
രാജ്‌കോട്ട്: ന്യൂസിലന്‍ഡിനെതിരായ ഭാരതത്തിന്റെ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ഉച്ചയ്‌ക്ക് 1.30ന് രാത്രിയും പകലുമായാണ് മത്സരം. രാജ്‌കോട്ടിലെ നിരഞ്ജന്‍ ഷാ സ്‌റ്റേഡിയം മത്സരത്തിനായി സജ്ജമായി കഴിഞ്ഞു.
ആഴ്‌ച്ചകള്‍ മാത്രമാണ് ട്വന്റി20 ലോകകപ്പിന് അവശേഷിക്കുന്നത്. അതിന് മുമ്പേ നടക്കുന്ന അവസാന ഏകദിന പരമ്പരയാണിത്. കരുത്തരായ ന്യൂസിലന്‍ഡിനെതിരായ ഈ പരമ്പര ഭാരത ടീമിന്റെ വരുന്ന ഏകദിന ലോകകപ്പിനുള്ള ഒരുക്കമാണെന്നതില്‍ സംശയമില്ല. ആദ്യ മത്സരത്തില്‍ വിരുന്നുകാരെ നാല് വിക്കറ്റിന് കീഴടക്കാന്‍ ഭാരതത്തിന് സാധിച്ചു. ഇന്നും വിജയം ആവര്‍ത്തിച്ചാല്‍ പരമ്പര സ്വന്തമാക്കാം.
പരമ്പരയ്‌ക്കപ്പുറം ആരാധകരും ഭാരത ക്രിക്കറ്റും ഉറ്റുനോക്കുന്ന ഘടകം രണ്ട് പരിചയ സമ്പന്നരുടെ മികവാണ്. മുന്‍ ക്യാപ്റ്റന്‍മാരായ വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മയുടെയും. 2027 ഏകദിന ലോകകപ്പില്‍ ഇരുവരും ഭാരത ടീമിന് പരിചയ സമ്പത്തിന്റെ നിറസാന്നിധ്യമായി ടീമില്‍ വേണമെന്ന അഭിപ്രായമുണ്ട്. എന്നാല്‍ ഇരുവരെയും മാറ്റിനിര്‍ത്തേണ്ടവരാണോ എന്ന് വിലയിരുത്താന്‍ കഴിയുന്ന അവസരമാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന ഏകദിന പരമ്പരകള്‍. അടുത്തിടെ ഓസ്‌ട്രേലിയക്കെതിരെ അവരുടെ നാട്ടിലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഭാരതത്തിലും രോ-കോ ഹിറ്റ് എന്ന പേരില്‍ രോഹിത്തും കോഹ്‌ലിയും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ പ്രകടനം കാഴ്‌ച്ചവച്ചിരുന്നു. ഇത് തുടരാനായാല്‍ ലോകകപ്പ് ടീമില്‍ ഇരുവരുടെയും സാന്നിധ്യം അനിവാര്യമായിരിക്കും. മറിച്ച് മങ്ങിയ പ്രകടനമാണെങ്കില്‍ ടീമിന് ബാധ്യതയാകും. ആ സ്ഥാനത്തേക്ക് മറ്റ് രണ്ട് പേരെ കണ്ടെത്തിവയ്‌ക്കാനുള്ള സമയവും ഇതു തന്നെയാണ്. കരുത്തന്‍ ന്യൂസിലന്‍ഡിനെതിരായ ഈ പരമ്പര പ്രധാനമായും ഇരുവരുടെയും ഏകദിന ലോകകപ്പ് സാന്നിധ്യം സംബന്ധിച്ചുള്ള നിര്‍ണായക തീരുമാനത്തിനുള്ള അവസരം കൂടിയാകുന്ന്ത് ഇതിനാലാണ്. ടെസ്റ്റ്, ട്വന്റി20 മത്സരങ്ങളില്‍ നിന്നും വിരമിച്ച രോഹിത്തും കോഹ്‌ലിയും ഇപ്പോള്‍ ഏകദിനത്തില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ച് വരികയാണ്. ആഭ്യന്തര ഏകദിന ക്രിക്കറ്റ് വിജയ് ഹസാരെ ട്രോഫിയിലും ഇരുവരും കളിച്ചിരുന്നു.
മറുവശത്ത് ലോക രണ്ടാം നമ്പര്‍ ടീം ആയ ന്യൂസിലന്‍ഡിന് ഇന്നത്തെ മത്സരം ജയിച്ചേ തീരൂ. മറിച്ചായാല്‍ പരമ്പര കൈവിട്ടുപോകും. ട്വന്റി20 ലോകകപ്പ് പടിക്കലെത്തിനില്‍ക്കെ ടീമിന്റെ ആത്മവിശ്വാസത്തെ ബാധിക്കുന്നതാകും ഇപ്പോള്‍ നടക്കുന്ന ഓരോ മത്സരങ്ങളും. അതിനാല്‍ ജീവന്‍ മരണ പോരാട്ടമായിരിക്കും കിവിപടകള്‍ കാഴ്‌ച്ചവയ്‌ക്കുക.









