
അഹമ്മദാബാദ്: സഞ്ജു സാംസണും രോഹന്‍ കന്നുമ്മലും അവസാനം ആപ്പിള്‍ നിര്‍മല്‍ ടോമും നിറഞ്ഞാടിയ പോരാട്ടത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ ജാര്‍ഖണ്ഡിനെതിരെ കേരളത്തിന് രണ്ട് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം. ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡ് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെടുത്തപ്പോള്‍ കേരളം 42.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് അനായാസ വിജയം നേടുകയായിരുന്നു കേരളം. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് കേരളം 300-ലധികം റണ്‍സ് പിന്തുടര്‍ന്ന് വിജയിക്കുന്നത്. ഈ സീസണിലെ സയ്യിദ് മുഷ്താഖ് അലി ടൂര്‍ണ്ണമെന്റിലടക്കം ചാമ്പ്യന്മാരായ കരുത്തരായ ജാര്‍ഖണ്ഡിനെയാണ് കേരളം അനായാസം മുട്ടുകുത്തിച്ചത്. സെഞ്ച്വറി നേടിയ രോഹന്‍ കുന്നുമ്മലാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍ അടക്കം ഫോമിലേക്ക് ഉയരാതെ പോയ മത്സരത്തില്‍ കുമാര്‍ കുശാഗ്രയും അനുകൂല്‍ റോയിയും ചേര്‍ന്ന തകര്‍പ്പന്‍ കൂട്ടുകെട്ടാണ് ഝാര്‍ഖണ്ഡിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഝാര്‍ഖണ്ഡിന് 20 റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി. 13 റണ്‍സെടുത്ത ശിഖര്‍ മോഹനെ ഏദന്‍ ആപ്പിള്‍ ടോമും ആറ് റണ്‍സെടുത്ത ഉത്കര്‍ഷ് സിങ്ങിനെ എം.ഡി. നിധീഷും പുറത്താക്കി. 15 റണ്‍സെടുത്ത വിരാട് സിങ് കൂടി പുറത്തായതോടെ മൂന്ന് വിക്കറ്റിന് 65 റണ്‍സ് എന്ന നിലയിലായിരുന്നു ഝാര്‍ഖണ്ഡ്.
നാലാം വിക്കറ്റില്‍ ഇഷാന്‍ കിഷനും കുമാര്‍ കുശാഗ്രയും ചേര്‍ന്ന് 46 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 21 റണ്‍സെടുത്ത ഇഷാന്‍ കിഷനെ ബാബ അപരാജിത് റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കി. മത്സരത്തില്‍ കേരളം പിടിമുറുക്കുന്നുവെന്ന് തോന്നിച്ച ഘട്ടത്തില്‍ ഒത്തുചേര്‍ന്ന കുമാര്‍ കുശാഗ്രയും അനുകൂല്‍ റോയിയും ചേര്‍ന്ന് നേടിയ 176 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഝാര്‍ഖണ്ഡിന്റെ സ്‌കോര്‍ 311-ല്‍ എത്തിച്ചത്. അനുകൂല്‍ റോയി 72 റണ്‍സെടുത്തപ്പോള്‍ കുമാര്‍ കുശാഗ്ര 143 റണ്‍സുമായി പുറത്താകാതെ നിന്നു. 137 പന്തുകളില്‍ എട്ട് ഫോറും ഏഴ് സിക്‌സും അടങ്ങുന്നതായിരുന്നു കുശാഗ്രയുടെ ഇന്നിങ്‌സ്. കേരളത്തിന് വേണ്ടി എം.ഡി. നിധീഷ് നാലും ബാബ അപരാജിത് രണ്ട് വിക്കറ്റും വീഴ്‌ത്തി.
മറുപടി ബാറ്റിങ്ങില്‍ കേരളത്തിന് ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മലും സഞ്ജു സാംസണും ചേര്‍ന്ന് സ്വപ്‌നതുല്യമായ തുടക്കമാണ് നല്‍കിയത്. 13-ാം ഓവറില്‍ തന്നെ കേരളത്തിന്റെ സ്‌കോര്‍ 100 കടന്നു. വെറും 59 പന്തുകളില്‍ നിന്ന് രോഹന്‍ സെഞ്ച്വറി തികച്ചു. മറുവശത്ത് സഞ്ജുവും കൂറ്റന്‍ ഷോട്ടുകളുമായി കളം നിറഞ്ഞതോടെ 24-ാം ഓവറില്‍ കേരളം 200-ല്‍ എത്തി. സ്‌കോര്‍ 212-ല്‍ നില്‍ക്കെ 124 റണ്‍സെടുത്ത രോഹന്‍ പുറത്തായി. 78 പന്തുകളില്‍ നിന്ന് എട്ട് ഫോറും 11 സിക്‌സും അടങ്ങുന്നതായിരുന്നു രോഹന്റെ ഇന്നിങ്‌സ്. ഇതിലൂടെ വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് വേണ്ടി ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ റെക്കോര്‍ഡിനൊപ്പവും (11 സിക്‌സുകള്‍) രോഹന്‍ എത്തി. 2019-ല്‍ ഛത്തീസ്ഗഢിനെതിരെ വിഷ്ണു വിനോദ് സ്ഥാപിച്ച റെക്കോര്‍ഡിനൊപ്പമാണ് രോഹന്‍ എത്തിയത്.
മറുവശത്ത് സെഞ്ച്വറി പൂര്‍ത്തിയാക്കി അധികം വൈകാതെ സഞ്ജു സാംസണും പുറത്തായി. 95 പന്തുകളില്‍ നിന്ന് ഒന്‍പത് ഫോറും മൂന്ന് സിക്‌സും അടക്കം 101 റണ്‍സാണ് സഞ്ജു നേടിയത്. തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ബാബ അപരാജിത്തും (41*) വിഷ്ണു വിനോദും (40*) ചേര്‍ന്ന് 43-ാം ഓവറില്‍ കേരളത്തെ അനായാസം ലക്ഷ്യത്തിലെത്തിച്ചു









