
ലണ്ടന്‍: കരബാവോ കപ്പ് ഫുട്‌ബോളിന്റെ ആദ്യപാദ സെമിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി 2-0ന് വിജയിച്ചു. ന്യൂകാസിലിനെ അവരുടെ സ്റ്റേഡിയത്തില്‍ മുട്ടുകുത്തിച്ച സിറ്റി മത്സരത്തില്‍ രണ്ട് ഗോളിന് മുന്നിലായി. ഇവരുടെ രണ്ടാം പാദ സെമി അടുത്ത മാസം നാലിന് സിറ്റിയുടെ എത്തിഹാദ് സ്റ്റേഡിയത്തിലാണ്.
ആദ്യപാദ പോരാട്ടത്തില്‍ രണ്ടാം പകുതിയിലാണ് സിറ്റി രണ്ട് ഗോളുകളും നേടിയത്. കളിയില്‍ ആതിഥേയ ആധിപത്യം പുലര്‍ത്തിയ ന്യൂകാസില്‍ മികച്ച കുറേ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോളാക്കിമാറ്റാന്‍ സാധിക്കാതെ പോയി. പുതുതായി ക്ലബ്ബിലേക്കെത്തിയ ആന്റോയിന്‍ സെമെന്യോ ആണ് സിറ്റിക്കായി ആദ്യഗോള്‍ നേടിയത്. 53-ാം മിനിറ്റില്‍ ബെര്‍ണാന്‍ഡോ സില്‍വയില്‍ നിന്ന് പന്ത് സ്വീകരിച്ചായിരുന്നു സെമന്യോയുടെ ഗോള്‍ ആഘോഷം. മിനിറ്റുകള്‍ക്കകം സെമന്യോ കോര്‍ണര്‍ കിക്കില്‍ നിന്ന് വീണ്ടുമൊരു ഗോള്‍ കൂടി നേടിയെങ്കിലും വാര്‍ പരിശോധനയില്‍ നിഷേധിക്കപ്പെട്ടു. സ്റ്റോപ്പേജ് സമയത്ത് മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ റയാന്‍ ചെര്‍ക്കി സിറ്റിക്കായി മത്സരത്തിലെ രണ്ടാം ഗോള്‍ സമ്മാനിച്ചു.









