
മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോള്‍ ടീം റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനത്ത് നിന്ന് സാബി അലോന്‍സോയെ ഒഴിവാക്കി. റയല്‍ ക്ലബ്ബ് അധികൃതരും അലോന്‍സോയും തമ്മില്‍ പരസ്പര ധാരണയോടെയായിരുന്നു തീരുമാനം.
സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ ബാഴ്‌സയോട് 2-3ന് പരാജയപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം തന്നെ കോച്ചിനെ ഒഴിവാക്കാനുള്ള തീരുമാനത്തില്‍ റയല്‍ എത്തിചേര്‍ന്നു. അല്‍വാരോ ആര്‍ബെലോവയ്‌ക്കാണ് റയലിന്റെ പരിശീലക ചുമതല. റയല്‍ മാഡ്രിഡിനും പ്രീമിയര്‍ ലീഗ് ക്ലബ്ബ് ലിവര്‍പൂളിനു വേണ്ടിയും കളിച്ചിട്ടുള്ള ആളാണ് അല്‍വാരോ ആര്‍ബെലോവ.
റയല്‍ പരിശീലക സ്ഥാനത്ത് ഏഴ് മാസം പിന്നിട്ട ശേഷമാണ് അലോന്‍സോയ്‌ക്ക് ഒഴിയേണ്ടിവന്നിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം സീസണിലാണ് സ്പാനിഷ് സൂപ്പര്‍ കപ്പില്‍ കിരീടം നേടാനാകാതെ വരുന്നത്. ഇതുവരെയുള്ള സ്പാനിഷ് ലാലിഗ പോരാട്ടങ്ങളില്‍ ടീം ബാഴ്‌സയ്‌ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ്. ചാമ്പ്യന്‍സ് ലീഗും കോപ്പ ഡെല്‍ റേയും അടക്കമുള്ള മത്സരങ്ങള്‍ സീസണില്‍ ഇനിയും ബാക്കിയുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് റയല്‍ ക്ലബ്ബ് അധികൃതര്‍ കടുത്ത തീരുമാനത്തിലേക്ക് കടന്നത്. അലോന്‍സോയ്‌ക്ക് മുമ്പ് ഇറ്റാലിയന്‍ പരിശീലകന്‍ കാര്‍ലോ ആഞ്ചെലോട്ടിക്കായിരുന്നു റയല്‍ കോച്ച്. ചാമ്പ്യന്‍സ് ലീഗ് അടക്കമുള്ള വമ്പന്‍ നേട്ടങ്ങള്‍ നേടിക്കൊടുത്ത അഞ്ചെലോട്ടിയും ക്ലബ്ബും തമ്മിലുള്ള കരാര്‍ കഴിഞ്ഞ സീസണോടെ അവസാനിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം ബ്രസീല്‍ ദേശീയ ടീം പരിശീലകനായി. ഈ ഒഴിവിലേക്കാണ് റയല്‍ മുന്‍ താരം കൂടിയായ അലോന്‍സോയ്‌ക്ക് അവസരം നല്‍കിയത്.









