
വാരാണസി: എഴുപത്തിരണ്ടാമത് ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഇന്ന് വാരാണസിയില്‍ തുടങ്ങും. സ്വന്തം ലോക്‌സഭാ മണ്ഡലത്തില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങില്‍ പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളെയും സ്ഥാപനങ്ങളെയും പ്രതിനിധീകരിച്ച് 52 ടീമുകള്‍ പങ്കെടുക്കും. 1000 താരങ്ങളാണ് 11 മുതല്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.
കിരീടപ്രതീക്ഷയുമായാണ് കേരളത്തിന്റെ പുരുഷ വനിതാ ടീമുകള്‍ മാറ്റുരയക്കാനെത്തുന്നത്. ടീമുകള്‍ ഇതിനോടകം കാശിയിലെത്തിക്കഴിഞ്ഞു.
കേരള പുരുഷ ടീമിന്റെ പരിശീലകന്‍ മുത്തൂറ്റ് വോളിബോള്‍ അക്കാഡമി ടെക്‌നിക്കല്‍ ഡയറക്ടര്‍ കൂടി ആയ ബിജോയ് ബാബുവാണ്. മുന്‍പ് ദേശീയ മത്സരങ്ങളില്‍ കേരളത്തിന്റെ വിവിധ ടീമുകളെ വിജയത്തിലെത്തിച്ച പരിശീലകന്‍ കൂടി ആണ്.

ടീമിനെ ആലപ്പുഴ ചേര്‍ത്തല മുഹമ്മ സ്വദേശി ടി. ആര്‍ സേതു നയിക്കും. ഏഴാം തവണ സീനിയര്‍ ടീമിന്റെ ഭാഗം ആവുന്ന സേതു നിലവില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ആണ്. പ്രൈം വോളിബോള്‍ ലീഗില്‍ ഇത്തവണ ബാംഗ്ലൂര്‍ ടോര്‍പ്പിഡോസ് കിരീടത്തില്‍ മുത്തമിടുമ്പോള്‍ നിര്‍ണ്ണായക സാന്നിധ്യം ആയിരുന്നു.
വനിതാ വോളിബോള്‍ ടീമിനെ കോഴിക്കോട് ചെറുവറ്റ സ്വദേശിനിയും ചെന്നൈ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥയും ആയ കെ. പി. അനുശ്രീ നയിക്കും. ഒന്‍പതാം തവണ കേരളത്തിന്റെ കുപ്പായത്തില്‍ കളിക്കാനിറങ്ങുന്ന അനുശ്രീ ഇന്ത്യന്‍ ടീം നായക പദവിയും അലങ്കരിച്ചിട്ടുണ്ട്. മികച്ച ടീമുമായെത്തുന്ന കേരളത്തിനു തന്നെയാണ് കിരീടസാധ്യത ഏറെ കല്‍പ്പിക്കപ്പെടുന്നത്. സര്‍വീസസ് ടീമിലും ധാരാളം മലയാളി താരങ്ങള്‍ അണിനിരക്കുന്നുണ്ട്. വരാപ്പുഴയിലെ കഠിന പരിശീലനത്തിനു ശേഷമാണ് ടീമുകള്‍ വാരണാസിയിലെത്തിയിരിക്കുന്നത്. കിരീടം നേടുമെന്നു തന്നെയാണ് പ്രതീക്ഷയെന്ന് പരിശീലകന്‍ ബിജോയ് ബാബു പറഞ്ഞു.









