
അഗാദിര്‍: സൂപ്പര്‍ താരം മുഹമ്മദ് സലാ നേടിയ വിജയഗോളില്‍ ഈജിപ്ത് ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് സെമിയിലെത്തി. ക്വാര്‍ട്ടറില്‍ ഐവറി കോസ്റ്റിനെ 3-2ന് തോല്‍പ്പിച്ച മത്സരത്തില്‍ ഈജിപ്തിനായി മൂന്നാം ഗോള്‍ നേടിയത് സലാ ആയിരുന്നു.
കരിയറില്‍ ക്ലബ്ബ് ഫുട്‌ബോളില്‍ നിരവധി നേട്ടങ്ങള്‍ കൈമുതലായുള്ള മുഹമ്മദ് സലാ ദേശീയ ടീമിനായി കാര്യമായ സംഭവനകളൊന്നും ചെയ്തിട്ടില്ലെന്ന പരാതി ഉയര്‍ന്നുനില്‍ക്കെയാണ് ഇത്തവണത്തെ ഈജിപ്തിന്റെ മുന്നേറ്റം. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ആഫ്രിക്കന്‍ കപ്പില്‍ സലാ ഗോള്‍ നേടിയിരിക്കുന്നത്.
ഐവറി കോസ്റ്റിനെതിരെ ആദ്യ പകുതിയില്‍ ഈജിപ്ത് 2-1ന് മുന്നിട്ടു നിന്നു. രണ്ടാം പകുതി തുടങ്ങി അല്‍പ്പം കഴിഞ്ഞപ്പോഴായിരുന്നു സലാ ഗോളില്‍ ഈജിപ്ത് ലീഡ് ഉയര്‍ത്തിയത്. 52-ാം മിനിറ്റില്‍ മികച്ചൊരു മുന്നേറ്റത്തോടെ അത്യുജ്ജ്വലമായി ഫിനിഷ് ചെയ്യുകയായിരുന്നു സലാ. 3-1ന് മുന്നിലെത്തിയ ഈജിപ്തിനെതിരെ ഐവറി കോസ്റ്റ് 73-ാം മിനിറ്റില്‍ ഒരു ഗോള്‍ കൂടി നേടി.
നേരത്തെ മത്സരം തുടങ്ങി അധികം താമസിയാതെ ഈജിപ്ത് അക്കൗണ്ട് തുറന്നു. ഒമര്‍ മാര്‍മൂഷിന്റെ മികച്ചൊരു ഗോളിലാണ് ലീഡ് നേടിയത്. നന്നായി പൊരുതിയ ഐവറി കോസ്റ്റിനോട് ഈജിപ്ത് പൊരുതി നിന്നു. 32-ാം മിനിറ്റില്‍ ലീഡ് എതിരില്ലാത്ത രണ്ട് ഗോളാക്കി ഉയര്‍ത്തി. റാമി റാബിയ ആണ് ഗോള്‍ നേടിയത്. ഈ ഗോളിലേക്കുള്ള അസിസ്റ്റ് സലായില്‍ നിന്നായിരുന്നു. തുടര്‍ന്നും വിട്ടുകൊടുക്കാതെ ഐവറികൊസ്റ്റ് പൊരുതിക്കൊണ്ടിരുന്നു. 40-ാം മിനിറ്റില്‍ നടത്തിയ ശക്തമായ മുന്നേറ്റത്തിന്റെ ഫലമായി ഈജിപ്ത് പ്രതിരോധ താരം അഹമ്മദ് ഫത്തൂഹ് ദാന ഗോള്‍ വഴങ്ങി. മത്സരത്തില്‍ ഐവറി കോസ്റ്റിന്റെ ആദ്യ ഗോള്‍.
സലാ നേടിയ ഗോളോടെ ഐവറി കോസ്റ്റിന്റെ പോരാട്ടവീര്യത്തിന് മങ്ങലേറ്റു. പിന്നീട് ഒരു ഗോള്‍ നേടിയെങ്കിലും അനിവാര്യമായ അനിവാര്യമായ തോല്‍വിയിലേക്ക് ടീം പതിക്കുകയായിരുന്നു.
സെമി ലൈനപ്പ്: ഈജിപ്ത്-സെനഗല്‍, മൊറോക്കോ-നൈജീരിയ
റാബത്ത്: ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് സെമി പോരാട്ടങ്ങള്‍ ബുധനാഴ്ച രാത്രിയില്‍ നടക്കും. 10.30ന് നടക്കുന്ന ആദ്യ സെമിയില്‍ സെനഗല്‍ ഈജിപ്തിനെ നേരിടും. അന്നുതന്നെ രാത്രി 1.30ന് നടക്കുന്ന രണ്ടാം സെമിയില്‍ ആതിഥേയരായ മൊറോക്കോയെ നൈജീരിയ നേരിടും.
കഴിഞ്ഞ ദിവസം ക്വാര്‍ട്ടറില്‍ അല്‍ജീരിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് നൈജീരിയ സെമിയില്‍ പ്രവേശിച്ചത്. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ വിക്ടര്‍ ഒസിംഹനും അകോര്‍ ആദംസും നൈജീരിയക്കായി ഗോളുകള്‍ നേടി.
ക്വാര്‍ട്ടറില്‍ കാമറൂണിനെ തോല്‍പ്പിച്ചാ(2-0)ണ് മൊറോക്കോ സെമിയിലെത്തിയത്. സെനഗല്‍ മാലിയെ(1-0) തോല്‍പ്പിച്ചും അന്തിമ നാലില്‍ ഇടം കണ്ടെത്തി.









