിസൂർ. നേരത്തെ, താരത്തെ കളിപ്പിച്ചാൽ ഐപിഎൽ മത്സരങ്ങൾ തടസ്സപ്പെടുത്തുമെന്ന് ഉജ്ജയിനിയിലെ മതനേതാക്കളും ഭീഷണി മുഴക്കിയിരുന്നു. ഈ വിഷയങ്ങളിലൊന്നും ബിസിസിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല.









