
കാസാബ്ലാങ്ക: ആഫ്രിക്കന്‍ വന്‍കരയിലെ ഫുട്‌ബോള്‍ മാമാങ്കം ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സിന്റെ പ്രാഥമിക റൗണ്ട് പോരാട്ടങ്ങള്‍ അവസാനിച്ചു. ഒടുവില്‍ നടന്ന ഗ്രൂപ്പ് എഫിലെ മത്സരങ്ങളില്‍ ഐവറി കോസ്റ്റും കാമറൂണും ജയത്തോടെ നോക്കൗട്ട് ബെര്‍ത്ത് ഉറപ്പിച്ചു. നാളെ മുതല്‍ നോക്കൗട്ട് മത്സരങ്ങള്‍ ആരംഭിക്കും.
ഇന്നലെ നടന്ന മത്സരത്തില്‍ ഗബോണിനെ 3-2ന് കീഴടക്കിയാണ് ഐവറി കോസ്റ്റ് ഗ്രൂപ്പ് എഫില്‍ നിന്നും ജേതാക്കളായി നോക്കൗട്ടിലേക്ക് മുന്നേറിയത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പിന്നിലായ ശേഷം ഗംഭീര തിരിച്ചുവരവിലൂടെയാണ് ഐവറി കോസ്റ്റ് നിര്‍ണായക ജയം നേടിയെടുത്തത്. 11-ാം മിനിറ്റില്‍ ഗ്വെയര്‍ കാംഗയും 21-ാം മിനിറ്റില്‍ ഡെനിസ് ബൂവാംഗയും നേടിയ ഗോളുകളിലാണ് ഗബോണ്‍ മുന്നിലെത്തിയത്. മത്സരത്തിന്റെ 44-ാം മിനിറ്റില്‍ ജീന്‍ ഫിലിപ്പെ ക്രാസോ നേടിയ ഗോളില്‍ ഐവറി കോസ്റ്റ് ആദ്യ പകുതി പിരിയും മുമ്പേ ഒരു ഗോള്‍ മടക്കി. തുടര്‍ന്ന് മത്സരം പുരോഗമിക്കവെ 84-ാം മിനിറ്റിലാണ് ഐവറി കോസ്റ്റ് സമനില ഗോള്‍ സ്വന്തമാക്കിയത്. എവാന്‍ ഗ്വെസ്സാന്‍ഡ് സ്‌കോര്‍ ചെയ്തു. സ്‌റ്റോപ്പേജ് സമയത്ത് ബസൂമാനാ ടൗര്‍ നേടിയ ഗോളില്‍ ഐവറി കോസ്റ്റ് വിജയം ഉറപ്പിച്ചു. ഐവറി കോ്‌സ്റ്റ് ഒരു പക്ഷേ തോറ്റിരുന്നെങ്കില്‍ നാല് പോയിന്റുമായി രണ്ടാം സ്ഥാനക്കാരായെങ്കിലും നോക്കൗട്ടില്‍ കയറിപറ്റാനാകുമായിരുന്നു.
ഗ്രൂപ്പ് എഫില്‍ നടന്ന മറ്റൊരു മത്സരം കൂടുതല്‍ കലുഷിത സാഹചര്യത്തിലായിരുന്നു. കാമറൂണും മൊസാബിക്യുവും ഏറ്റുമുട്ടിയ പോരാട്ടത്തില്‍ ജയിക്കുന്നവരേ നോക്കൗട്ട് ഉറപ്പിക്കൂ എന്നായിരുന്നു അവസ്ഥ. 2-1ന് കാമറൂണ്‍ ജയിച്ച പോരാട്ടത്തില്‍ ആദ്യം സ്‌കോര്‍ ചെയ്തത് മോസാംബിക്യു ആയിരുന്നു. 23-ാം മിനിറ്റില്‍ ജെനി കറ്റാമോ ഗോള്‍ നേടി. അഞ്ച് മിനിറ്റിനകം ദാന ഗോളില്‍ കാമറൂണ്‍ ഒപ്പമെത്തി. സ്വന്തം പോസ്റ്റിന് തൊട്ടുമുന്നില്‍ പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച മൊസാബിക്യു മിഡ്ഫീല്‍ഡര്‍ നെനെയ്‌ക്ക് പിഴച്ചു. പന്ത് സ്വന്തം വലയില്‍ കയറി.
രണ്ടാം പകുതിയില്‍ ജര്‍മന്‍ ബുന്ദെസ് ലിഗ ടീം ബയെര്‍ ലെവര്‍കുസെന്‍ ഫോര്‍വേഡ് ക്രിസ്റ്റ്യന്‍ കൊഫാനെ നേടിയ മികച്ചൊരു ലോങ് റേഞ്ചറിലൂടെ കാമറൂണിന് ലീഡ് സമ്മാനിച്ചു. പിന്നീട് ഇരുഭാഗത്തേക്കും ഗോളുകളൊന്നും വീണില്ല. ഒടുവില്‍ ഗ്രൂപ്പ് എഫില്‍ നിന്നും രണ്ടാം സ്ഥാനക്കാരായി കാമറൂണ്‍ പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ചു.
പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍
മാലി-ടുണീഷ്യ
സെനഗല്‍-സുഡാന്‍
ഈജിപ്ത്-ബെനിന്‍
ഐവറി കോസ്റ്റ്-ബുര്‍കിന ഫാസോ
ദക്ഷിണാഫ്രിക്ക-കാമറൂണ്‍
മൊറോക്കോ-ടാന്‍സാനിയ
അല്‍ജീരിയ-ഡിആര്‍ കോംഗോ
നൈജീരിയ-മൊസാംബിക്യു









