
ന്യൂദല്‍ഹി: രാജ്യത്തെ അംഗീകൃത കായിക സ്ഥാപനങ്ങളെയും സംഘടനകളെയുമെല്ലാം ഒരു ചട്ടക്കൂടിന് കീഴില്‍ കൊണ്ടുവരുന്ന ദേശീയ കായിക ഭരണ നിയമം ഭാഗികമായി നടപ്പിലാക്കി തുടങ്ങി. ഇന്നലെ മുതല്‍ ഭാഗികമായി നടപ്പിലാക്കിയിട്ടുള്ള നിയമം പ്രകാരം കായിക ഫെഡറേഷനുകളെ നിയന്ത്രിക്കുന്നതിനും അംഗീകാരം നല്‍കുന്നതിനുമുള്ള ചുമതല ദേശീയ കായിക ബോര്‍ഡി(എന്‍എസ്ബി)നായിരിക്കും. സംഘടനകളുടെ തെരഞ്ഞെടുപ്പ്, ഭരണം എന്നിവയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ദേശീയ കായിക ട്രൈബ്യൂണലും(എന്‍എസ്ടി) നിയമത്തിന്റെ ഭാഗമായി ഉണ്ടാകും. ഒരു സിവില്‍ കോടതിക്ക് തുല്യമായായിരിക്കും ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനങ്ങള്‍.
കഴിഞ്ഞ ആഗസ്ത് 18നാണ് ദേശീയ കായിക ഭരണ നിയമം പ്രാബല്യത്തിലായത്. കേന്ദ്ര കായിക മന്ത്രി മന്‍സൂഖ് മാണ്ഡവ്യയുടെ നേതൃത്വത്തില്‍ രൂപപ്പെടുത്തിയ നിയമം ഭാരതത്തിലെ കായിക സംഘടനകളെ കൃത്യമായൊരു ചട്ടക്കൂടിനുള്ളില്‍ കൊണ്ടുവരാന്‍ ഉദ്ദേശിച്ചാണ് നടപ്പാക്കുന്നത്. ദേശീയ കായിക സംഘടനകള്‍ക്കൊപ്പം നാഷണല്‍ ഒളിംപിക് കമ്മറ്റി, നാഷണല്‍ പാരാലിംപിക് കമ്മിറ്റി, നാഷണല്‍ സ്‌പോര്‍ട് ഫെഡറേഷനുകള്‍, പ്രാദേശിയ സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ എന്നിവയുടെയെല്ലാം പ്രവര്‍ത്തനം ഈ നിയമത്തിന് കീഴില്‍ വരും.
നിയമങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ദേശീയ കായിക ബോര്‍ഡും പ്രവര്‍ത്തന സജ്ജമാകേണ്ടതുണ്ട്. അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. പുതുവര്‍ഷ ദിനത്തില്‍ ഇതിന്റെ തുടക്കമിടുകയാണുണ്ടായിട്ടുള്ളത്. വരും മാസങ്ങള്‍ക്കകം ബോര്‍ഡിനെ മുന്നില്‍ നിന്ന് നയിക്കുന്ന ആധ്യക്ഷന്‍ അടക്കമുള്ളവരെ ചുമതലപ്പെടുത്തി കൃത്യമായി പ്രവര്‍ത്തനം സജ്ജമാക്കാനുള്ള നീക്കങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.









