
സിഡ്‌നി: മഴയും ഇടിമുഴക്കവും വെളിച്ചക്കുറവും പ്രതിസന്ധി തീര്‍ത്ത ആഷസ് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിന്റെ ആദ്യദിനം കളി നടന്നത് വെറും 45 ഓവര്‍ മാത്രം. തുടക്കത്തിലേ മൂന്ന് വിക്കറ്റ് വീണ ഇംഗ്ലണ്ടിനെ മധ്യനിര ബാറ്റര്‍മാരായ ജോ റൂട്ടും ഹാരി ബ്രൂക്കും ചേര്‍ന്ന് ഗംഭീരമായി മുന്നോട്ടു നയിച്ചു. മത്സരം രണ്ടാം ദിവസത്തിലേക്ക് തിരിയുമ്പോള്‍ ഏഴ് വിക്കറ്റ് കൈയ്യിലിരിക്കെ 211 റണ്‍സിലെത്തിയതിന്റെ ആശ്വാസത്തിലാണ് ഇംഗ്ലണ്ട്.
ഒരുപക്ഷേ മത്സരം പൂര്‍ണമായും നടന്നിരുന്നെങ്കില്‍ ഇംഗ്ലണ്ടിന് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ടേനെ.
ടോസ് ഇംഗ്ലണ്ടിനായിരുന്നു. ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച് ക്രീസിലിറങ്ങിയെങ്കിലും സാക്ക് ക്രൗളി(16)യും ബെന്‍ ഡക്കറ്റും(27) ജേക്കബ് ബെതലും 13 ഓവര്‍ ആകുമ്പേഴേക്കും പവിലിയനില്‍ തിരിച്ചെത്തി. ഇംഗ്ലണ്ട് സ്‌കോര്‍ 35ലെത്തിയപ്പോള്‍ ഡക്കെറ്റിനെയാണ് ആദ്യം നഷ്ടമായത്. സ്റ്റാര്‍കിന്റെ പന്തില്‍ അലക്‌സ് കാരി പിടികൂടി. ടീം ടോട്ടല്‍ അര്‍ദ്ധ സെഞ്ചുറി കടന്ന ഉടനെ മറ്റൊരു ഓപ്പണര്‍ സാക് ക്രൗളിയും പുറത്തേക്ക്. മൈക്കല്‍ നെസര്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി. ജേക്കബ് ബെതലി(10)നെ സ്‌കോട്ട് ബോളണ്ട് ആണ് പുറത്താക്കിയത്. ഇതോടെ ഇംഗ്ലണ്ട് മൂന്നിന് 57 എന്ന നിലയില്‍ പരുങ്ങി. നാലാം വിക്കറ്റില്‍ ക്രീസില്‍ ഒന്നിച്ച പരിചയ സമ്പന്നരായ ജോ റൂട്ടും ഹാരി ബ്രൂക്കും ചേര്‍ന്ന് ടീമിനെ മുന്നോട്ടുകൊണ്ടുപോയി. മത്സരത്തിന്റെ ആദ്യ ദിനം വളരെ നേരത്തെ നിര്‍ത്തേണ്ടിവരുമ്പോള്‍ ഇംഗ്ലണ്ടിന് കൂടുതല്‍ നഷ്ടമുണ്ടാക്കാതെ കാക്കാന്‍ റൂട്ട്-ബ്രൂക്ക് സഖ്യത്തിന് സാധിച്ചു. ഇരുവരും ചേര്‍ന്ന് പിരിയാതെ നേടിയിരിക്കുന്നത് 154 റണ്‍സ്. 103 പന്തുകള്‍ നേരിട്ട റൂട്ട് 72 റണ്‍സും 92 പന്തുകള്‍ നേരിട്ട ബ്രൂക്ക് 78 റണ്‍സുമെടുത്തിട്ടുണ്ട്.









